രാജ്യത്തു നിന്ന് രക്ഷപ്പെട്ട് പുറത്തുകടക്കാന്‍ യുഎസ് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് നിരസിക്കുകയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ചെയ്തത്. ഈ അവസ്ഥയില്‍ താന്‍ രാജ്യം വിടില്ലെന്നും അവസാനം വരെ നിങ്ങളോടൊപ്പം ഇവിടെ യുക്രൈനില്‍ കാണുമെന്നും യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ സെലന്‍സ്‌കി തന്റെ ജനത്തിന് ഉറപ്പും നല്‍കി.
മാതൃരാജ്യത്തിന് വേണ്ടി പൊരുതാന്‍ സന്നധരായവര്‍ക്ക് ആയുധങ്ങള്‍ നല്‍കുെന്നും യുക്രൈനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും തയാറായിരിക്കുകയെന്നും റഷ്യ യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് പതിനൊന്നാം മണിക്കൂറില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി തന്റെ ജനത്തോട് ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തെ സഹായിക്കാനും സംരക്ഷിക്കാനും മറ്റാരുമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം ജനത്തോട് അഭ്യര്‍ത്ഥന നടത്തിയത്. ഇതുപോലെ ധീരമായ പല തീരുമാനങ്ങളും നടപടികളുംകൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിന ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധ പ്രതിസന്ധി ഒറ്റയ്ക്ക് നേരിടുകയാണ് 44 കാരനായ സെലന്‍സ്‌കി.
രാഷ്ട്രീയ പശ്ചാത്തലമോ, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമോ ഇല്ലാതെയാണ് സെലന്‍സ്‌കി യുക്രൈന്‍ തലവനായത്. സോവിയറ്റ് യൂണിയന്‍ കാലത്തെ വ്യാവസായിക നഗരമായിരുന്ന ക്രിവി റി-ല്‍ 1978 ജനുവരിയിലാണ് വ്ളാദിമിര്‍ സെലന്‍സ്‌കി പിറന്നത്. ജൂത കുടുംബമായിരുന്നു സെലന്‍സ്‌കിയുടേത്. 1995 ല്‍ ക്രിവി എക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സെലന്‍സ്‌കി 2000 ല്‍ നിയമത്തില്‍ ബിരുദം തേടി. പാഠ്യവിഷയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴില്‍ മേഖലയാണ് സെലന്‍സ്‌കി തെരഞ്ഞെടുത്തത്.
പഠന കാലത്ത് തന്നെ 1997 ല്‍ ക്വര്‍താല്‍ 95 എന്ന പേരില്‍ സെലന്‍സ്‌കി കോമഡി ട്രൂപ്പ് തുടങ്ങിയിരുന്നു. 2003 ഓടെ ട്രൂപ്പ് ടെലിവിഷന്‍ പരിപാടികളും നിര്‍മിച്ച് തുടങ്ങി. സെലന്‍സ്‌കി അങ്ങനെ അറിയപ്പെടുന്ന ടെലിവിഷന്‍ താരമായി വളര്‍ന്നു. 2003 ലാണ് സെലന്‍സ്‌കി ഒലേനയെ വിവാഹം കഴിക്കുന്നത്. ഇരുവരും ക്രിവി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. ആര്‍ക്കിടെക്ടായിരുന്ന ഒലേന എന്നാല്‍ തിരക്കഥാകൃത്തായി.
2015 ലാണ് ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടിവി ഷോയില്‍ സെലന്‍സ്‌കി വേഷമിടുന്നത്. 2015 മുതല്‍ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി ഒരു പൊളിറ്റിക്കല്‍ സറ്റയറായിരുന്നു. അഴിമതി നിറഞ്ഞ യുക്രൈന്റേയും ജനാധിപത്യം ആഗ്രഹിക്കുന്ന ജനങ്ങളുടേയും കഥ പറഞ്ഞ ഷോ രാജ്യത്ത് വന്‍ ഹിറ്റായി…സെലന്‍സ്‌കിയും..അങ്ങനെ 2018 ല്‍ സെലന്‍സ്‌കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെയും, എതിരാളികളെ പരിഹസിച്ചുമായിരുന്നു സെലന്‍സ്‌കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഒപ്പം സോഷ്യല്‍ മീഡിയ ക്യാമ്പെയിനും നടന്നു. ചിരിച്ചും ചിരിപ്പിച്ചും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സെലന്‍സ്‌കിയെ യുക്രൈന്‍ ജനത കൈവിട്ടില്ല. വന്‍ ഭൂരിപക്ഷത്തോടെയാണ് സെലന്‍സ്‌കി അധികാരത്തിലേറിയത്. 73.2% വോട്ടുകളാണ് സെലന്‍സ്‌കി സ്വന്തമാക്കിയത്. അങ്ങനെ 2019 മെയ് 20ന് യുക്രൈന്റെ ആറാം പ്രസിഡന്റായി സെലന്‍സ്‌കി അധികാരത്തിലേറി.
ഇപ്പോഴിതാ വന്‍സൈനിക ശക്തിയുള്ള റഷ്യ തന്റെ രാജ്യത്തെ വളഞ്ഞാക്രമിക്കുമ്പോള്‍, ഒപ്പമുണ്ടെന്ന് തോന്നിപ്പിച്ചവര്‍ പോലും കൈവിട്ടപ്പോഴും ജനങ്ങളെ കൈവിടാതെ സംരക്ഷിക്കുകയാണ് സെലന്‍സ്‌കി. ലോകനേതാക്കള്‍ക്കെല്ലാം ഇതിലൂടെ അദ്ദേഹം മാതൃകയുമാകുന്നു.