വ്യാഴാഴ്ച റഷ്യന്‍ മിസൈലുകള്‍ വിന്നിറ്റ്സിയയുടെ മധ്യഭാഗത്ത് പതിച്ചപ്പോള്‍ കൊല്ലപ്പെട്ട മൂന്ന് കൊച്ചുകുട്ടികളില്‍ ഒരാളാണ് നാല് വയസ്സുകാരി ലിസ. അവിടുത്തെ ജൂബിലി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ തകര്‍ന്നതും കരിഞ്ഞതുമായ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ രക്തം പുരണ്ട പിങ്ക് നിറത്തിലുള്ള ഒരു പുഷ്ചെയര്‍ കിടപ്പുണ്ട്. അത് ആ പെണ്‍കുട്ടിയുടേതായിരുന്നു. നാല് വയസ്സുകാരി ലിസയ്ക്ക് ഡൗണ്‍സ് സിന്‍ഡ്രോം ഉണ്ടായിരുന്നു.
പ്രസ്തുത ആക്രമണത്തില്‍ ലിസയുടെ അമ്മ ഐറിന ദിമിട്രിയേവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപത്തിമൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും എട്ട് പേരെ കാണാതായതായും അറിയുന്നു. നിരവധി പേര് ആശുപത്രിയിലാണ്.
മിസൈലുകള്‍ പതിക്കുന്നതിന് തൊട്ടുമുമ്പ് ഐറിന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നല്ല വെയില് ഉണ്ടായിരുന്ന ആ ദിവസം ലിസയുടെ സ്പീച്ച് തെറാപ്പിസ്റ്റിനെ കാണാന്‍ പോകുന്നതിനെക്കുറിച്ചാണ് ഐറിന വീഡിയോയില്‍ സംസാരിച്ചത്. അതിനിടയില്‍ ലിസ അവളുടെ പിങ്ക് കസേര തള്ളികൊണ്ട് പുഞ്ചിരിയോടെ ഐറിനയുടെ അടുത്തേയ്ക്ക് എത്തുന്നതും വീഡിയോയിലുണ്ടായിരുന്നു. ഐറിനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ലിസയുടെ ജനനം മുതലുള്ള ഫോട്ടോകളും വീഡിയോകളുമാണ് നിറയെ.
ഡൗണ്‍ സിന്‍ഡ്രോം എന്നത് ലജ്ജിക്കേണ്ട കാര്യമല്ലെന്ന് ആളുകള്‍ അറിയണമെന്ന് ഐറിന ആഗ്രഹിച്ചിരുന്നു. അത്തരം കുട്ടികള്‍ വ്യത്യസ്തരല്ല, അവര്‍ വളരെ മധുരവും ദയയുള്ളവരുമാണെന്ന് ലോകത്തോട് അവര്‍ നിരന്തരം വിളിച്ചു പറഞ്ഞിരുന്നു.
‘ലിസ വളരെ സന്തോഷവതിയായ കുഞ്ഞായിരുന്നു. അവള്‍ക്ക് ഞങ്ങളെയെല്ലാം വലിയ ഇഷ്ടമായിരുന്നു. അവളുടെ അമ്മയെ സംബന്ധിച്ചിടത്തോളം ലിസയായിരുന്നു ജീവനും ജീവിതവും. അവള് ആ കുഞ്ഞിനെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. വലിയ ദുരന്തമാണ് ആ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്’. ഐറിനയുടെ അയല്‍വാസിയായ വലേരിയ കൊറോള്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചപ്പോള്‍, സുരക്ഷിതത്വത്തിനായി കൈവില്‍ നിന്ന് വിന്നിറ്റ്സിയയിലേക്ക് എത്തിയ കുടുംബമാണ് ഐറിനയുടേത്. എന്നാല്‍ യുക്രെയ്നില്‍ ഒരിടത്തും സുരക്ഷിതമല്ല എന്ന് ഈ ദുരന്തം തെളിയിച്ചു. ലിസയുടെ മരണകാരണമായ ആക്രമണം ഉണ്ടായ സമയത്ത് ലിസയും അമ്മയും തെരുവില്‍ നില്‍ക്കുകയായിരുന്നു. ജൂബിലി സെന്ററിന്റെ താഴത്തെ നിലയിലുള്ള മെഡിക്കല്‍ സെന്ററില്‍ അപ്പോയിന്റ്മെന്റ് എടുക്കാനെത്തിയതായിരുന്നു അവര്‍ എന്ന് യുക്രേനിയന്‍ പോലീസ് പറഞ്ഞു.
ഇതേ ആക്രമണത്തില്‍ രണ്ട് ആണ്‍കുട്ടികളും കൊല്ലപ്പെട്ടു. അമ്മ വിക്ടോറിയയ്ക്കൊപ്പമാണ് ഏഴു വയസ്സുള്ള മാക്സിം സാരി മരിച്ചത്. അവരും മെഡിക്കല്‍ സെന്ററില്‍ എത്തിയതായിരുന്നു. തീപിടിച്ച ചുവരുകളല്ലാതെ ആ ക്ലിനിക്കില്‍ ഇപ്പോള്‍ മറ്റൊന്നുമില്ല.
മരിച്ച മറ്റൊരു കുട്ടിയായ എട്ട് വയസുകാരന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലായിരുന്നു ഈ കുട്ടി. കത്തിനശിച്ച നിരവധി കാറുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും സൈറ്റിലുടനീളം ചിതറിക്കിടക്കുന്നു.
റഷ്യയുടെ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച നടത്തിയ ആക്രമണത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ കുട്ടികളുടെ മരണത്തെക്കുറിച്ച് പരാമര്‍ശമേയില്ല. പകരം, കൃത്യതയുള്ള മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി പരാമര്‍ശിക്കുന്നു. വിക്ടറി സ്ക്വയറിലെ ഓഫീസേഴ്സ് ഹൗസ് എന്ന കെട്ടിടത്തെയാണ് റഷ്യ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ആക്രമണം സമീപ പ്രദേശങ്ങളേയും ബാധിക്കുകയായിരുന്നു.
റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം 352 കുട്ടികള്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റവും പുതിയ കൊലപാതകങ്ങളെ തീവ്രവാദ പ്രവര്‍ത്തനമെന്നാണ് യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി വിശേഷിപ്പിച്ചത്.
‘ലിസയുടെ അമ്മ ഐറിന ഇപ്പോഴും ആശുപത്രിയിലാണ്. ലിസയെക്കുറിച്ച് ഐറിനയ്ക്ക് ഇതുവരെ അറിയാമോ, അവളുടെ വീട്ടുകാര്‍ അവളോട് പറഞ്ഞോ ഇല്ലയോ എന്ന് എനിക്കറിയില്ല, ഒരു അമ്മ എന്ന നിലയില്‍, ഇത്തരമൊരു വാര്‍ത്ത ഒരാള്‍ക്ക് എങ്ങനെ താങ്ങാന്‍ കഴിയുമെന്ന് എനിക്കറിയില്ല’. ഐറിനയുടെ അയല്‍വാസിയായ സ്ത്രീ കണ്ണീരോടെ പറയുന്നു.