തങ്ങളുടെ കാറില്‍ റഷ്യന്‍ ഷെല്‍ പതിച്ചുണ്ടായ അപകടത്തില്‍, ഭര്‍ത്താവിന്റെയും മൂത്ത മകളുടെയും മരണത്തിന് വിക്ടോറിയ കോവലെങ്കോ എന്ന യുക്രേനിയന്‍ സ്ത്രീയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.
മാര്‍ച്ച് ആദ്യമാണ് വിക്ടോറിയയും കുടുംബവും അവരുടെ കാറില്‍, യുദ്ധത്തിന്റെ ഏറ്റവും തീവ്രമായ ഉപരോധങ്ങളിലൊന്നായ ചെര്‍നിഹിവ് നഗരത്തില്‍ നിന്ന് പലായനം ചെയ്തത്. യാഹിദിനെ ഗ്രാമത്തിനടുത്തുള്ള റഷ്യന്‍ ചെക്ക്പോസ്റ്റില്‍ വച്ച് അവരുടെ കാറിന് സമീപം ഒരു ഷെല്‍ പൊട്ടിത്തെറിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
പിന്നീട് വിക്ടോറിയ ഓര്‍ക്കുന്നത് അവിടെ നിന്ന് ഓടി രക്ഷപെടാന്‍ തങ്ങളോട് ആക്രോശിക്കുന്ന ഭര്‍ത്താവിന്റെ ശബ്ദമാണ്. പെട്ടെന്നു തന്നെ അദ്ദേഹം മരിച്ചു. അപ്പോഴാണ് അവള്‍, പന്ത്രണ്ടുകാരിയായ തന്റെ മൂത്ത മകള്‍ വെറോണിക്കയെ ശ്രദ്ധിച്ചത്. ”അവള്‍ കാറിന് പുറത്ത് കിടക്കുകയായിരുന്നു. അവളുടെ ശരീരത്തില്‍ തലയില്ലായിരുന്നു… ഞാന്‍ എല്ലാം വ്യക്തമായി കണ്ടു…അവളുടെ കഴുത്തില്‍ നിന്ന് രക്തം ഒഴുകുകയായിരുന്നു…’ ഭയാനക നിമിഷങ്ങളെ കണ്ണീരോടും വിറയലോടും കൂടെ വിക്ടോറിയ ഓര്‍ക്കുന്നു.
വിക്ടോറിയയും അവളുടെ ഇളയ മകള്‍ വാര്‍വരയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അവരെ റഷ്യന്‍ സൈന്യം പിടികൂടി യാഹിദ്നെയിലെ ഒരു സ്‌കൂളിന്റെ ബേസ്മെന്റിലേക്ക് കൊണ്ടുപോയി. 300-ലധികം ഗ്രാമീണര്‍ ബേസ്മെന്റിലുണ്ടായിരുന്നു. ആഴ്ചകളോളം അവിടെ കഴിഞ്ഞു. ഭക്ഷണക്ഷാമവും മാനസിക സമ്മര്‍ദവും മൂലം നിരവധി പേര്‍ അവിടെ വച്ചു മരണത്തിന് കീഴടങ്ങി. അവരുടെയെല്ലാം മൃതദേഹങ്ങള്‍ അടുത്തുള്ള ശ്മശാനത്തിലെ ഒരു കൂട്ടക്കുഴിമാടത്തിലാണ് സംസ്‌കരിച്ചിരുന്നത്.
ജീവനോടെയിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തതായി വിക്ടോറിയ പറയുന്നു. പുറത്ത് തീയില്‍ പാചകം ചെയ്യാനോ ടോയ്ലറ്റ് ഉപയോഗിക്കാനോ അനുവദിച്ചിരുന്ന അപൂര്‍വ സമയങ്ങളിലൊഴികെ രാവും പകലും ബേസ്മെന്റില്‍ തുടരാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതായി അവര്‍ പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തില്‍ അധികം പരിക്കേല്‍ക്കാത്തതും അല്‍പ്പമെങ്കിലും സമാധാനം നിലനില്‍ക്കുന്നതുമായ ലിവിവ് നഗരത്തിലാണ് ഇപ്പോള്‍ വിക്ടോറിയയും കുഞ്ഞുമുള്ളത്. എങ്കിലും ജീവിതത്തില്‍ ഒരിക്കലും സഹിക്കാനോ മറക്കാനോ കഴിയാത്ത വലിയ നഷ്ടത്തിന്റെ ഓര്‍മ്മകള്‍ അവളെ വേട്ടയാടുന്നു.
വിക്ടോറിയയുടെ ഭര്‍ത്താവ് പെട്രോയെയും മകള്‍ വെറോണിക്കയെയും ആദ്യം ഒരു വനപ്രദേശത്താണ് അടക്കം ചെയ്തത്. എന്നാല്‍ പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് യാഹിദ്‌നെ സെമിത്തേരിയില്‍ കൊണ്ടു വന്ന് സംസ്‌കരിച്ചു. തന്റെ പ്രിയപ്പെട്ടവരുടെ ശവസംസ്‌കാര സമയത്ത് അവള്‍ 500 കിലോമീറ്റര്‍ അകലെ ലിവിവിലായിരുന്നതിനാല്‍ ബന്ധുക്കള്‍ അവള്‍ക്ക് അയച്ചു നല്‍കിയ വീഡിയോയിലൂടെ മാത്രമാണ് അവള്‍ക്ക് അവരുടെ ശവസംസ്‌കാര ശുശ്രൂഷകള്‍ കാണാന്‍ കഴിഞ്ഞത്. ‘ഈ വീഡിയോ അവസാനം വരെ കാണാന്‍ കണ്ണുനീര്‍ അനുവദിക്കുന്നില്ല’. ഒരു വയസ്സുള്ള മകള്‍ വാര്‍വരയെ ചേര്‍ത്തുപിടിച്ച്, പൊട്ടിക്കരഞ്ഞുകൊണ്ട് വിക്ടോറിയ പറയുന്നു.