Tuesday, April 8, 2025

യുക്രൈനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ യുദ്ധം ചെലുത്തുന്ന ആഘാതം

യുക്രെയ്‌നിലെ യുദ്ധം രൂക്ഷമാകുമ്പോള്‍, ക്യാന്‍സര്‍ ബാധിച്ച നൂറുകണക്കിന് കുട്ടികള്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ വീടുകളില്‍ നിന്നും ചികിത്സയിലിരുന്ന ആശുപത്രി കിടക്കകളില്‍ നിന്നും പലായനം ചെയ്യാനും, അതിജീവിക്കാന്‍ ആവശ്യമായ ചികിത്സകള്‍ എങ്ങനെയെങ്കിലും തുടരണമെന്നുമുള്ള പ്രതീക്ഷയില്‍ അപകടകരമായ യാത്രകള്‍ നടത്താനും നിര്‍ബന്ധിതരായിരിക്കുകയാണ്.

ബ്ലാഡര്‍ ട്യൂമറിന് കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായ 8 വയസുകാരന്‍ ലിയോണിഡ് ഷെല്ലാക്രമണം രൂക്ഷമായതിനാലാണ് കീവിലെ ആശുപത്രി വിടാന്‍ നിര്‍ബന്ധിതനായത്. സുരക്ഷിതമായ ഇടവും ചികിത്സയും തേടി അവനും അമ്മ അന്നയും പുറപ്പെട്ടു. ‘ദൈര്‍ഘ്യമേറിയതും ഭയാനകവുമായ യാത്രയായിരുന്നു. ഷെല്ലാക്രമണത്തെയും ബോംബുകളെയും ലിയോണിഡിന് പേടിയായിരുന്നു’. അന്ന പറയുന്നു.

ഏതായാലും പോളിഷ് അതിര്‍ത്തിക്കടുത്തുള്ള ലിവിവിലുള്ള വെസ്റ്റേണ്‍ യുക്രേനിയന്‍ സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ സുരക്ഷിതമായി എത്തിയ ലിയോണിഡ് തന്റെ കാന്‍സര്‍ ചികിത്സ പുനരാരംഭിച്ചു. പക്ഷേ തന്റെ മകന്റെ ട്യൂമര്‍ കൂടുതല്‍ വളര്‍ന്നതായി അവിടെവച്ച്, അന്ന അറിഞ്ഞു. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് എത്രയും വേഗം പോളണ്ടിലേക്ക് പോകണമെന്നും മകന് മികച്ച ചികിത്സ നല്‍കണമെന്നുമാണ് അന്ന പറയുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ എന്നു കഴിയുമെന്ന് അറിയില്ലെന്നും എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയാത്തതിനാല്‍ കാത്തിരിക്കാന്‍ തനിക്കാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

WHO യുക്രെയ്നിലും അതിന്റെ അതിര്‍ത്തികളിലും വോളണ്ടിയര്‍മാരെ ഏകോപിപ്പിക്കുകയും മരുന്നും അടിയന്തര ചികിത്സാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. ഓര്‍ഗനൈസേഷന്‍, പോളണ്ടില്‍ ഒരു യുക്രെയ്ന്‍ സപ്പോര്‍ട്ട് ഹബ് സ്ഥാപിക്കുകയും അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള പ്രവാഹത്തെ കൈകാര്യം ചെയ്യാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാത പീഡിയാട്രിക് ക്യാന്‍സര്‍ രോഗികളെ അവരുടെ ചികിത്സകള്‍ പുനരാരംഭിക്കുന്നതിനായി പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘടനകള്‍ അടിയന്തര സേവനങ്ങള്‍ ചെയ്യുന്നുണ്ട്.

