കീവിലെ ബോംബ് ഷെല്‍ട്ടറില്‍ നിന്ന് ഏഴ് വയസ്സുകാരിയായ യുക്രൈനിയന്‍ പെണ്‍കുട്ടി ഒരു പാട്ടു പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അമേലിയ അനിസോവിച്ച് എന്ന പെണ്‍കുട്ടിയാണ് തന്നോടൊപ്പം ഷെല്‍റ്ററില്‍ കഴിയുന്ന ഒരു സ്ത്രീയുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഇഡിന മെന്‍സലിന്റെ ‘ലെറ്റ് ഇറ്റ് ഗോ’ എന്ന റഷ്യന്‍ പാട്ട് പാടിയത്. പെണ്‍കുട്ടി പാടുമ്പോള്‍ ഷെല്‍ട്ടറിലുള്ള മുഴുവന്‍ ആളുകളും നിശബ്ദരായിരുന്ന് ആ പാട്ട് ആസ്വദിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ട ആ വീഡിയോ കാട്ടുതീ പോലെയാണ് ലോകമെങ്ങും പ്രചരിച്ചത്. ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ച ഇഡിന മെന്‍സല്‍ ഉള്‍പ്പെടെ 13 ദശലക്ഷത്തിലധികം പേര്‍ വീഡിയോ കാണുകയും അമേലിയയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
15 വയസ്സുള്ള അവളുടെ സഹോദരനും മുത്തശ്ശിയുമൊത്ത് ആറു ദിവസത്തോളം അമേലിയ ബങ്കറില്‍ കഴിഞ്ഞു. പിന്നീട് പോളണ്ടിലേയ്ക്ക് പോയി. അവിടെ അവളിപ്പോള്‍ സുരക്ഷിതയുമാണ്. റഷ്യന്‍ സൈന്യത്തില്‍ നിന്ന് തലസ്ഥാനത്തെ സംരക്ഷിക്കുന്ന സേനയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അവളുടെ മാതാപിതാക്കള്‍ യുക്രൈനില്‍ തന്നെ താമസിക്കുകയാണ്.
‘അമേലിയ വളരെ കഴിവുള്ളവളും നല്ലൊരു മാലാഖക്കുട്ടിയുമാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ അവളെ അറിയുന്നതില്‍ സന്തോഷം’. അമേലിയയുടെ അമ്മ ലിലിയ പറഞ്ഞു. എന്നാല്‍ യുദ്ധം കാരണം അമേലിയയെപ്പോലുള്ള കുട്ടികള്‍ അടക്കമുള്ളവര്‍ എത്രമാത്രം ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും ലിലിയ ചോദിക്കുന്നു.