യുനെസ്‌കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ഗുജറാത്ത് സ്വദേശിയായ 12-കാരന്‍, അയാന്‍. ആഗോള തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവന്‍ ശ്രദ്ധാലുവാണ്. ചരിത്രത്തോടുള്ള അവന്റെ അടങ്ങാത്ത അഭിനിവേശമാണ് അവന്റെ കരവിരുതില്‍ വിരിയുന്ന ഓരോ ചിത്രങ്ങളും. പ്രായത്തിനേക്കാളേറെ പക്വമായാണ് അയാന്‍ ഓരോ സൃഷ്ടിയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ലോകം ഒന്നടങ്കം അവന്റെ സൃഷ്ടികള്‍ക്ക് മുന്‍പില്‍ വിസ്മയം കൂറുകയാണ്.
വിധി വില്ലനായി എത്തുമെന്ന പോലെ, അയന്റെ ജീവിതത്തിലേക്ക് എത്തിയ വില്ലനായിരുന്നു ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി (ഡിഎംഡി) എന്ന അപൂര്‍വ രോഗം. എട്ടാം വയസിലായിരുന്നു അയാന് രോഗം ബാധിച്ചത്. ദശലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണിത്. രോഗത്തിന്റെ അപൂര്‍വ്വതയും ചികിത്സയുടെയും മരുന്നിന്റെയും ലഭ്യത കുറവും ആദ്യഘട്ടത്തില്‍ അയാന്റെ ജീവിതത്തിന് മങ്ങലേല്‍പ്പിച്ചു. എന്നിരുന്നാലും മകന്റെ ചികിത്സയ്ക്കായി ഏതറ്റം വരെയും പോകാന്‍ അവന്റെ കുടുംബം തയ്യാറായിരുന്നു. വിറ്റിലിപ്‌സോ എന്നറിയപ്പെടുന്ന മരുന്നാണ് അയാന്റെ രോഗം ഭേദമാക്കാന്‍ ആവശ്യമുള്ളത്. കോടി കണക്കിന് വിലയുള്ള ഈ മരുന്ന് യുകെ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണ് എത്തുന്നത്. 2.5 മുതല്‍ മൂന്ന് കോടി രൂപ വരെ സമാഹരിച്ച് മാതാപിതാക്കള്‍ മകനായി മരുന്ന് ഗുജറാത്തിലെത്തിച്ചു.
അപൂര്‍വ്വത എന്തെന്നാല്‍, ഭീമാകാരമായ ഈ തുക സമാഹരിച്ചത് അയാന്റെ മിടുക്ക് കൊണ്ടായിരുന്നു, അവന്റെ കഴിവ് കൊണ്ടായിരുന്നു. അവന്റെ ചികിത്സ തുടരുന്നതിനും കഴിവുകള്‍ ആഘോഷമാക്കുന്നതിനുമായി മാതാപിതാക്കള്‍ മുംബൈയില്‍ ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ ഓരോ ക്യന്‍വാസും ലോകം ആവേശത്തോടെ സ്വന്തമാക്കി.
ഇന്ത്യയിലുടനീളം ചൂടപ്പം പോലെയാണ് അയാന്റെ ചിത്രങ്ങള്‍ വിറ്റഴിഞ്ഞത്. രോഗത്തിന്റെ വേദന തിന്നുന്നതിനിടെയിലും അവന്റെ കലയോടുള്ള അഭിനിവേശം വര്‍ദ്ധിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ അസാധാരണമായ കഴിവിനെ അംഗീകരിക്കുകയാണ് യുനെസ്‌കോ. യുനെസ്‌കോയുടെ പൈതൃക ബഹുമതിയും ഹെറിറ്റേജ് ആര്‍ട്ടിസ്റ്റ് എന്ന വിശിഷ്ട പദവിയും ലഭിച്ചിരിക്കുകയാണ് ഈ കുഞ്ഞു ബാലന്. തന്റെ വേദന, ചിത്രങ്ങളാക്കി അയാന്‍, ലോകമെമ്പാടും ഡിഎംഡിയെ കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.