Friday, April 4, 2025

ഇവര്‍ യുദ്ധമുഖത്തെ പെണ്‍പുലികള്‍! യുക്രൈന്‍ ജനതയ്ക്കായി പോരാടുന്ന നാല് ധീര വനിതകളെ പരിചയപ്പെടാം

യുക്രെയ്‌നിലെ സൈന്യത്തിന്റെ ബഹുഭൂരിപക്ഷവും പുരുഷന്മാരാണെങ്കിലും, റഷ്യ യുക്രെയ്ന്‍ ആക്രമിക്കുന്നതിനുമുമ്പ് ഏകദേശം 32,000 സ്ത്രീകള്‍ രാജ്യത്തിന്റെ സായുധ സേനയില്‍ ഉള്‍പ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം കൂടുതല്‍ വനിതകള്‍ പോരാട്ടത്തില്‍ പങ്കാളികളായി. അവര്‍ ചെക്ക്പോസ്റ്റുകളില്‍ പട്രോളിംഗ് നടത്തുകയും മുന്‍നിരകളില്‍ കാവല്‍ നില്‍ക്കുകയും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കുകയും നിര്‍ണായകമായ സമയങ്ങളില്‍ വൈദ്യസഹായം നല്‍കുകയും ചെയ്യുന്നു.

18 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നത് യുക്രേനില്‍ നിരോധിച്ചിരിക്കുന്നു. അതായത് രാജ്യം വിട്ട് അയല്‍രാജ്യങ്ങളിലേക്ക് പോയ 3 ദശലക്ഷം അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എന്നാല്‍ ചില സ്ത്രീകളും രാജ്യത്തു തന്നെ തുടരുകയാണ്. തങ്ങളുടെ രാജ്യത്തിനുവേണ്ടി യുദ്ധമുഖത്ത് പോരാടാനാണിത്. ഇത്തരത്തില്‍ രക്ഷപെടാനുള്ള അവസരം ഒഴിവാക്കി സ്വന്തം രാജ്യത്തു തന്നെ നിന്നുകൊണ്ട് പോരാടുന്ന് നാല് വനിതകളെ പരിചയപ്പെടാം…

വിക്ടോറിയ ക്രമറെങ്കോ

തലസ്ഥാനത്തെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മെഡിക്കല്‍ അസിസ്റ്റന്റാണ് 55 കാരിയായ ക്രാമറെങ്കോ. 2015-ല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് യുദ്ധകാല മെഡിക്കായി സന്നദ്ധസേവനം ചെയ്യാന്‍ തുടങ്ങിയതാണവര്‍. സൈനിക സംഘട്ടനത്തിന്റെ മുന്‍നിരയില്‍ പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും ചികിത്സിക്കാന്‍ തന്റെ അവധിസമയങ്ങളെല്ലാം അവര്‍ ഉപയോഗിച്ചു പോന്നു. ഇപ്പോള്‍ കൈവിനു വടക്കുള്ള നഗരമായ ഇര്‍പിനില്‍ വോളണ്ടിയറായി സേവനം ചെയ്യുന്നു.

തകര്‍ന്ന ഒരു പാലത്തിനടിയില്‍ ഭയചകിതരായ ജനക്കൂട്ടം, ബോംബാക്രമണങ്ങളില്‍ ഭയന്ന്, ശ്വാസം വിടാന്‍ പോലുമാകാത്ത പോലെ ഭയപ്പെട്ടിരിക്കുന്നു. പലരും കിലോമീറ്ററുകളോളം നടന്നെത്തിയവരാണ്. ചിലര്‍ പ്രായമായവരെ മുതുകിലോ കൈകളിലോ ചുമക്കുകയാണ്. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും അവര്‍ക്ക് കൈയ്യിലൊതുക്കാവുന്ന എല്ലാ വസ്തുക്കളെയും അവര്‍ കൂടെക്കൊണ്ടു വന്നിട്ടുമുണ്ട്. വിക്ടോറിയ ക്രമറെങ്കോയുടെ ജോലി അവരുടെ അപകടകരമായ യാത്രയുടെ ഈ ഘട്ടത്തെ അതിജീവിക്കാന്‍ അവരെ സഹായിക്കുക എന്നതായിരുന്നു.

