Tuesday, November 26, 2024

റഷ്യയുടെ പരാജയത്തിന്റെ തെളിവായി യുക്രൈനിലെ വിമോചിത നഗരമായ ലൈമാന്‍

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ റഷ്യക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച പ്രദേശമാണ് കിഴക്കന്‍ യുക്രേനിയന്‍ പട്ടണമായ ലൈമാന്‍. അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകളും കത്തിനശിച്ച കെട്ടിടങ്ങളുമാണ് നിലവില്‍ അവിടുത്തെ കാഴ്ച. തകര്‍ന്ന മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന മെറ്റല്‍ ഷീറ്റുകള്‍ കാറ്റില്‍ ആടുന്നു. കുറച്ച് സാധാരണക്കാര്‍ മാത്രം തെരുവുകളിലൂടെ നടക്കുന്നുണ്ട്. യുദ്ധത്തിന് മുമ്പ് 20,000 ജനസംഖ്യ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ ആളുകള്‍ തീര്‍ത്തും കുറവാണ്. യുക്രേനിയന്‍ സൈനികരുടെ വാഹനവ്യൂഹം ഇടയ്ക്കിടെ നഗരം കടന്നുപോകുന്നുണ്ട്.

മാസങ്ങളോളം നീണ്ട ബോംബാക്രമണത്തില്‍ എല്ലാംകൊണ്ടും തകര്‍ന്നിരിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. നഗരം തിരിച്ചുപിടിച്ചെങ്കിലും അഗ്‌നിപരീക്ഷ അവസാനിച്ചുവെന്ന് ഉറപ്പില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന റഷ്യന്‍ ടാങ്കിന് മുകളില്‍ ഒരു പുതിയ യുക്രേനിയന്‍ പതാക പറക്കുന്നുണ്ട്.

നഗരം തിരിച്ചു പിടിക്കാനുള്ള ഈ പോരാട്ടാത്തില്‍ റഷ്യന്‍ സേനയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. നിരവധി സൈനികര്‍ മരിച്ചു. യുക്രേനിയന്‍ ഹ്യൂമാനിറ്റേറിയന്‍ ഗ്രൂപ്പിലെ യുവ സന്നദ്ധപ്രവര്‍ത്തകരാണ് റോഡരികുകളില്‍ ചിതറി കിടക്കുന്ന മൃതദേഹങ്ങള്‍ അക്കമിടുകയും അവരെ തിരിച്ചറിയാന്‍ സാധിക്കുന്ന എന്തെങ്കിലും ഉണ്ടോയെന്ന് തിരയുകയും ചെയ്യുന്നത്.

ലൈമാന്‍ സ്ഥിതി ചെയ്യുന്ന ഡൊനെറ്റ്‌സ്‌ക് ഉള്‍പ്പെടെ നാല് യുക്രേനിയന്‍ പ്രദേശങ്ങള്‍ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേര്‍ക്കുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ലോകത്തെ അറിയിച്ചു. എന്നാല്‍ ഒരു ദിവസത്തിനുശേഷം, യുക്രേനിയന്‍ സൈന്യം ലൈമന്‍ പിടിച്ചെടുക്കുകയായിരുന്നു.

നഗരം തകരുന്നതിന് മുമ്പ് 5,000 റഷ്യന്‍ സൈനികര്‍ ലൈമാനില്‍ വളഞ്ഞിരുന്നുവെന്ന് യുക്രെയ്ന്‍ പറയുന്നു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ പിടിക്കപ്പെട്ടുവെന്നോ അറിയില്ല. ലൈമാനിലേക്ക് വിന്യസിച്ചിരിക്കുന്ന മിക്കവാറും എല്ലാ റഷ്യന്‍ സൈനികരെയും തങ്ങള്‍ തുരത്തി എന്ന് കൈവിലെ പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റില്‍ പറഞ്ഞു.

തന്ത്രപ്രധാനമായ ഈ നഗരം അയല്‍ പ്രദേശമായ ലുഹാന്‍സ്‌കിലേക്കുള്ള ഒരു കവാടമാണ്. ഇവിടുത്തെ വിജയം തുറുപ്പു ചീട്ടായി ഉപയോഗിച്ച് കൂടുതല്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ യുക്രൈന്‍.

Latest News