Thursday, April 3, 2025

കുട്ടികളിൽ വെല്ലുവിളി ഉയർത്തുന്ന വെർച്വൽ ഓട്ടിസം

ഡോ. സെമിച്ചന്‍ ജോസഫ്

ഓട്ടിസത്തെക്കുറിച്ചെഴുതിയ ലേഖനം വായിച്ച കൗൺസിലിംഗ് മേഖലയിലെ ഒരു സഹപ്രവർത്തക, വെർ‌ച്വൽ ഓട്ടിസത്തെക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ നമുക്കിന്ന് വെർച്ച്വൽ ഓട്ടിസത്തെ പരിചയപ്പെടാം.

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു സവിശേഷാവസ്ഥയാണത്. മാരിയസ് സാംഫിർ എന്ന റൊമേനിയൻ സൈക്കോളജിസ്റ്റാണ് ആദ്യമായി വെർ‌ച്വൽ ഓട്ടിസം എന്ന പദപ്രയോഗം നടത്തിയത്. സാധാരണയിൽ കവിഞ്ഞ സമയം മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകൾക്കുമുന്നിൽ ചെലവഴിക്കുന്ന കുട്ടികളിൽ ഓട്ടിസത്തിനു സമാനമായ ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തി. ആശയവിനിമയത്തിലും സംസാരത്തിലുമുള്ള കുറവ്, ഒറ്റപ്പെടൽ തുടങ്ങിയ ഇത്തരം പ്രവണതകളെ അദ്ദേഹം വെർച്വൽ ഓട്ടിസം എന്നു വിളിച്ചു.

എന്താണ് വെർച്വൽ ഓട്ടിസം 

വളരെ സാധാരണ രീതിയിൽ വളർന്നുവരുന്ന കുട്ടി ഒരു പ്രത്യേക ഘട്ടത്തിൽ കൂടുതലായി സ്ക്രീൻ ഉപയോഗിക്കുന്നു. അതിനുശേഷം കുട്ടി സ്വയം ഉൾവലിയുന്നു. സ്ക്രീൻ ടൈം കൂടുന്നതനുസരിച്ച് ഒറ്റയ്ക്ക് സ്ക്രീനിനു മുന്നിലിരിക്കാൻമാത്രം താൽപര്യപ്പെടുന്നു. മുൻപ് മറ്റു കുട്ടികളുമായി കളിച്ചിരുന്ന കുട്ടി പിന്നെ, പുറത്തേക്കൊന്നും പോകാതെ സ്ക്രീനിൽ നോക്കിയിരിക്കാൻ മാത്രം താൽപര്യം കാട്ടുന്നു. ചില കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിച്ചു സംസാരിക്കുന്നതുമൊക്കെ ഈ അവസ്ഥയുടെ പ്രത്യേകതയാണ്. മാതാപിതാക്കൾ രണ്ടുപേരും ജോലിക്കുപോകുന്നവരുടെയും വിദേശമലയാളികളുടെയും ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്ന കുട്ടികൾ എന്നിവർക്കിടയിൽ വെർച്ച്വൽ ഓട്ടിസത്തിനുള്ള സാധ്യത കൂടുതലാണ്.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കുട്ടികൾ സ്ക്രീനിലെ കാഴ്ചകൾ ഇഷ്ടപ്പെടുന്നത് അത് അവർക്ക് ആനന്ദം നൽകുന്നതുകൊണ്ടാണ്. പല ഗെയിംസും കാർട്ടൂൺസും കാണുമ്പോൾ തലച്ചോറിലെ ഡോപമിന്റെ അളവ് കൂടുകയും സന്തോഷം അനുഭവപ്പെടുകയും ചെയ്യും. അത് വീണ്ടും കിട്ടാൻ മുൻപുചെയ്ത പ്രവർത്തി കുട്ടി ആവർത്തിക്കും. ഇത് ബിഹേവിയറൽ അഡിക്ഷൻ ഉണ്ടാക്കുന്നു.

ആരോഗ്യകരമായ രീതിയിൽ കുട്ടിയിൽ ഡോപമിന്റെ അളവ് വർധിപ്പിക്കാനുള്ള വഴികൾ നോക്കാം.

കായികവ്യായാമങ്ങളാണ് ഇതിന് ഏറ്റവും നല്ലത്. ചെറിയ കുട്ടികൾക്കു ദിവസം രണ്ടു മണിക്കൂറെങ്കിലും കായികവ്യായാമം കിട്ടത്തക്ക രീതിയിൽ ദിനചര്യ ക്രമീകരിക്കണം. ഇത് തുടർച്ചയായോ, ഘട്ടം ഘട്ടം ആയോ ആകാം. ഒന്നര വയസ്സ് കഴിഞ്ഞിട്ടും സംസാരം തുടങ്ങാത്ത അവസ്ഥ കുട്ടികളിൽ ഉണ്ടാകുന്നതും നടക്കാനും മറ്റ് ആക്റ്റിവിറ്റികൾ ചെയ്യാനും വൈകുന്നതുമെല്ലാം വെർച്വൽ ഓട്ടിസത്തിന്റെ ഭാഗമാണ്. ഭക്ഷണം കഴിപ്പിക്കുന്നതിനായി മൊബൈൽ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ട കാര്യമാണ്. കുട്ടികളുടെ കണ്മുന്നിൽ മാതാപിതാക്കൾ കഴിവതും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കണം.

ഡോ സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

Latest News