കൈവിന്റെ പ്രാന്തപ്രദേശത്ത് റഷ്യ ആക്രമണം വര്‍ധിപ്പിച്ചപ്പോഴാണ്, ജന്മനാടായ ഇര്‍പിനില്‍ നിന്ന് നഗരത്തെ വേര്‍തിരിക്കുന്ന തകര്‍ന്ന പാലത്തിലേക്ക് ക്രമറെങ്കോ നീങ്ങിയത്. തലസ്ഥാനത്തെ റഷ്യന്‍ മുന്നേറ്റത്തെ ഭയന്ന്, ശത്രുസൈന്യം കടക്കാതിരിക്കാന്‍ യുക്രേനിയന്‍ സൈന്യം പാലം തകര്‍ത്തിരുന്നു. കൈവിലെ വിനാശകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്ന സാധാരണക്കാര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലൂടെ നദിക്ക് കുറുകെ ഓടാന്‍ തുടങ്ങി. അവരില്‍ പലരെയും സുരക്ഷിതമായി മറുകരയില്‍ എത്തിക്കാന്‍ ക്രമറെങ്കോ സഹായിച്ചിട്ടുണ്ട്.

റഷ്യന്‍ ആക്രമണം ഇര്‍പിനില്‍ നിരവധി ആളുകളെ കൊല്ലുകയും വീടുകള്‍ നശിപ്പിക്കുകയും ഫോണും ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിക്കുകയും ചെയ്തു. അവരുടെ മാതാപിതാക്കളും ഇപ്പോഴും ആ നഗരത്തിലുണ്ട്. ഒരു തവണ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, അവള്‍ തീപിടുത്തത്തിനും വിധേയയായി. അടിയന്തിര സാധനങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കാനും അപകടത്തില്‍ പെട്ടവരെ ആശുപത്രികളില്‍ എത്തിക്കാനുമെല്ലാം അവര്‍ ഇപ്പോഴും ഓടിനടക്കുന്നു.

കഴിഞ്ഞ മാസം റഷ്യ യുക്രെയ്ന്‍ ആക്രമിക്കാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന സമയത്ത്, ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിലെ പുതിയ അംഗങ്ങള്‍ക്കായി വാര്‍ മെഡിസിനില്‍ അവര്‍ ഒരു ക്രാഷ് കോഴ്സ് ആരംഭിച്ചു. യുദ്ധ പരിചയമില്ലാത്തവര്‍ പോലും ആ കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ‘ഞാന്‍ ആളുകള്‍ക്ക് സേവനം ആവശ്യമുള്ള തൊഴില്‍ തിരഞ്ഞെടുത്തു. അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ അവരെ സഹായിക്കേണ്ടിയിരിക്കുന്നു’. ക്രമറെങ്കോ പറയുന്നു.

സര്‍ജന്റ് ഡാരിയ ഫിലിപ്പീവ

യുദ്ധം തുടങ്ങിയ സമയത്ത് ഡാരിയ ഫിലിപ്പീവ എന്ന മുപ്പത്തിമൂന്നുകാരി അവധിയിലായിരുന്നു. കൈവിലെ തന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ് സജ്ജീകരിക്കുന്ന തിരക്കിലായിരുന്നു അവര്‍. ഇപ്പോള്‍ അവര്‍ തലസ്ഥാനത്ത്, അടുത്തിടെ സൈനികരുടെ ആസ്ഥാനമാക്കി മാറ്റിയ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് കഴിയുന്നത്. ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചപ്പോള്‍, അടിയന്തിരമായി യുദ്ധ സഹായം ചെയ്യാന്‍ ആഗ്രഹിച്ച് അവള്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

‘എനിക്ക് എന്റെ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ ഒരു സൈനികനും സര്‍ജന്റും ഒരു യുദ്ധ മെഡിക്കുമാണ്, എനിക്ക് ഈ രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍, എനിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ആയുധം എങ്ങനെ, എവിടെ നിന്ന് ലഭിക്കും എന്ന് കീവില്‍ മുഴുവന്‍ ഞാന്‍ അന്വേഷിച്ചു’. ഫിലിപ്പീവ പറയുന്നു.

