ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തങ്ങള്‍ക്ക് ഈ ജീവിതത്തില്‍ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് അറിയാന്‍ കഴിയാത്തത്ര ചെറുപ്പമാണ് അദാന സിറ്റി ഹോസ്പിറ്റലില്‍ പരിക്കേറ്റ് കഴിയുന്ന കുട്ടികളിലും പലരും. ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരുടേയും മാതാപിതാക്കള്‍ ഭൂകമ്പത്തില്‍ മരിച്ചവരോ ഇനിയും കണ്ടെത്താന്‍ കഴിയാത്തവരോ ആണ്. ഭൂകമ്പം അവരുടെ വീടും മാതാപിതാക്കളേയും നഷ്ടപ്പെടുത്തി എന്നു മാത്രമല്ല, ആ കുഞ്ഞുങ്ങളില്‍ പലര്‍ക്കും അവരുടെ മാതാപിതാക്കള്‍ സ്‌നേഹത്തോടെ നല്‍കിയ പേരു പോലും നഷ്ടപ്പെട്ടു എന്നു വേണം മനസിലാക്കാന്‍.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ കണ്ടെത്താനാകാത്ത ആറുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. അവളുടെ പേര് പക്ഷേ അവര്‍ക്കറിയില്ല. ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കായി കൈയ്യില്‍ കെട്ടിയിരിക്കുന്ന ടാഗില്‍ ‘അഞ്ജാത’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവള്‍ക്ക് ഒന്നിലധികം മുറിവുകളും ഒടിവുകളും ഉണ്ട്. മുഖത്തും സാരമായി മുറിവേറ്റിട്ടുണ്ട്. എങ്കിലും അവള്‍ തന്നെ പരിചരിക്കുന്നവരെ നോക്കി പുഞ്ചിരിക്കുകയാണ്.
‘ ഈ കുഞ്ഞിനെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നും എങ്ങനെ ഇവിടെ എത്തിച്ചെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവളുടെ വിലാസം കണ്ടെത്താന്‍ ഇപ്പോഴും ഞങ്ങള്‍ ശ്രമിക്കുകയാണ്’. ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധനും ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.കെസ്‌കിന്‍ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളില്‍ പലരും മറ്റ് പ്രദേശങ്ങളിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളാണ്. അവിടങ്ങളിലെയെല്ലാം ആശുപത്രികളും നിലംപൊത്തിയതിനാലാണ് അവരെയെല്ലാം അദാനയിലേക്ക് കൊണ്ടുവന്നത്. ദുരന്തമേഖലയിലെ പല മെഡിക്കല്‍ സെന്ററുകളും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. അതുകൊണ്ടു തന്നെ അദാന ഒരു റെസ്‌ക്യൂ ഹബ്ബായി മാറി. ഇസ്‌കെന്‍ഡറുണ്‍ നഗരത്തിലെ ഒരു ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് നവജാത ശിശുക്കളെയും ഇവിടെ എത്തിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്, രാജ്യത്തെ ദുരന്തമേഖലയിലുടനീളം നിലവില്‍ 260-ലധികം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പക്ഷേ അവരെയൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ്. കാരണം ബഹുഭൂരിപക്ഷം പേരുടേയും മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ എത്തിച്ചേരുകയും ഭവനരഹിതരുടെ തോത് പൂര്‍ണ്ണമായി ഉയര്‍ന്നുവരുകയും ചെയ്യുമ്പോള്‍ ആ കണക്ക് ഗണ്യമായി ഉയര്‍ന്നേക്കാമെന്നും പറയപ്പെടുന്നു.
‘ഭൂകമ്പം ഉണ്ടാക്കിയ ആഘാതം കാരണം, പല കുട്ടികള്‍ക്കും ശരിക്കും സംസാരിക്കാനും കഴിയുന്നില്ല. ചിലര്‍ക്ക് അവരുടെ പേരുകള്‍ അറിയാം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ സ്ഥിരത കൈവരിക്കുമ്പോള്‍ നമുക്ക് സംസാരിക്കാന്‍ ശ്രമിക്കാം’. പീഡിയാട്രിക് സര്‍ജനായ ഡോ.ഇല്‍ക്നൂര്‍ ബാന്‍ലിസൂര്‍ പറഞ്ഞു.
കാണാതായ കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ കൊണ്ട് തുര്‍ക്കി സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ അവര്‍ ഏത് നിലയിലാണ് താമസിച്ചിരുന്നത് എന്നതിന്റെ വിശദാംശങ്ങളും നല്‍കുന്നുണ്ട്. അവരെ ആരെങ്കിലും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കാമെന്ന പ്രതീക്ഷയിലാണ് ഈ പോസ്റ്റുകള്‍ ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നത്. രക്ഷപ്പെട്ട ബന്ധുക്കളും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ മെഡിക്കല്‍ സെന്ററുകള്‍ തോറും യാത്ര ചെയ്യുന്നു.
അദാന ആശുപത്രിയില്‍ ഇപ്പോഴും മുറിവേറ്റവര്‍ വന്നുകൊണ്ടേയിരിക്കുന്നു. ഡോ.കെസ്‌കിനും ഭൂകമ്പത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടു. തുടര്‍ചലനങ്ങള്‍ ഉണ്ടായപ്പോള്‍ തന്റെ കുട്ടികളുമായി ആശുപത്രിയില്‍ അദ്ദേഹം അഭയം പ്രാപിക്കുകയായിരുന്നു. ‘ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. കാരണം എനിക്ക് ഇപ്പോഴും എന്റെ കുട്ടികളുണ്ട്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ വേദനയില്ലല്ലോ. ആ വേദന എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല’.
ആശുപത്രിയിലെ മറ്റു ചില വാര്‍ഡുകളിലെ ചെറുപ്പക്കാരായ രോഗികള്‍ അവരുടെ മാതാപിതാക്കള്‍ തിരികെ വരുന്നതിനായി കാത്തിരിക്കുന്നു. ചില കുട്ടികളെല്ലാം ബന്ധുക്കളുമായി വീണ്ടും ഒന്നിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ ഭൂകമ്പം അജ്ഞാതരാക്കിയ കുട്ടികളായി തുടരുന്നു.