Saturday, January 25, 2025

യുക്രെയ്ന്‍ യുദ്ധം: സഹജീവികളെ രക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തുന്ന ഡ്രൈവര്‍മാര്‍

കെര്‍സണില്‍ നിന്നും കിഴക്കന്‍ യുക്രെയ്നിലെ മറ്റ് റഷ്യന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മുന്‍നിര ക്രോസ് ചെയ്യുന്ന നിരവധി വോളണ്ടിയര്‍ ഡ്രൈവര്‍മാരില്‍ ഒരാളാണ് അലക്‌സാണ്ടര്‍. യുദ്ധത്തിന് മുമ്പ് അഭിഭാഷകനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം.

വോളണ്ടിയര്‍ ഡ്രൈവര്‍മാര്‍ വലിയ സേവനമാണ് യുദ്ധമുഖത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ യുദ്ധമുഖത്തു നിന്ന് ആളുകളെ വണ്ടികളില്‍ കയറ്റി, അപകടകരമായ യാത്ര ചെയ്ത് അതിര്‍ത്തിയിലോ സുരക്ഷിത കേന്ദ്രങ്ങളിലോ എത്തിക്കും.

മാപ്പുകളില്‍ പോലും കാണിക്കാത്ത വഴികളിലൂടെയാണ് പലപ്പോഴും യാത്ര. അടിക്കാടുകളും ചെളിയും നിറഞ്ഞ വഴിയാണ് ഭൂരിഭാഗവും. ട്രാക്ടറുകളോ ഓഫ്‌റോഡ് ബൈക്കുകളോ മാത്രമാണ് ഇത്രനാള്‍ ഇതുവഴി സഞ്ചരിച്ചിരുന്നത്. ഇപ്പോള്‍ റഷ്യന്‍ ഷെല്ലുകളില്‍ അവിടെല്ലാം പതിച്ചു കഴിഞ്ഞു. അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ കുഴപ്പമില്ലാതിരുന്ന വഴികളില്‍ ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ ഷെല്ലുകള്‍ പതിഞ്ഞ്, വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കാം.

അധിനിവേശ പ്രദേശങ്ങളില്‍ റഷ്യ പിടിമുറുക്കുന്നതിനാല്‍ കെര്‍സണില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. റഷ്യന്‍ പോലീസിന്റെ ഭീഷണിയുടെയും കുതിച്ചുയരുന്ന ഭക്ഷണത്തിന്റെ വിലയുടെയും അധികാരികളുടെ തട്ടിക്കൊണ്ടുപോകല്‍ ഭയത്തിന്റെയും കഥകളാണ് ആളുകള്‍ പറയുന്നത്. അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, പലരും ഇപ്പോഴും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറയുന്നു.

നഗരം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ഇരുവശത്തുനിന്നും സുരക്ഷാ ഗ്യാരന്റി ലഭിക്കാത്തതിനാല്‍ തങ്ങള്‍ പലായനത്തിനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് യുഎന്നും റെഡ് ക്രോസും പറയുന്നു. പകരം, അലക്‌സാണ്ടറെപ്പോലുള്ള സന്നദ്ധ ഡ്രൈവര്‍മാര്‍ ഔപചാരികമായ കരാറുകളില്ലാതെ ചെക്ക്പോസ്റ്റുകളും റൂട്ടുകളും കണ്ടെത്തി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നു.

‘നിങ്ങള്‍ക്ക് മരവിച്ച മനസ്സും ഉറച്ച ഹൃദയവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍, നിങ്ങള്‍ക്ക് അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ല. ഓരോ പുതിയ സവാരിയും കൂടുതല്‍ കഠിനമാണ്. പഴയ റൂട്ടുകള്‍ അടച്ചിരിക്കുന്നു. ഞങ്ങള്‍ പുതിയവ തേടണം’. ഒലെഗ് പറയുന്നു. ഒലെഗ് ഒരു നിര്‍മ്മാതാവായിരുന്നു. ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തകന്‍.

ഒലെഗ് താന്‍ പിന്തുടരുന്ന പ്രക്രിയ വിശദീകരിക്കുന്നതിങ്ങനെയാണ്. എല്ലാ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളും രേഖകളും പരിശോധിച്ച്, ഒരു പ്രഥമശുശ്രൂഷ കിറ്റും വഹിച്ചാണ് യാത്ര. ഇതുവരെ തുറന്നിട്ടില്ലാത്ത വഴികളിലൂടെ വരെ പോകേണ്ടി വരും. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍, അഴുക്കും ശവശരീരങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. അദ്ദേഹം വേദനയോടെ പറയുന്നു. ഓരോ തവണയും ചെക്ക്‌പോസ്റ്റിന്റെ പരിസരത്ത് 2000 ത്തോളം വാഹനങ്ങള്‍ കാണും. ഏറെ നേരം കാത്തിരുന്നാലാണ് കടത്തിവിടുക.

ഒഡെസ ആസ് ഇറ്റ് ഈസ് എന്ന ടെലിഗ്രാം ചാനലില്‍ നിന്ന് ഉടലെടുത്ത ഒരു സന്നദ്ധ സംഘടനയുടെ ഭാഗമാണ് ഈ ഡ്രൈവര്‍മാര്‍. ഇവിടുത്തെ പ്രധാന കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ജൂലിയ പോഗ്രെബ്‌നയയുടെ ഫോണ്‍ എപ്പോഴും തിരക്കിലാണ്. ‘ഞാന്‍ ഉറങ്ങാറില്ല..ഡ്രൈവര്‍മാര്‍ തിരികെ വരുന്നതുവരെ എനിക്ക് ശ്വാസം വിടാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എല്ലാ കാര്യങ്ങളിലും ഞാന്‍ ഇടപെടേണ്ടതുണ്ട്. എനിക്ക് ഇവരുടെയെല്ലാം കാര്യത്തില്‍ വളരെയധികം ഉത്തരവാദിത്തമുണ്ട്. കാരണം ഒട്ടേറെ ഡ്രൈവര്‍മാര്‍ക്കും അപകടം സംഭവിക്കുന്നുണ്ട്’. അവര്‍ പറയുന്നു.

‘എങ്കിലും ഞങ്ങള്‍ ഭയന്ന് പിന്മാറുന്നില്ല. കാരണം ഞങ്ങളുടെ സഹായം ആവശ്യമുള്ള അനേകര്‍ ഇപ്പോഴും ഞങ്ങളെ വിളിച്ചുകൊണ്ടിരിക്കുകയാണ്’. ജൂലിയ പറയുന്നു.

Latest News