തുടര്‍ന്ന് അവള്‍ കൈവിലെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിലെ കമാന്‍ഡറായ ഒരു സുഹൃത്തുമായി ബന്ധപ്പെട്ട് ഒരു റൈഫിളും കൈയ്യില്‍ പിടിച്ച് അവരോടൊപ്പം ചേര്‍ന്നു. അവള്‍ തന്റെ പുതിയ സഹപോരാളികളെ കോംബാറ്റ് മെഡിസിനില്‍ പരിശീലിപ്പിക്കുകയും ചെയ്തു തുടങ്ങി. സ്വന്തം രാജ്യത്തിനുവേണ്ടി എന്തെങ്കിലും അര്‍ത്ഥവത്തായത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവള്‍ 2019 ല്‍ ആദ്യമായി സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് കോംബാറ്റ് മെഡിസിന്‍ കോഴ്‌സില്‍ ഉന്നത ബിരുദവും നേടി.

‘ഞാന്‍ ആളുകള്‍ക്ക് ഉപകാരിയായിരിക്കും. ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിക്കില്ല. ഇപ്പോള്‍ ഈ വലിയ യുദ്ധത്തില്‍ പങ്കാളിയാകുന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമാണ്’. ഫിലിപ്പീവ പറഞ്ഞു. യുദ്ധക്കളത്തില്‍ എല്ലാവരും തന്നെ ഒരു സ്ത്രീയായി മാത്രമല്ല, ഈ രാജ്യത്തെ ഒരു പൗരനായി കാണുന്നു എന്നത് തനിക്ക് വളരെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീയോ പുരുഷനോ എന്നതിലല്ല, ഉള്ളുകൊണ്ട് നാം എത്രമാത്രം ശക്തരാണ് എന്നതാണ് പ്രധാനം’. ഫിലിപ്പീന പറയുന്നു.

ഡാരിയ വസില്‍ചെങ്കോ

ഉക്രേനിയന്‍ പ്രതിരോധം തകര്‍ത്ത് തലസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു റഷ്യക്കാരെയും നേരിടാന്‍ തയാറാണ് 29 കാരിയായ ഡാരിയ വസില്‍ചെങ്കോ. ‘അവര്‍ക്ക് നല്ല സ്വീകരണം കൊടുക്കാന്‍ ഞങ്ങള്‍ ഇവിടെ എല്ലാം ക്രമീകരിച്ചിട്ടുണ്ട്’. നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിരുന്ന റൈഫിളില്‍ കെകളോടിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

വസില്‍ചെങ്കോ കുട്ടിക്കാലത്തു തന്നെ ഷൂട്ട് ചെയ്യാന്‍ പഠിച്ചു. ഒന്‍പതാം ക്ലാസില്‍ വച്ച് , ആണ്‍കുട്ടികള്‍ സ്‌കൂളില്‍ ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ മെഡിക്കല്‍ എയ്ഡുമായി ബന്ധപ്പെട്ട കോഴ്സുകളിലാണ് ഉള്‍പ്പെടുത്തിയത്. എല്ലാ മെഡിക്കല്‍ വൈദഗ്ധ്യങ്ങളും വേഗത്തില്‍ പഠിച്ചു തീര്‍ത്ത് വസില്‍ചെങ്കോ ആണ്‍കുട്ടികളുടെ ക്ലാസില്‍ ചേര്‍ന്നു. അവിടെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനും അവള്‍ അതിവേഗം പഠിച്ചു.

