Monday, November 25, 2024

യുക്രെയ്ന്‍ യുദ്ധം: അഭയകേന്ദ്രത്തിലെ ജലക്ഷാമം കാരണം മഴവെള്ളം കുടിച്ച് മരിയുപോളിലെ ജനങ്ങള്‍

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിലെ അവരുടെ അഭയകേന്ദ്രമായ ബേസ്മെന്റില്‍ നിന്ന് മഴയ്ക്കു ശേഷം പുറത്തിറങ്ങി, കുളത്തില്‍ നിന്ന് വെള്ളം കോരി കുടിച്ചാണ് 32 കാരിയും അക്കൗണ്ടന്റുമായ യൂലിയയും അവളുടെ മൂന്ന് പെണ്‍മക്കളും ദാഹം തീര്‍ത്തിരുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം മാത്രമല്ല, ബോംബുകളില്‍ നിന്ന് രക്ഷപെടാനായി അവര്‍ കഴിഞ്ഞിരുന്ന അഭയകേന്ദ്രത്തില്‍ ടോയ്ലറ്റും ഷവറും വൈദ്യുതിയും ഉണ്ടായിരുന്നില്ല.

ഇക്കാരണത്താലാണ് നതാലിയ അവളുടെ ബാല്യകാല സുഹൃത്തിനെയും മക്കളേയും യുകെയിലെ വെയില്‍സില്‍, തന്റെ വീട്ടില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നത്. യൂലിയയും നതാലിയയും സ്‌കൂള്‍ കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും അവര്‍ പഴയ സൗഹൃദം ദൃഢമായി കാത്തുസൂക്ഷിച്ചിരുന്നു, ഈ യുദ്ധം തുടങ്ങുന്നതുവരെ. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവിനൊപ്പം യുക്രെയ്‌നില്‍ നിന്ന് വെയില്‍സിലേക്ക് നതാലിയ താമസം മാറിയത്. അതുകൊണ്ടാണ് സുഹൃത്തിന് ആപത്തുണ്ടായപ്പോള്‍ അവളെ രക്ഷിച്ച് തന്റെ അടുക്കല്‍, സുരക്ഷിതയാക്കാന്‍ നതാലിയ ശ്രമിക്കുന്നതും. ഭൂഗര്‍ഭ ബങ്കറില്‍ നിന്നുള്ള വീഡിയോകള്‍ യൂലിയ ഇടയ്ക്കിടെ നതാലിയയ്ക്ക് അയച്ച് നല്‍കുകയും ചെയ്തിരുന്നു.

യൂലിയയുടെ ഭര്‍ത്താവ് യുക്രൈനുവേണ്ടി മുന്‍നിരയില്‍ പോരാട്ടത്തിലാണ്. സ്ഥിതിഗതികള്‍ വഷളാകാന്‍ തുടങ്ങിയപ്പോള്‍ യൂലിയയുടെ അമ്മയെയും രണ്ടാനച്ഛനെയും കിഴക്കന്‍ യുക്രെയ്‌നില്‍ നിന്ന് പുറത്തെത്തിച്ചിരുന്നു. റഷ്യന്‍ ബോംബുകളാല്‍ തങ്ങളുടെ വീട് തകര്‍ന്നതിനുശേഷം, യൂലിയയ്ക്കും പതിനൊന്ന്്, ആറ്, മൂന്ന് എന്നീ വയസുകളിലുള്ള അവളുടെ പെണ്‍മക്കള്‍ക്കും ഒരു സാമുദായിക ബേസ്മെന്റില്‍ അഭയം കണ്ടെത്തേണ്ടിവന്നു. പക്ഷേ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലായിരുന്നു.

‘ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ദിവസത്തില്‍ ഒരിക്കല്‍ ഒരു ചെറിയ പാത്രം സൂപ്പ് കിട്ടിയിരുന്നു. ഒരു ഗ്ലാസ് വെള്ളവും. മൂന്ന് കിലോമീറ്റര്‍ അകലെ ഒരു കിണര്‍ ഉണ്ടായിരുന്നു. വെടിയൊച്ചകള്‍ക്കും ബോബിംഗുകള്‍ക്കും ഇടയിലൂടെ വേണമായിരുന്നു അവിടേയ്ക്ക് പോകാന്‍. അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. ആദ്യം മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് കുളത്തില്‍ നിന്ന് കുടിക്കാന്‍ കഴിഞ്ഞു. ആ വെള്ളം വളരെ രുചികരമായിരുന്നു. പിന്നീട് വെള്ളം നിറയ്ക്കാന്‍ ഞങ്ങള്‍ കുറച്ച് പാത്രങ്ങള്‍ കണ്ടെത്തി.

ഇതിനിടെ ഒരു മകള്‍ക്ക് അസുഖം വന്നു. പക്ഷേ മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് പണമുണ്ടായിരുന്നു, പക്ഷേ എനിക്ക് ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല, കാരണം എവിടെയും ഒന്നുമില്ല, എല്ലാം തകര്‍ന്നു, എല്ലാം കൊള്ളയടിക്കപ്പെട്ടു, നശിപ്പിക്കപ്പെട്ടു. തുറമുഖ നഗരമായ മരിയുപോള്‍ ഇപ്പോള്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. റഷ്യന്‍ സൈന്യം വിശാലമായ വ്യാവസായിക സമുച്ചയം ഉപരോധിക്കുകയും വ്യോമാക്രമണം തുടരുകയും ചെയ്യുന്നു’. യൂലിയ പറഞ്ഞു.

ഇക്കാരണത്താല്‍ നതാലിയ അവളുടെ സുഹൃത്ത് യൂലിയയെയും അവളുടെ കുഞ്ഞുങ്ങളേയും വെയില്‍സില്‍ യുക്രേനിയന്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ച് വേണ്ട സഹായങ്ങളെല്ലാം നല്‍കാന്‍ താത്പര്യപ്പെടുകയാണ്. ഇതിനകം യൂലിയയും മക്കളും യുക്രൈന്‍ വിട്ട് പോളണ്ടിലേയ്ക്ക് യാത്രയായി. പക്ഷേ തന്റെ ഭര്‍ത്താവിനെ ഇനിയെപ്പോള്‍ വീണ്ടും കാണുമെന്ന് യൂലിയയ്ക്ക് അറിയില്ല.

‘മരിയുപോളില്‍ മരിച്ചവരെ അവള്‍ കണ്ടു, കൈകളോ കാലുകളോ ഇല്ലാത്ത, ശരീരം നശിപ്പിക്കപ്പെട്ട്, കൊല്ലപ്പെട്ടവരെ..യൂലിയ ഇവിടെ വെയില്‍സില്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ദിവസം ഞങ്ങള്‍ ഡൈനിംഗ് റൂമില്‍ ഒന്നിച്ചിരുന്ന് ഒരു കപ്പ് ചായ കുടിക്കുമെന്നും അവര്‍ക്ക് ഇവിടെ കൂടുതല്‍ സന്തോഷകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു’. നതാലിയ പറയുന്നു.

ഏകദേശം 27,000 യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ യുകെയിലാണ്. ഏകദേശം 10,000 വെല്‍ഷ് കുടുംബങ്ങള്‍ യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ വെയില്‍സിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹോം ഓഫീസ് 2,300 വിസകള്‍ അനുവദിച്ചിട്ടുണ്ട്.

 

Latest News