ഞായറാഴ്ച യുക്രേനിയന്‍ നഗരമായ ബുച്ചയിലെ റോഡരികില്‍ കൈകള്‍ പുറകില്‍ കെട്ടിയിടപ്പെട്ട്, തലയില്‍ വെടിയുണ്ടയേറ്റ് മരിച്ചു കിടക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. റഷ്യന്‍ അധിനിവേശം അഞ്ചാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ കൊല്ലപ്പെട്ട നൂറുകണക്കിന് പ്രദേശവാസികളില്‍ ഒരാളായിരുന്നു അത്.
സമാനമായ രീതിയില്‍ മറ്റ് മൂന്നു പേരുടേയും മൃതദേഹങ്ങള്‍ ഈ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ശരീരത്തില്‍ മറ്റെവിടെയും കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ മൂന്ന് പേരും പുരുഷന്മാരാണ്. മൂന്ന് പേരും സിവിലിയന്‍ വസ്ത്രം ധരിച്ചിരുന്നു. ഒരാളുടെ കൈകള്‍ ബന്ധിച്ചിരുന്നു. കൈകള്‍ ബന്ധിച്ചയാളുടെ ചുണ്ടിലും മുഖത്തും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. അത്തരം അടയാളങ്ങളില്‍ നിന്ന് ഒരു വ്യക്തിയെ ഏറ്റവും അടുത്ത് നിന്ന് വെടിവച്ചിട്ടുണ്ടെന്ന് അര്‍ത്ഥമാക്കാം.
കഴിഞ്ഞയാഴ്ച അവസാനം, റഷ്യന്‍ സൈന്യം നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം കൊല്ലപ്പെട്ടതായി കണ്ടെത്തിയ 50 പേര്‍, റഷ്യന്‍ സൈന്യം നടത്തിയ എക്സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളുടെ ഇരകളാണെന്നും ഉദ്യോഗസ്ഥര്‍ മോസ്‌കോയെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചിട്ടുണ്ടെന്നും ബുച്ചയുടെ ഡെപ്യൂട്ടി മേയര്‍ തരാസ് ഷാപ്രവ്‌സ്‌കി പറഞ്ഞു. റഷ്യയുടെ പിന്‍വാങ്ങലിന് ശേഷം 300 ഓളം പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി മേയര്‍ ഷാപ്രവ്‌സ്‌കി പറഞ്ഞു.
യുദ്ധകുറ്റങ്ങള്‍ ആരോപിച്ചുകൊണ്ട് യുക്രേനിയന്‍ അധികാരികള്‍ പ്രസിദ്ധീകരിച്ച എല്ലാ ഫോട്ടോഗ്രാഫുകളും വീഡിയോകളും ഒരു പ്രകോപനം മാത്രമാണെന്നും ബുച്ചയിലെ ഒരു താമസക്കാരനും റഷ്യന്‍ സൈനികരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കൈവിനു 37 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ഈ നഗരത്തില്‍ റഷ്യന്‍ സൈനികരില്‍ നിന്നു നേരിട്ട ഒരു പരീക്ഷണം ടെറ്റിയാന വോളോഡിമിറിവ്‌ന വിവരിച്ചു. തന്റെ ഭര്‍ത്താവിന്റെ ആഴം കുറഞ്ഞ ശവക്കുഴിയിലേക്ക് ചൂണ്ടി കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞുതുടങ്ങി…’ഞാനും മുന്‍ നാവികനായ ഭര്‍ത്താവും ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വലിച്ചിഴക്കപ്പെട്ടു. ഞങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ പട്ടാളക്കാര്‍ ഞങ്ങളെ തടവിലാക്കി. റഷ്യന്‍ സേനയ്ക്കൊപ്പമുള്ള ഒരു പോരാളി ‘ഞങ്ങളെ വെട്ടിമുറിക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കി’.
ടെറ്റിയാനയെ നാല് ദിവസത്തെ തടവിന് ശേഷം വിട്ടയച്ചു. പക്ഷേ അവളുടെ ഭര്‍ത്താവിനെ ദിവസങ്ങളോളം കാണാനില്ലായിരുന്നു. പിന്നീട് മൃതദേഹം വീട്ടുപടിയ്ക്കല്‍ തന്നെ കണ്ടെത്തി. അയാളുടെ മൃതദേഹം വികൃതമാക്കപ്പെട്ടിരുന്നു. തലയില്‍ വെടിയുമേറ്റിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹം വീണ്ടെടുത്ത ശേഷം, ടെറ്റിയാനയും ചില അയല്‍ക്കാരും ചേര്‍ന്ന് അവരുടെ കെട്ടിടത്തിനടുത്തുള്ള ഒരു പൂന്തോട്ടത്തില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു.
റഷ്യന്‍ സൈന്യം കൈവിന്റെ വടക്ക് നിന്ന് പിന്‍വാങ്ങുന്നതുവരെ, രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. കിഴക്കന്‍ യുക്രെയ്‌നിലെ യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വീണ്ടും സംഘടിക്കുകയാണെന്ന് മാര്‍ച്ച് അവസാനത്തോടെ മോസ്‌കോ പറഞ്ഞു.
ഞായറാഴ്ച ബുച്ചയ്ക്ക് സമീപമുള്ള ഹോസ്റ്റോമലില്‍ സംസാരിച്ച യുക്രേനിയന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് പറഞ്ഞു: ‘ഇതൊരു പ്രത്യേക ഓപ്പറേഷനല്ല, ഇത് പോലീസ് നടപടികളല്ല…സിവിലിയന്മാര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്ത മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളാണ്’.