യുദ്ധം ആരംഭിച്ചതുമുതല്‍, നഗരത്തിന്റെ വടക്ക് ഭാഗത്തിന്റെ സുരക്ഷ ഒരുക്കുന്നവരില്‍ വസില്‍ചെങ്കോയുമുണ്ട്. ‘ഒരു സ്ത്രീ പട്ടാളക്കാരിയായി ജോലി ചെയ്യുന്നത് എന്തിനാണെന്ന് പലരും, പ്രത്യേകിച്ച് പുരുഷന്മാര്‍ ചോദ്യം ചെയ്യാറുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ജോലിയുണ്ടെന്നും എല്ലാം ശരിയാകുമെന്നും ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് അവരോട് പറയും’. വസില്‍ചെങ്കോ പറയുന്നു.

കൈവിലെ മുനിസിപ്പല്‍ സെക്യൂരിറ്റി സര്‍വീസിനായി പബ്ലിക് റിലേഷന്‍സിലാണ് വസില്‍ചെങ്കോ ജോലി ചെയ്തിരുന്നത്. മിലിട്ടറിയില്‍ കമാന്‍ഡറായ ഭര്‍ത്താവും ഇപ്പോള്‍ യുദ്ധമുഖത്താണ്. അവരുടെ വീടും ഈ ദിവസങ്ങളില്‍ നടന്ന ഷെല്ലാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ അതൊരു കെട്ടിടം മാത്രമാണെന്നും അത് പുതുക്കിപ്പണിയാവുന്നതാണെന്നും ഞങ്ങള്‍ സൈന്യത്തില്‍ ഞങ്ങളുടെ ജോലി തുടരുന്നു, മറ്റൊന്നും ഇപ്പോള്‍ പ്രധാനമല്ല എന്നുമാണ് വസില്‍ചെങ്കോ പറയുന്നത്.

അലോന ബുഷിന്‍സ്‌ക

32 കാരിയായ അലോന ബുഷിന്‍സ്‌ക ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ 17 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ട്. ഇപ്പോഴാകട്ടെ, കൈവിലെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഉപയോഗത്തിനായി പരിവര്‍ത്തനം ചെയ്ത ഒരു കെട്ടിടത്തില്‍ ഒരു റൈഫിളുമായാണ് അവള്‍ ഉറങ്ങുന്നത്.

‘മുഖങ്ങളിലോ കണ്ണുകളിലോ മുറിവുകളിലോ തൊടാന്‍ എനിക്ക് ഭയമില്ല. എനിക്ക് രക്തത്തെ പേടിയില്ല. വലിയ പ്രോഗ്രാമുകള്‍ പലതും ഞാന്‍ മാനേജ് ചെയ്തിട്ടുണ്ട്. അവയില്‍ പലതും വലിയ സമ്മര്‍ദ്ദം ഉള്ളവയുമായിരുന്നു. ഒരേസമയം നിരവധി ജോലികള്‍ കൈകാര്യം ചെയ്യാനും ഒരേസമയം ധാരാളം ആളുകളുമായി പ്രവര്‍ത്തിക്കാനും ഞാന്‍ ശീലിച്ചിട്ടുണ്ട്. അതിനാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ അവരിലൊരാളായി നിന്ന് ജോലി ചെയ്യാന്‍ എനിക്ക് യാതൊരു മടിയും പരിചയക്കുറവും ഇല്ല’. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എങ്ങനെ യുദ്ധമുഖത്ത് സേവനം ചെയ്യുന്നു എന്ന് സംശയിക്കുന്നവര്‍ക്ക് അവള്‍ തന്നെ നല്‍കുന്ന മറുപടിയാണിത്.

ബുഷിന്‍സ്‌കയുടെ രണ്ട് ഗ്രാന്റ് പേരന്റ്‌സ് ഷൂട്ടര്‍മാരായിരുന്നു. കൂടാതെ നാല് വ്യത്യസ്ത തരം തോക്കുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും അവള്‍ പഠിച്ചിട്ടുണ്ട്. ‘ഒരാളുടെയും ജീവന്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സാഹചര്യത്തിന് അത് ആവശ്യമാണെങ്കില്‍ ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കും’. അവള്‍ പറയുന്നു.

 

 

Latest News