ആറുമാസം നീണ്ടുനിന്ന പാര്‍പ്പിട പ്ലെയ്സ്മെന്റുകള്‍ അവസാനിക്കുന്നതോടെ തങ്ങള്‍ ഭവനരഹിതരാകുമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ടിലെ യുക്രേനിയന്‍ അഭയാര്‍ഥികള്‍. കഴിഞ്ഞ മാസം അവസാനം ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് 127 യുക്രേനിയന്‍ കുടുംബങ്ങളെങ്കിലും ഭവനരഹിതരായിരുന്നു. ഇതില്‍ പകുതിയിലേറെയും കുട്ടികളുള്ള കുടുംബങ്ങളാണ്. അവര്‍ക്ക് താമസസൗകര്യം കണ്ടെത്താന്‍ കൗണ്‍സിലുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഹാംഷെയറില്‍ 74 കുടുംബങ്ങളും, ഓക്സ്ഫോര്‍ഡ്ഷെയറില്‍ 27 ഉം, റീഡിംഗില്‍ 14 ഉം, ബോണ്‍മൗത്ത്, ക്രൈസ്റ്റ് ചര്‍ച്ച്, പൂള്‍ പ്രദേശങ്ങളില്‍ നിന്നുള്ള 12 കുടുംബങ്ങളും ഭവനരഹിതരോ അതിന് സാധ്യതയുള്ളവരോ ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്‍ഫിസ വ്ലാസോവ എന്ന യുവതി നിലവില്‍ ഗാലോസ്ട്രീ കോമണിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പക്ഷേ നവംബറോടെ അവിടെ നിന്ന് മാറേണ്ടി വരും. എന്ത് സംഭവിക്കുമെന്നുള്ള ഭയത്തിലാണ് താനെന്ന് ഖാര്‍കിവില്‍ നിന്നുള്ള ഈ അഭയാര്‍ത്ഥി പറയുന്നു.
‘എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാരണം ഒരു അത്ഭുതം സംഭവിച്ചാല്‍ മാത്രമേ ഉദാരമതിയായ ഒരു ഭൂവുടമയെ കണ്ടെത്താനും അവരുടെ വീട്ടില്‍ താമസിക്കാനും കഴിയുകയുള്ളു’. അന്‍ഫിസ പറഞ്ഞു.
ഈ പ്രക്ഷോഭം തങ്ങള്‍ക്ക് ആശങ്കയും അസുഖവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നതായി റീഡിംഗില്‍ താമസിക്കുന്ന യുക്രേനിയക്കാരന്‍ മിക്ക് പോളെക്ക് പറഞ്ഞു. യുക്രേനിയക്കാര്‍ അഭിമാനമുള്ള ആളുകളാണ്. അവര്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇവിടെ ഇതുവരെ ലഭിച്ച സഹായങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. പക്ഷേ ഇപ്പോഴത്തെ താമസ സ്ഥലം വിട്ട് ഇറങ്ങേണ്ടി വന്നാല്‍ തെരുവിലൂടെ നടക്കാന്‍ കഴിയില്ല. ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ സാമ്പത്തികവും അനുവദിക്കില്ല. ഭാഷാപരമായ തടസ്സങ്ങളുമുണ്ട്’. മിക്ക് പറയുന്നു. ‘ഹോംസ് ഫോര്‍ യുക്രെയ്ന്‍’ പദ്ധതി അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തങ്ങള്‍ അഭയം നല്‍കിയ ഒരു യുക്രേനിയന്‍ കുടുംബം തന്റെ വീട് പൂര്‍ണ്ണമായും ഏറ്റെടുത്തെന്നും അതോടെ താന്‍ അവിടുത്തെ അതിഥിയായി മാറിയതുപോലെ തോന്നുന്നുവെന്നും ബെര്‍ക്ക്ഷെയറിലെ ഒരു വീട്ടുടമസ്ഥ പറഞ്ഞു.
ഹാംഷെയറില്‍ നിന്നുള്ള മറ്റൊരു ആതിഥേയന്‍, നാല് പേരടങ്ങുന്ന ഒരു യുക്രേനിയന്‍ കുടുംബത്തിന് ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ വീടു വിട്ട് പോകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുക്കളയില്‍ വെവ്വേറെ പാചകം ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമായതായി അദ്ദേഹം പറയുന്നു. ജീവിതച്ചെലവ് പ്രതിസന്ധിക്കൊപ്പം ഇന്ധന ബില്ലുകള്‍ കുതിച്ചുയരുന്നതിനെ കുറിച്ചും ആളുകള്‍ക്ക് ആശങ്കയുണ്ട്.
ഡോര്‍സെറ്റിലെ വിംബോണില്‍ നിന്നുള്ള ഡേവിഡ് ഫ്രാങ്കളും ഭാര്യ ആസ്ട്രിഡും ഏപ്രിലില്‍ തകര്‍ന്ന നഗരമായ മരിയുപോളില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തെ തങ്ങളുടെ വീട്ടില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ബന്ധം വഷളായതോടെ ജൂലൈയില്‍ ആ കുടുംബം അവിടെ നിന്ന് മാറി.
ഒലീന കോവലെങ്കോയും ഭര്‍ത്താവ് ഒലെക്സാണ്ടറും യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മകളുമായി യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തതാണ്. ബെര്‍ക്ക്ഷെയറിലെ ഗോറിംഗിലുള്ള ഒരു കുടുംബം അവരെ രണ്ട് മാസത്തേക്ക് കൂട്ടികൊണ്ടുപോയി. പക്ഷേ അവര്‍ക്ക് ആ വീട്ടില്‍ നിന്ന് പോകേണ്ടിവന്നു. ഇപ്പോള്‍ ഒരു ലോഡ്ജിലാണ് താമസം.
ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം സ്‌പോണ്‍സര്‍മാരും ആറ് മാസം കഴിഞ്ഞാലും ആതിഥേയത്വം തുടരാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഒരു ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ‘കുടുംബങ്ങള്‍ താമസസ്ഥലമില്ലാതെ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൗണ്‍സിലുകള്‍ക്ക് കടമയുണ്ട്. അഭയാര്‍ത്ഥികളായി എത്തിച്ചേരുന്ന എല്ലാ ആളുകള്‍ക്കും ആദ്യ ദിവസം മുതല്‍ വിവിധ ആനുകൂല്യങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും. കൂടാതെ ഓരോ വ്യക്തിക്കും നിശ്ചിത തുക അധിക ചെലവുകള്‍ക്കായി ഞങ്ങള്‍ കൗണ്‍സിലുകള്‍ക്ക് നല്‍കുന്നുമുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.