ഉപരോധിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ മരിയുപോളില്‍ വൈദ്യുതിയോ വെള്ളമോ ഗ്യാസോ ഇല്ലാതെ പതിനായിരക്കണക്കിന് സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുകയാണ്. സഹായ വിതരണത്തിനും താമസക്കാരെ ഒഴിപ്പിക്കുന്നതിനുമായി ഇടനാഴികള്‍ തുറക്കാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ ഇതിനോടകം പരാജയപ്പെട്ടു. രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍ക്കും കഷ്ടപ്പാടുകള്‍ തീര്‍ന്നിട്ടില്ല. പ്രത്യേകിച്ച് അവരുടെ കുട്ടികളുടെ കാര്യത്തില്‍.
39 കാരിയും സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുമായ നാദിയ ഡെനിസെങ്കോ എന്ന സ്ത്രീയും അവരുടെ മക്കളും ആക്രമണം തുടങ്ങി മൂന്നാഴ്ചയ്ക്ക് ശേഷമാണ് മരിയുപോളില്‍ നിന്ന് രക്ഷപ്പെട്ടത്. അവിശ്വസനീയമായ ദുരന്തങ്ങള്‍ക്കിടയില്‍ അവിശ്വസനീയമായ ധൈര്യത്തിന്റെ മറ്റൊരു കഥയാണ് അവരുടേത്. നിരന്തരമായ ആക്രമണത്തില്‍, സമീപത്തുള്ള ഒരു ഷെല്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അവരുടെ വീടിന്റെ ജനാലകള്‍ പൊട്ടി. വീണ്ടും ദിവസങ്ങളോളം അവിടെ തന്നെ കഴിയേണ്ടി വന്നു. ആ സമയത്തെല്ലാം ഭക്ഷണം തീരെ കുറവായിരുന്നു. കുടിക്കാനും ഒന്നുമില്ലായിരുന്നു. കൈയ്യില്‍ പണം ഉണ്ടായിട്ടും കാര്യമില്ല…ഒന്നും ഒരിടത്തും കിട്ടാനില്ലായിരുന്നു.
മാരിയുപോളിനുള്ളില്‍, മതിലുകള്‍ക്ക് പിന്നിലെ ഇടനാഴികളില്‍ അവര്‍ ദിവസങ്ങള്‍ ചെലവഴിച്ചു. രാത്രികള്‍ നിലവറയിലായിരുന്നു. ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍ പതിവായിരുന്നു. ചിലപ്പോള്‍ അകലെ, ചിലപ്പോള്‍ അടുത്ത്. ആ ശബ്ദം ആരെയും ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ല.
14 ഉം അഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കള്‍ക്കും 12 വയസ്സുള്ള മകള്‍ക്കും ഒപ്പം ഇപ്പോള്‍ നാദിയ സുരക്ഷിത കേന്ദ്രത്തില്‍ എത്തി.
‘നരകമായിരുന്നു അവിടം. രാവിലെ എഴുന്നേല്‍ക്കുമോ, നാളത്തെ ദിവസം കാണുമോ എന്നൊന്നും അറിയാതെയാണ് ഓരോ രാവും പകലും തള്ളിനീക്കിയത്. കനത്ത ഷെല്ലാക്രമണമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എന്തുകൊണ്ടാണ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് എന്ന് എന്റെ മകന്‍ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ അവനോട് പറയും, വിഷമിക്കേണ്ട മോനേ, അത് വെറും പടക്കമാണെന്ന്’. നാദിയ ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു.
യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഏറ്റവും മോശമായ ഭീകരതയാണ് മരിയുപോളില്‍ കണ്ടത്. ആക്രമണകാരികളായ സൈന്യം നഗരത്തെ വളഞ്ഞു. വായുവില്‍ നിന്നും ഭൂമിയില്‍ നിന്നും കടലില്‍ നിന്നും നിഷ്‌കരുണം ആക്രമിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. ഇപ്പോള്‍ നഗരം മുഴുവനും തകര്‍ന്നുകിടക്കുകയാണ്.
‘ഒരിക്കല്‍ പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ഞങ്ങള്‍ ഷെല്ലാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. അതോടെ വീണ്ടും വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അപ്പോള്‍ എന്റെ ഇളയ മകന്‍ ചോദിച്ചു, അമ്മേ എന്തിനാണ് അവര്‍ നമ്മളെ കൊല്ലാന്‍ നോക്കുന്നത് എന്ന്. എനിക്ക് എന്താണ് അവനോട് മറുപടി പറയേണ്ടതെന്ന് അറിയില്ലാിരുന്നു..ഞാന്‍ എന്താണ് പറയേണ്ടത്’. നാദിയ ചോദിക്കുന്നു.
ദിവസങ്ങള്‍ക്ക് ശേഷം, മാര്‍ച്ച് 17 ന്, പുറത്തേക്ക് പോകാന്‍ അവര്‍ക്ക് കഴിഞ്ഞു. ആദ്യം അവര്‍ മംഗൂഷ് ഗ്രാമത്തിലെത്തി. തുടര്‍ന്ന് റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ഡിയാന്‍സ്‌കിലേക്ക് പോയി. അവിടെ നിന്ന് അവര്‍ സപ്പോരിജിയയിലേക്ക് ഒരു ബസില്‍ കയറി. പടിഞ്ഞാറന്‍ യുക്രെയ്നിലെ സപോരിജിയയില്‍ നിന്ന് ലിവിവിലേക്ക് പോകാന്‍ അവര്‍ക്ക് അഞ്ച് ദിവസമെടുത്തു. പോകുന്ന വഴികളെല്ലാം റഷ്യന്‍ പട്ടാളക്കാരോ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളോ സ്ഥാപിച്ച ചെക്ക്പോസ്റ്റുകളാല്‍ നിറഞ്ഞിരുന്നതായി നാദിയ പറഞ്ഞു.
‘അവര്‍ ഞങ്ങളുടെ ഫോണുകള്‍ പരിശോധിച്ചു. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നതിനാല്‍, മരിയുപോളില്‍ നിന്ന് ഞങ്ങളുടെ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. നഗരം വിട്ടപ്പോള്‍, എല്ലാവരും ആകെ വൃത്തിഹീനമായിരുന്നു. ചെളിയില്‍ മൂടിയിരുന്നു. കുളിച്ചിട്ട് ദിവസങ്ങളായിരുന്നു. കുടിക്കാന്‍ പോലും ഒന്നുമില്ലാഞ്ഞാല്‍, കുളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമോ’. നാദിയ ചോദിക്കുന്നു.
‘ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണ്. ഭക്ഷണം വാങ്ങാനും സൗകര്യമുണ്ട്. എങ്കിലും എന്റെ ഇളയ മകന്‍ ഇപ്പോഴും ഭക്ഷണം പലയിടത്തും ഒളിപ്പിച്ചു വയ്ക്കുകയാണ്. എന്തിനാണ് മോനേ അങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ അവന്‍ പറയും, ഇപ്പോള്‍ എന്തെങ്കിലും ഒളിപ്പിച്ചു വച്ചാല്‍ ഭക്ഷണം ഇല്ലാതായാല്‍ നമുക്ക് കഴിക്കാമല്ലോയെന്ന്’. തങ്ങള്‍ കടന്നുപോയ ദുരന്ത സാഹചര്യങ്ങളെ മറികടക്കാന്‍ മക്കള്‍ക്ക് കഴിയുമെന്നാണ് നാദിയ കരുതുന്നത്. യുദ്ധം അവസാനിച്ച് നഗരം പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഒരു ദിവസം മരിയുപോളിലേക്ക് മടങ്ങാന്‍ അവള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.