വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് യുക്രൈന്‍ എന്ന രാജ്യം. ലോകത്തെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ അവിടേക്കാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ തകര്‍ന്നടിയാന്‍ പോകുന്നത് ഒരു രാജ്യവും അവിടുത്തെ ജനങ്ങളുമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ചരിത്രപരമായി നിരവധി സവിശേഷതകളുള്ള യൂറോപ്പിലെ തന്നെ മനോഹരമായ ഒരു രാജ്യമാണ് യുക്രൈന്‍. അറിയാം യുക്രൈനിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന്…
കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991 ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍ത്തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍. കാര്‍ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുക്രൈനായിരുന്നു.
അധ്വാനശീലരായ ജനത. 1917 ല്‍ റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922 ലാണ് അവര്‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991 ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്വ് പ്രകടിപ്പിച്ചിരുന്ന അവര്‍ 2005 ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി.
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം
ലോകത്തിലെ 46-ാമത്തെ വലിയ രാജ്യവും യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യവുമാണ് യുക്രൈന്‍. യുക്രൈനിന്റെ ആകെ വിസ്തീര്‍ണ്ണം ഏകദേശം ആറ് ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 44.9 ദശലക്ഷം അതായത് 4.49 കോടി. യുക്രൈയ്‌നിലെ ജനസംഖ്യയുടെ 78 ശതമാനവും സ്വദേശികളാണ്. 22 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും. 100 സ്ത്രീകള്‍ക്ക് 86.3 പുരുഷന്മാര്‍ എന്നാണ് ഇവിടുത്തെ കണക്ക്.
കറന്‍സിയും ഭാഷയും
യുക്രൈയ്നിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ആണ് കീവ്. യുക്രൈനിന്റെ ഏറ്റവും വലിയ ജനസംഖ്യ ഈ നഗരത്തിലാണ് താമസിക്കുന്നത്. 2.8 ദശലക്ഷം ആളുകള്‍. ഇവിടുത്തെ പ്രധാന മതം ക്രിസ്തുമതവും ഔദ്യോഗിക ഭാഷ യുക്രൈനിയനുമാണ്. എന്നിരുന്നാലും, മറ്റ് പല ഭാഷകളും ഇവിടുത്തുകാര്‍ സംസാരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സി യുക്രൈനിയന്‍ ഹ്രിവ്‌നിയയാണ്.
മികച്ച വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ യുക്രെയ്ന്‍ ലോകത്ത് നാലാം സ്ഥാനത്താണ്. 15 വയസും അതില്‍ കൂടുതലുമുള്ള യുക്രൈനിയക്കാരില്‍ 99.4% പേര്‍ക്കും എഴുതാനും വായിക്കാനും അറിയാം. പ്രായപൂര്‍ത്തിയായ യുക്രൈനിയക്കാരില്‍ 70% പേര്‍ക്കും സെക്കന്‍ഡറി അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്.
ടെക്‌നോളജിയിലും മുമ്പില്‍
ധാരാളം ടെക് സ്റ്റാര്‍ട്ടപ്പുകളും വലിയ ടെക്‌നോളജി കമ്പനികളും യുകടൈനിലുണ്ട്. വാട്ട്‌സ്ആപ്പിന് ജന്മം നല്‍കിയത് യുക്രൈനില്‍ ജനിച്ച ജാന്‍ കൗമാണ്. ടൈപ്പിംഗ് അസിസ്റ്റന്റായ ഗ്രാമര്‍ലി യുക്രൈനില്‍ നിന്നുള്ള ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നാണ്. ആഗോള ഉത്പ്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്വെയര്‍ സ്ഥാപനങ്ങളും ധാരാളമായി യുക്രൈനിലുണ്ട്. ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് യുക്രൈനില്‍ ഓഫീസുകളുണ്ട്.
മറ്റു പ്രത്യേകതകള്‍
ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷന്‍ യുക്രെയ്‌നിലാണ് സ്ഥിതി ചെയ്യുന്നത്. യുക്രെയ്‌നിലെ ആര്‍സെനല്‍ന മെട്രോ സ്റ്റേഷന്‍ എന്നാണ് ഇതിന്റെ പേര്. യുക്രെയ്‌നിന്റെ സാക്ഷരതാ നിരക്ക് ഏകദേശം 99.8 ശതമാനമാണ്. ഇത് ലോകത്തിലെ നാലാമത്തെ ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം 71.48 വര്‍ഷമാണ്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമാണ് യുക്രെയ്ന്‍. ഫുട്‌ബോള്‍, ബോക്‌സിംഗ് എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങള്‍. ആണവായുധ ശേഖരം ഉപേക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുക്രെയ്ന്‍.