ഇപ്പോള്‍ യുക്രെയ്നിലെമ്പാടുമുള്ള കുട്ടികളെ ആദ്യം വെസ്റ്റേണ്‍ ഉക്രേനിയന്‍ സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്യുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പോളണ്ടിലെ യൂണികോണ്‍ മരിയന്‍ വിലെംസ്‌കി ക്ലിനിക്കിലേക്ക് ട്രയേജിനായി കൊണ്ടുപോകുന്നു. അവിടെ നിന്ന്, അവരെ കുടുംബാംഗങ്ങളോടൊപ്പം പോളണ്ടിലെ കുട്ടികളുടെ ഓങ്കോളജി സെന്ററുകളിലേക്കും യൂറോപ്പിലെ മറ്റിടങ്ങളിലേയക്കുമെല്ലാം അയയ്ക്കുന്നു. ഇതുവരെ 170 ഓളം കുട്ടികള്‍ റഫറല്‍ സംവിധാനത്തില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്ന് ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന യൂലിയ നൊഹോവിറ്റ്സിന പറഞ്ഞു.

അവരിലൊരാളാണ് കീവില്‍ നിന്നുള്ള അനസ്താസിയ എന്ന കുട്ടി. മാര്‍ച്ച് 7 ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ അമ്മ നതാലിയയ്ക്കൊപ്പം എത്തിയ അവള്‍ ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്കുള്ള ചികിത്സ പുനരാരംഭിച്ചു. ”അലാമുകള്‍, സൈറണുകള്‍, നഗരം നശിപ്പിക്കപ്പെടാനുള്ള സാധ്യത എന്നിവ ചുറ്റിലുമുള്ളപ്പോള്‍ അവിടെ ചികിത്സ തുടരുന്നത് അസാധ്യമായിരുന്നു.” നതാലിയ പറഞ്ഞു. ‘കുട്ടികളെ ഒഴിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും ജര്‍മ്മനിയില്‍ ഞങ്ങളെ ചികിത്സയ്ക്കായി കൊണ്ടുപോയ ഡോക്ടര്‍മാരോടും ഞാന്‍ വളരെ നന്ദിയുള്ളവളാണ്.’ അവര്‍ പറഞ്ഞു.

യുക്രെയ്‌നിലെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് കാന്‍സറെന്നും ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയുടെ അഭാവമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

യുക്രേയ്‌നിലെ സ്ഥിതി

കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യുക്രേനിയന്‍ സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യങ്ങള്‍ കുറവും രോഗികളുടെ എണ്ണം വളരെ കൂടുതലുമാണ്. യുദ്ധവും ആക്രമണങ്ങളും ആരംഭിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. ബോംബ്, ഷെല്‍ ആക്രണങ്ങളില്‍ നിന്നുകൂടി ഈ രോഗികളായ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആശുപത്രി അധികൃതരും ജീവനക്കാരും ബാധ്യസ്ഥരായി. ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും കഴിയാത്ത അവസ്ഥ. അങ്ങനെ ചെയ്താല്‍ അത് ആ കുഞ്ഞുങ്ങളോടുള്ള ഏറ്റവും വലിയ ക്രൂരതയായി മാറും.

ആശുപത്രി ബേസ്‌മെന്റില്‍ സ്ഥലം ഉണ്ടാക്കിയെങ്കിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയരാകുന്ന ഈ കുട്ടികളെ സൈറണ്‍ മുഴങ്ങുമ്പോഴെല്ലാം താഴേയ്ക്ക് ഇറക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്, അവരുടെ ആരോഗ്യവും ശാരിരീകാവസ്ഥയും അതനുവദിക്കുന്നുമില്ല. കുട്ടികളായതിനാല്‍ സൈറണുകള്‍ അവര്‍ക്ക് വലിയ ഭയമാണ്. ഈ വലിയ രോഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന അവരുടെ മാനസികാവസ്ഥ കൂടി മോശമായാല്‍ എന്തു ചെയ്യും. സൈക്കോളജിസ്റ്റുകളുടെ സേവനം നേരത്തെ തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ കൂടുതലായും അവരുടെ സേവനം കുട്ടികള്‍ക്ക് ആവശ്യവുമാണ്.

കാന്‍സര്‍ തന്നെ ഒരു വലിയ പ്രശ്‌നമാണ്. അതിന്റെ കൂടെ ചികിത്സാ തടസ്സങ്ങളും, സമ്മര്‍ദ്ദവും, അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിച്ചാല്‍ അവസ്ഥ തീര്‍ത്തും മോശമാകും. ചുരുക്കിപ്പറഞ്ഞാല്‍ ഈ കുട്ടികള്‍ യുദ്ധത്തിന്റെ പരോക്ഷ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്.

 

 

Latest News