ഒരു ഡസനോളം തീവ്ര രോഗികളായ യുക്രേനിയന്‍ കുട്ടികളെ ട്രെയിനില്‍ പോളണ്ടിലെ ഒരു താല്‍ക്കാലിക ആശുപത്രി വാര്‍ഡിലേയ്ക്ക് കൊണ്ടുപോവുകയാണ്. മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടിനായി രൂപാന്തരപ്പെട്ട ആ ട്രെയിന്‍ വാഗണില്‍ നിത്യരോഗികളായ തങ്ങളുടെ കുട്ടികളുമായി അമ്മമാര്‍ വേദനയോടെ ഇരിക്കുന്നത് കാണാം. അവരെ അനുഗമിക്കുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സമ്മര്‍ദവും ടെന്‍ഷനും പതിന്മടങ്ങാണ്. വൈകാരികമായോ ശാരീരികമായോ കൂടുതല്‍ വേദന അനുഭവിക്കുന്നതില്‍ നിന്ന് ഓരോ കുട്ടികളേയും തടയാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.
റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ആ കുട്ടികള്‍ ഖാര്‍കിവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗികളായ 12 കുട്ടികളില്‍ പതിനൊന്നു പേരും യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിന് ചുറ്റുമുള്ള ഹോസ്പിറ്റലുകളില്‍ നിന്നാണ് വരുന്നത്. വ്ളാഡിമിര്‍ പുടിന്റെ സൈന്യത്തിന്റെ കനത്ത ഷെല്ലാക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞേക്കില്ല എന്നതിനാലാണ് യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള മോസ്സിസ്‌ക വഴി അയല്‍രാജ്യമായ പോളണ്ടിലെ പ്രെസെമിസലിലേക്ക് വിവിധ രോഗങ്ങളോട് മല്ലിടുന്ന തങ്ങളുടെ കുട്ടികളെ ചേര്‍ത്തു പിടിച്ച് മാതാപിതാക്കള്‍ യാത്ര തിരിച്ചത്. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച സാന്ത്വന പരിചരണത്തിന് പേരുകേട്ട നഗരമായ ഖാര്‍കിവ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ബോംബാക്രമണം നടന്ന പ്രദേശങ്ങളിലൊന്നാണ്.
വെന്റിലേറ്ററിലുള്ള കുട്ടികളെ പോളണ്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ ആദ്യം അധികാരികള്‍ സമ്മതിച്ചിരുന്നില്ല. ആ കുട്ടികള്‍ ദീര്‍ഘയാത്രയെ അതിജീവിക്കില്ല എന്നാണ് കാരണം പറഞ്ഞത്. പക്ഷേ എങ്ങനേയും അവിടെ നിന്ന് പോവുക എന്നതായിരുന്നു ആ കുട്ടികളുടേയും മാതാപിതാക്കളുടെ ലക്ഷ്യം. കാരണം തങ്ങളുടെ കുഞ്ഞുങ്ങള്‍ ബോംബിനടിയില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് യാത്രാമധ്യേ റോഡില്‍ വെച്ച് മരിക്കുന്നതാണ് എന്ന് ആ മാതാപിതാക്കള്‍ കരുതി.
പോളണ്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ മക്കളെ കെട്ടിപ്പിടിച്ചും അവരുടെ ചെറിയ കളികള്‍ ആസ്വദിച്ചും സങ്കടവും ആകുലതയും ഒളിപ്പിച്ചും ഓരോ അമ്മമാരും മക്കളോടൊപ്പമായിരുന്നു. ചില കുട്ടികള്‍ക്ക് എഴുന്നേറ്റ് നടക്കാം, ചിലര്‍ക്ക് മുഴുവന്‍ സമയവും വൈദ്യസഹായം വേണം, ചില കുഞ്ഞുങ്ങള്‍ വേദന മറന്ന് ഉറങ്ങുകയാണ്. ഏറ്റവും നല്ല സാഹചര്യത്തില്‍ സാന്ത്വന പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് ഇത് തീര്‍ച്ചയായും അപകടകരമായ യാത്രയാണ്. പക്ഷേ, അതിശയകരമെന്നു പറയട്ടെ, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഈ യാത്രയിലും പല കുട്ടികളും മനസു നിറഞ്ഞ് പുഞ്ചിരിക്കുന്നത് കാണാം.
പോളണ്ടിലേയ്ക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ അമ്മ പറഞ്ഞതിങ്ങനെയാണ്…’കൃതജ്ഞതയുടെ നിരവധി വാക്കുകളുണ്ട്, സന്തോഷമുണ്ട്, ജീവിതത്തിന് പ്രതീക്ഷയുണ്ട്…’.