‘അക്രമം ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞങ്ങളുടെ വീടിന് എന്തുസംഭവിച്ചെന്ന് അറിയില്ല. നിരവധി വീടുകള്‍ കത്തിച്ചതുപോലെ ഞങ്ങളുടെ വീടും കത്തിച്ചിരിക്കാം’ – മണിപ്പൂരില്‍ നിന്നും പലായനം ചെയ്ത് നാഗാലാന്‍റിലെത്തിയ നെംഗ്പി എന്ന അമ്മയുടെ വാക്കുകളാണിത്. വംശീയകലാപം രൂക്ഷമായ സംസ്ഥാനത്തുനിന്നും രക്ഷപെട്ട് അയല്‍സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ അഭയം പ്രാപിച്ചിരിക്കുന്നത്. പലായനം ചെയ്ത് അഭയംതേടിയെത്തിയ കുക്കിസമുദായക്കാര്‍ക്ക് ഇത്തരം നിരവധി സങ്കടങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ഇത് വിരല്‍ചൂണ്ടുന്നത്, മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്ന വിവരങ്ങളേക്കാള്‍ ഏറെ സംഭവങ്ങള്‍, ക്രൂരതകള്‍ സംസ്ഥാനത്ത് നടന്നിരുന്നു ഇന്നും നടക്കുന്നു എന്നുമാണ്.
സംഘര്‍ഷം രൂക്ഷമായതിനെതുടര്‍ന്ന് കുക്കിസമുദായത്തില്‍ നിന്നുള്ള 5,000-ത്തിലധികം ആളുകള്‍ നാഗാലാന്റില്‍ അഭയംപ്രാപിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളൊന്നും സജ്ജീകരിച്ചിട്ടില്ല. കുക്കിസമുദായാംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ദിമാപൂരിനടുത്തുള്ള ഗ്രാമങ്ങളിലാണ് കൂടുതല്‍ അഭയാര്‍ഥികളും കഴിയുന്നത്. തലചായ്ക്കാനുള്ള സൗകര്യങ്ങള്‍പോലും പുതിയ ഇടത്ത് പരിമിതമെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിലുള്ള ആശ്വസത്തിലാണ് പലരും. ചിലരുടെ കണ്ണുകളില്‍, അവർ നേരില്‍കണ്ട ക്രൂരതകളും ജന്മദേശം വിട്ടതിലുള്ള പ്രയാസവും നിഴലിക്കുന്നു. ‘അക്രമം ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞങ്ങളുടെ വീടിന്റെ ഗേറ്റ് പഴയതായതിനാല്‍ ആളുകള്‍ക്ക് എളുപ്പം അത് തകര്‍ത്ത് അകത്തു കയറാം. അതിനാല്‍ ഞങ്ങള്‍ അമ്മാവന്റെ വീട്ടിലേക്കു വന്നു. വീടിന് എന്തു സംഭവിച്ചെന്ന് അറിയില്ല. നിരവധി വീടുകള്‍ കത്തിച്ചതുപോലെ ഞങ്ങളുടെ വീടും കത്തിച്ചിരിക്കാം’ – മൂന്ന് കുട്ടികളുടെ അമ്മയായ നെംഗ്പി പറയുന്നു.
സംസ്ഥാനത്തെ പൊലീസുകാരുടെ നിലപാടുകളെയും അഭയാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. അക്രമങ്ങള്‍ നടക്കുമ്പോൾ പൊലീസ് അക്രമകാരികള്‍ക്കൊപ്പം നില്‍ക്കും. അവരെ പിടിച്ചുമാറ്റുകയോ, വീടുകള്‍ കത്തിക്കുന്നതില്‍ നിന്നും അക്രമകാരികളെ തടയുകയോ ചെയ്തില്ല. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം രാത്രി മുഴുവന്‍ മേല്‍ക്കൂരയില്‍ തങ്ങേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മണിപ്പൂരില്‍ ഇനി സുരക്ഷിതരായിരിക്കില്ല എന്ന് ബോധ്യമായതിനാലാണ് നാടുവിടേണ്ടിവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.