Sunday, April 6, 2025

യുക്രെയ്ന്‍ യുദ്ധം: സെവെറോഡോനെറ്റ്‌സ്‌കില്‍ കുടുങ്ങി ആയിരക്കണക്കിന് സാധാരണക്കാര്‍

യുക്രേനിയന്‍ നഗരമായ സെവെറോഡോനെറ്റ്സ്‌കില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരും നഗരത്തിലെ അസോട്ട് കെമിക്കല്‍ പ്ലാന്റിന് താഴെയുള്ള ബങ്കറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. നഗരത്തിന് പുറത്തേക്കുള്ള അവസാന പാലം ഈ ആഴ്ച ആദ്യം യുദ്ധത്തില്‍ തകര്‍ന്നു. അതുകൊണ്ടുതന്നെ അവിടെ ശേഷിക്കുന്ന 12,000 നിവാസികള്‍ നഗരത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

സെവെറോഡോനെറ്റ്‌സ്‌ക് പിടിച്ചെടുക്കുക എന്നത് ആഴ്ചകളായി റഷ്യയുടെ ഒരു പ്രധാന സൈനിക ലക്ഷ്യമാണ്. അവര്‍ തന്നെയാണ് ഇപ്പോള്‍ നഗരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും.

‘ജലത്തിന്റെയും ശുചീകരണത്തിന്റെയും കാര്യത്തില്‍ വലിയ ആശങ്കയാണ് നഗരത്തില്‍ നിലനില്‍ക്കുന്നത്. കാരണം വെള്ളമില്ലാതെ ആളുകള്‍ക്ക് എത്രനാള്‍ ജീവിക്കാന്‍ കഴിയും?’. യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ കാര്യ ഓഫീസിന്റെ വക്താവ് സാവിയാനോ അബ്രു പറഞ്ഞു. യുക്രെയ്നിന്റെ കിഴക്കന്‍ ലുഹാന്‍സ്‌ക് മേഖലയിലെ സെവെറോഡോനെറ്റ്സ്‌കില്‍ ഭക്ഷണ വിതരണങ്ങളും ആരോഗ്യ സംവിധാനങ്ങളും നിലച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായം നല്‍കാനാകുമെന്ന് യുഎന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പോരാട്ടം ശക്തമായി തുടരുന്നതിനാല്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഇപ്പോഴും അവിടെയുള്ള സാധാരണക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത് എളുപ്പവുമല്ല.

കെമിക്കല്‍ പ്ലാന്റില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്നതില്‍ യുക്രേനിയന്‍ സൈന്യം ‘പൂര്‍ണ്ണമായി പരാജയപ്പെടുത്തിയതായി’ ബുധനാഴ്ച റഷ്യന്‍ അനുകൂല വിഘടനവാദി ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

പ്ലാന്റില്‍ പോരാളികള്‍ക്കൊപ്പം സിവിലിയന്മാരും കുടുങ്ങിയതിന് റഷ്യന്‍ മാധ്യമങ്ങള്‍ യുക്രേനിയന്‍ സേനയെ കുറ്റപ്പെടുത്തി. പ്രദേശവാസികളെ യുക്രൈന്‍ ‘മനുഷ്യകവചം’ ആയി ഉപയോഗിക്കുന്നതായി അവര്‍ ആരോപിച്ചു.

പ്ലാന്റിനടിയില്‍ കുട്ടികളടക്കം 1,200 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള എന്‍ടിവി അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ അസോട്ട് സമുച്ചയത്തിന് താഴെ അഭയം പ്രാപിച്ചപ്പോള്‍, റഷ്യന്‍, യുക്രേനിയന്‍ സേനകള്‍ മുകളില്‍ നഗരത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തിലാണ്.

സെവെറോഡൊനെറ്റ്‌സ്‌ക് പിടിച്ചെടുക്കുന്നതിലൂടെ മോസ്‌കോയ്ക്ക് മിക്കവാറും എല്ലാ ലുഹാന്‍സ്‌ക് പ്രദേശങ്ങളിലും അധികാരം നേടാനാകും. ഇതില്‍ ഭൂരിഭാഗവും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്.

അതേസമയം, യുക്രെയ്നിന് ശക്തമായ ആയുധങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് പാശ്ചാത്യ സൈനിക സഖ്യ മേധാവി പ്രതിജ്ഞയെടുത്തു. ഈ മാസം അവസാനം നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പുതിയ സഹായ പാക്കേജ് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ശക്തമായ തിരിച്ചു വരവ് നടത്താന്‍ യുക്രൈന്‍ നഗരങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.

 

 

Latest News