ഏകദേശം ഒരു വര്‍ഷം മുമ്പ് യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിനുശേഷം മരിക്കുന്ന ഏറ്റവും ഉന്നത വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഇന്നലെ തലസ്ഥാനമായ കീവിനടുത്ത് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട 42 കാരന്‍ ഡെനിസ് മൊണാസ്റ്റിര്‍സ്‌കി.
നിലവില്‍ അദ്ദേഹം യുക്രേനിയന്‍ സര്‍ക്കാരില്‍ അംഗമായിരുന്നില്ല. 2021 ജൂലൈയില്‍ റഷ്യ രാജ്യത്തെ ആക്രമിക്കുന്നതിന് ആറുമാസം മുമ്പ് അദ്ദേഹം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റിരുന്നു.
1980 ല്‍ പടിഞ്ഞാറന്‍ നഗരമായ ഖ്‌മെല്‍നിറ്റ്സ്‌കിയില്‍ ജനിച്ച അദ്ദേഹം തുടക്കത്തില്‍ നിയമം പ്രാക്ടീസ് ചെയ്തിരുന്നുവെങ്കിലും 2014 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. നിയമ വിദഗ്ധനായി റിക്രൂട്ട് ചെയ്യപ്പെട്ട അദ്ദേഹം, 2019 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോളോഡിമര്‍ സെലെന്‍സ്‌കിയുടെ പോരാട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെ ഭാഗമായിരുന്നു.
പ്രസിഡന്റിന്റെ സെര്‍വന്റ് ഓഫ് പീപ്പിള്‍ പാര്‍ട്ടിയിലെ അംഗമെന്ന നിലയില്‍, അതേ വര്‍ഷം തന്നെ അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിയമപാലക കാര്യങ്ങളില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ തലവനായി സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ആഴ്സന്‍ അവകോവിന്റെ അപ്രതീക്ഷിത രാജിയുടെ പശ്ചാത്തലത്തിലാണ് മുന്‍നിര രാഷ്ട്രീയത്തിലേക്ക് മൊണാസ്റ്റിര്‍സ്‌കി എത്തിച്ചേര്‍ന്നത്. അഴിമതിയെ നേരിടാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന അവകോവിനെ പുറത്താക്കാന്‍ സെലന്‍സ്‌കി തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആ സമയത്ത്, മിസ്റ്റര്‍ മൊണാസ്റ്റിര്‍സ്‌കിയുടെ നിയമനം പ്രസിഡന്റിന്റെ അധികാരത്തിലുള്ള പിടി ഉറപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായി. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍, യുക്രെയ്‌നിലെ പോലീസിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം മൊണാസ്റ്റിര്‍സ്‌കിയായിരുന്നു.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍, കീവിന്റെ പോരാട്ടത്തിന് അന്താരാഷ്ട്ര പിന്തുണ നേടുക എന്ന വെല്ലുവിളി മൊണാസ്റ്റിര്‍സ്‌കിയ്ക്ക് മുന്നില്‍ ഉയര്‍ന്നു.
‘യുക്രൈനില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തത്തെ’ കുറിച്ച് ലോക മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു.
റഷ്യന്‍ മിസൈല്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ അപകടങ്ങളെക്കുറിച്ച് യുക്രേനിയന്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. മൊണാസ്റ്റിര്‍സ്‌കി നേതൃത്വം കൊടുത്തിരുന്ന മന്ത്രാലയം യുദ്ധത്തെ നേരിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നതിനാല്‍ ഇത് രാജ്യത്തെ എല്ലാവരേയും സംബന്ധിച്ച് ഒരു ദുരന്തമാണ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും എംപിയുമായ മരിയ മെസെന്റ്സെവ പറഞ്ഞു.
‘അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഏതു സമയത്തും സംസാരിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിവസം മുതല്‍ അദ്ദേഹം പ്രസിഡന്റ് സെലെന്‍സ്‌കിയുമായി വളരെ അടുപ്പത്തിലായിരുന്നു’. മൊണാസ്റ്റിര്‍സ്‌കിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
ഇതേ ഹെലികോപ്റ്റര്‍ അപകടത്തില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും മൊണാസ്റ്റിര്‍സ്‌കിയുടെ ഡെപ്യൂട്ടിയും ഉന്നത അഭിഭാഷകനുമായ യെവ്‌ജെനി എനിനും കൊല്ലപ്പെട്ടു.