കൈവിനു വടക്ക് 140 കിലോമീറ്റര്‍ അകലെ, ബെലാറസിന്റെയും റഷ്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാഹിദ്നെ പ്രദേശത്തെ, ഒരു മാസത്തോളം റഷ്യന്‍ സൈനികര്‍ കൈവശപ്പെടുത്തിയിരുന്നു. മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 2 വരെയുള്ള സമയം ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത ആഘാതത്തിന്റെ ഒരു കാലഘട്ടമായിരുന്നു.
ചെര്‍നിഹിവില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ റഷ്യന്‍ സൈന്യം യാഹിദ്നെ പോലുള്ള ഗ്രാമങ്ങളിലും എത്തി. ഏകദേശം 300,000 ആളുകളുള്ള നഗരം ആഴ്ചകളോളം റഷ്യന്‍ സൈന്യം വളയുകയും ബോംബാക്രമണം നടത്തുകയും ചെയ്തു. തലസ്ഥാനമായ കൈവിലേക്കുള്ള റോഡിലെ ഒരു പാലവും അവര്‍ തകര്‍ത്തു. അതുകൊണ്ട് പലര്‍ക്കും പലായനം ചെയ്യാനും കഴിഞ്ഞില്ല.
റഷ്യന്‍ സൈനികര്‍ അവിടുത്തെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളില്‍ നിന്ന് ഇറക്കി തോക്കിന്‍ മുനയില്‍ നിര്‍ത്തി, അവരെ പ്രാദേശിക സ്‌കൂളിന്റെ ബേസ്‌മെന്റില്‍ നാലാഴ്ചയോളം പിടിച്ചുവച്ചു. ഏകദേശം 65 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഒരു മുറിയില്‍ 130-ഓളം ആളുകള്‍ തിങ്ങിക്കൂടി കഴിയേണ്ടി വന്നു. തടവിലാക്കപ്പെട്ടവരില്‍ അമ്പതോളം കുട്ടികളും ഉള്‍പ്പെടും. അക്കൂട്ടത്തിലെ ഏറ്റവും ചെറിയ കുഞ്ഞിന് രണ്ട് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. അറുപതുകാരനായ മൈക്കോള ക്ലിംചുകും അവരില്‍ ഒരാളായിരുന്നു. രാത്രിയില്‍ ആളുകളുടെ മേല്‍ ചവിട്ടുമെന്ന് ഭയന്ന് അനങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ 12 പേര്‍ ഇവിടെ വച്ച് മരിച്ചു. ആ മരിച്ചവരുടെ കൂടെ കഴിയേണ്ട അവസ്ഥയും വന്നെന്ന് ഭയത്തോടെ ഓര്‍ക്കുന്നു മൈക്കോള. കാരണം മൃതദേഹങ്ങള്‍ ഉടനടി പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിരന്തരമായ പോരാട്ടം കാരണം റഷ്യന്‍ പട്ടാളക്കാര്‍ എല്ലാ ദിവസവും അത് അനുവദിക്കില്ല. മോര്‍ട്ടാര്‍ ഷെല്ലിംഗും സ്‌ഫോടനങ്ങളും, വെടിവയ്പ്പുകളും പുറത്ത് നടന്നിരുന്നു.
അവരില്‍ ഭൂരിഭാഗവും പ്രായമായവരായിരുന്നു. അവര്‍ എന്ത് കാരണത്താലാണ് മരിച്ചതെന്ന് വ്യക്തമല്ല, എന്നാല്‍ ചിലര്‍ ശ്വാസം മുട്ടി മരിച്ചുവെന്ന് മൈക്കോള വിശ്വസിക്കുന്നു. ‘സാധാരണ അവസ്ഥയില്‍, അവര്‍ മരിക്കില്ലായിരുന്നു. പുടിന്‍ ഒരു യുദ്ധക്കുറ്റവാളിയാണ്,’ മൈക്കോള പറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മൃതദേഹങ്ങള്‍ക്കിടയില്‍ മണിക്കൂറുകളോളം, ചിലപ്പോള്‍ ദിവസങ്ങളോളം, അവരെ പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ ജീവിക്കേണ്ട അവസ്ഥ ഉണ്ടായി.
