കത്യ എന്ന നവജാതശിശുവിന് ദിവസങ്ങള്‍ മാത്രമേ പ്രായമുള്ളൂ. പക്ഷേ അവള്‍ ഇതിനകം യുക്രെയ്‌നിലെ മൈക്കോളൈവില്‍ പ്രതീക്ഷയുടെ പുതു തരംഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അവളുടെ രാജ്യം യുദ്ധത്തിലൂടെയുള്ള ഒരു മാസത്തിന്റെ അവസാനത്തിലെത്തിയപ്പോഴാണ് കത്യ ഈ ലോകത്തിലേക്ക് വന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മാരകമായ അധിനിവേശം യുക്രൈനില്‍ തുടരുമ്പോള്‍ കത്യയുടെ അമ്മ, 37 കാരിയായ ടാമര ക്രാവ്ചുക്ക്, ഭീതിയിലായിരുന്നു. ഫെബ്രുവരി 24 നാണ് റഷ്യക്കാര്‍ മൈക്കോളൈവിനെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാന്‍ തുടങ്ങിയതെന്ന് അവള്‍ ഓര്‍ക്കുന്നു. അന്നാണ് ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും. അവള്‍ പറഞ്ഞു.
”പിന്നീട് എല്ലാ ദിവസവും ആക്രമണം തുടര്‍ന്നു. അതോടെ ഷെല്‍ ആക്രമണവും ശബ്ദവും ബഹളവുമെല്ലാം ശീലവുമായി’. ടാമര ക്രാവ്ചുക്ക് പറഞ്ഞു. എന്നാല്‍ ഒരു തിങ്കളാഴ്ച, അവള്‍ താമസിക്കുന്ന പ്രസവ ആശുപത്രിയില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഒരു മാനസികരോഗാശുപത്രിയില്‍ ബോംബ് പതിച്ചു. സ്‌ഫോടനം നടക്കുന്നതിന് 20 മിനിറ്റ് മുമ്പ് രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ആ സംഭവം അവളെ വീണ്ടും ഭീതിയിലാഴ്ത്തി.
റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്ന യുക്രെയ്‌നിന്റെ തെക്കന്‍ തുറമുഖ നഗരങ്ങളില്‍ ഒന്നാണ് മൈക്കോളൈവ്. ഈ പ്രദേശം ദിവസങ്ങളായി ഷെല്ലാക്രമണത്തിന് വിധേയമാവുകയാണ്. കഴിഞ്ഞയാഴ്ച മൈക്കോളൈവില്‍ ഒരു സ്‌കൂളിലെ ബോംബ് ഷെല്‍ട്ടറില്‍ ഒളിച്ചിരുന്ന നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യം മൈക്കോളൈവിന് സമീപമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഇനി എന്ത് സംഭവിക്കും, ഇത് എങ്ങനെ അവസാനിക്കും എന്നതിനെ കുറിച്ച് എനിക്ക് ശരിക്കും ഭയമുണ്ട്’. ക്രാവ്ചുക്ക് പറഞ്ഞു. ഈ സാഹചര്യം കുട്ടികളില്‍ ഉണ്ടാക്കുന്ന നഷ്ടമാണ് ഇപ്പോള്‍ അവളുടെ പ്രധാന ആശങ്കകളിലൊന്ന്. ഈ സമ്മര്‍ദ്ദത്തിനിടയിലും കത്യ ജനിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന്് ക്രാവ്ചുക്ക് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം ആശുപത്രിയില്‍ ജനിക്കുന്ന 49-ാമത്തെ കുഞ്ഞാണിത്.
‘ഇനി എന്ത് സംഭവിച്ചാലും, ഇപ്പോള്‍ ഞാന്‍ ഏറ്റവും സന്തോഷമുള്ള വ്യക്തിയാണ്. ആരോഗ്യത്തോടെ എന്റെ മകള്‍ ജനിച്ചതിനാല്‍ ഞാന്‍ സന്തോഷവതിയാണ്. ചുറ്റും ഭയാനകമായ ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും ഒരു പുതിയ ജീവിതം ഈ മണ്ണില്‍ ജനിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. ഇന്ന് നമ്മുടെ ലോകത്തേക്ക് ഒരു പുതിയ പെണ്‍കുട്ടി വന്നു. പുതിയ കുട്ടികള്‍ ജനിക്കാന്‍ തുടങ്ങുമ്പോള്‍, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ഞങ്ങള്‍ കരുതുന്നു’. നല്ല നാളെയുടെ പ്രതീകമായ കത്യയെ തലോടിക്കൊണ്ട് ക്രാവ്ചുക്ക് പറയുന്നു.