എല്ലായ്‌പ്പോഴും ആളുകള്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കാന്‍ പോലും പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു. പകരം ബക്കറ്റുകള്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. ചിലപ്പോള്‍ പട്ടാളക്കാര്‍ ആളുകളെ പരിചകളായി ഉപയോഗിക്കാന്‍ പിടിച്ചു കൊണ്ടുപോയി. ദിവസത്തില്‍ രണ്ടുതവണ പുറത്ത് തുറന്ന തീയില്‍ പാചകം ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. ഗ്രാമത്തില്‍ ആവശ്യത്തിന് ഭക്ഷണ ശേഖരവും വെള്ളത്തിനായി കിണറും ഉണ്ടായിരുന്നതിനാല്‍ ആ ദിവസങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞു. മൈക്കോള പറഞ്ഞു.
പതിനഞ്ചുകാരിയായ അനസ്താസിയയും പിതാവിനും മുത്തശ്ശിക്കും ഒപ്പം യാഹിദ്നെയിലെ ഈ ബേസ്മെന്റിലായിരുന്നു. ‘മുറിയില്‍ വെന്റിലേഷന്‍ ഇല്ലായിരുന്നു. ജനലുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ആളുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ആ ചെറിയ മുറിയില്‍ ഇരിക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇരുന്നാണ് ഉറങ്ങിയിരുന്നതും. അതുകൊണ്ടുതന്നെ പലപ്പോഴും ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. ഷെല്ലുകളുടെ ശബ്ദവും നിരന്തരം ഭയപ്പെടുത്തിയിരുന്നു’.
‘ഇപ്പോഴും എല്ലാ രാത്രിയിലും ഞാന്‍ പല പ്രാവശ്യം ഉണരും. വെടിയൊച്ച കേള്‍ക്കുന്നത് പോലെ എനിക്ക് തോന്നുന്നു. ഞാന്‍ പേടിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് ഓടും’. റഷ്യന്‍ സൈന്യം പിന്‍വാങ്ങിയിട്ടും ഭയം മാറുന്നില്ലെന്ന് അനസ്താസിയ പറയുന്നു.
കൈവ് പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ റഷ്യക്കാര്‍ ഇവിടെ നിന്ന് പിന്‍വാങ്ങി. എങ്കിലും റഷ്യക്കാര്‍ ഉടന്‍ മടങ്ങിയെത്തുമോയെന്ന ആശങ്കയിലാണ് ആളുകള്‍.
നഗരം ഉപരോധിക്കാനും ഒടുവില്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ശ്രമത്തില്‍ റഷ്യക്കാര്‍ ചെര്‍ണിഹിവിന് ചുറ്റുമുള്ള യാഹിദ്‌നെ പോലുള്ള ഗ്രാമങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. അവര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ അതിന്റെ പല ഭാഗങ്ങളിലും വ്യാപകമായ നാശം ഉണ്ടാക്കിയിട്ടുണ്ട്. ചെര്‍നിഹിവിന്റെ വടക്ക് ഭാഗത്തുള്ള നോവോസെലിവ്കയില്‍, കണ്ണെത്താദൂരത്തോളം നാശം ദൃശ്യമാണ്. 350 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏപ്രില്‍ 3 ന് റഷ്യക്കാര്‍ യാഹിദ്‌നെയില്‍ നിന്ന് പിന്‍വാങ്ങി. യുക്രേനിയന്‍ സൈനികര്‍ ഇപ്പോള്‍ ഗ്രാമത്തിലുണ്ട്. ഭൂരിഭാഗം ആളുകളേയും ഇപ്പോള്‍ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി. ചെര്‍നിഹിവ് പരിസരത്ത് നിന്ന് റഷ്യ പിന്‍വാങ്ങിയതുമുതല്‍, സന്നദ്ധപ്രവര്‍ത്തകര്‍ മരിച്ചവരെ സംസ്‌കരിക്കുന്ന തിരക്കിലാണ്. പ്രാദേശിക ശ്മശാനത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ പൂര്‍ണ്ണമായും പുതിയ ശവക്കുഴികളാല്‍ നിറഞ്ഞിരിക്കുന്നു. പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരം കണ്ടെത്താന്‍ കഴിയുമോ എന്നറിയാന്‍ ഇവിടേയ്ക്ക് വരുന്നുമുണ്ട്. ‘പുടിന്‍ കുറ്റവാളിയാണ്…ഞങ്ങളുടെ കണ്ണുനീരിന് അയാളാണ് ഉത്തരവാദി…പുടിന്‍ ശിക്ഷ അനുഭവിക്കണം’ എന്നതാണ് ഇത്തരത്തില്‍ യുദ്ധക്കെടുതിയില്‍ വേദനിക്കുന്ന ഇവര്‍ക്കെല്ലാം പറയാനുള്ള ഒരേയൊരുകാര്യം.