യുക്രെയ്‌നിലെ സെന്‍കിവ്ക എന്ന ഗ്രാമം യുക്രെയ്ന്‍, റഷ്യ, ബെലാറസ് എന്നിവയ്ക്കിടയിലുള്ള അതിര്‍ത്തി കടന്നുപോകുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ആഘോഷിക്കുന്ന ഒരു സൈറ്റായിരുന്നു ഒരിക്കല്‍ ഇവിടം. ഇന്നിപ്പോള്‍ ഈ ഗ്രാമം ഒരു യുദ്ധമുന്നണിയാണ്. മാത്രമല്ല അതിരുകള്‍ക്കപ്പുറത്ത് വേര്‍പിരിഞ്ഞ പല കുടുംബങ്ങളും വേര്‍പാടിന്റെ വേദനയിലും യുദ്ധഭയത്തിലും ജീവിക്കുകയാണ്.
ഏപ്രില്‍ തുടക്കത്തില്‍ റഷ്യന്‍ സൈന്യം വടക്കന്‍ യുക്രെയ്‌നില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ സെന്‍കിവ്കയില്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഗ്രനേഡ് ആക്രമണവും തുടരുകയാണ്. ആക്രമണത്തിന് മുമ്പ്, 200-ലധികം ആളുകള്‍ ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നു. എന്നാലിപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവിടെയുള്ളത്.
ഈ ഗ്രാമത്തില്‍ നിന്ന് വടക്കന്‍ നഗരമായ ചെര്‍ണിഹിവിലേക്കും തലസ്ഥാനമായ കീവിലേക്കും പോകുന്ന വഴിയിലാണ് നീന മാലെനോക്ക് എന്ന സ്ത്രീയുടെ വീട്. റഷ്യന്‍ സൈന്യം ഈ വഴിയിലൂടെയാണ് ഗ്രാമത്തിലേയ്ക്ക് പ്രവേശിച്ചതും. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24-ന് അതിരാവിലെ നീനയുടെ വീടിന്റെ മുറ്റത്ത് ഒരു റോക്കറ്റ് പതിച്ചു.
‘അത് എന്റെ മുറ്റത്ത് പതിക്കുന്നത് ഞാന്‍ കേട്ടു. എല്ലായിടത്തും തീയും പുകയും ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ലൈറ്റുകള്‍ അണഞ്ഞു. ഞാന്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് വീടിന് പുറത്തേക്ക് ഓടി’. നീന പറഞ്ഞു. അത്തരം നിരവധി റോക്കറ്റുകള്‍ ഈ ഗ്രാമത്തില്‍ ചിതറിക്കിടക്കുന്നു. ക്ലസ്റ്റര്‍ ബോംബുകള്‍ വഹിച്ച റോക്കറ്റുകളായിരുന്നു പലതും എന്ന് പിന്നീട് കണ്ടെത്തി.
പിന്നീടുള്ള ദിവസങ്ങളില്‍, ഒരു സെല്ലാറില്‍ ഒളിച്ചിരിക്കുമ്പോള്‍, തലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതും വലിയ വാഹനങ്ങള്‍ വഴിയിലൂടെ ഓടിക്കുന്നതും ഇടയ്ക്കിടെ വിസില്‍ മുഴക്കുന്നതും അവര്‍ കേട്ടു. ‘ഇങ്ങനെ ജീവിക്കാന്‍ ഭയമാണ്. പക്ഷേ എനിക്ക് എന്റെ വീടുവിട്ട് പോകാനുമാകില്ല. ഞാന്‍ എവിടെ പോകും?’ അവര്‍ ചോദിക്കുന്നു.
ലിഡിയ ബിലൗസോവ എന്ന മറ്റൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, ജീവിതത്തില്‍ ഇത് രണ്ടാം തവണയാണ് അവളുടെ വാതില്‍പ്പടിയില്‍ ടാങ്കുകള്‍ കാണുന്നത്. 1930-ല്‍ ജനിച്ച അവള്‍ രണ്ടാം ലോകമഹായുദ്ധവും ജര്‍മ്മന്‍ പട്ടാളക്കാര്‍ അവരുടെ ഗ്രാമത്തിലേക്ക് വന്നതും വ്യക്തമായി ഓര്‍ക്കുന്നു.
എന്നാല്‍ ഇപ്പോഴുള്ളതുപോലെ കൂട്ട ഷെല്ലാക്രമണം അന്ന് ഉണ്ടായിട്ടില്ല. മാത്രവുമല്ല അന്ന് എനിക്ക് എവിടേയ്ക്ക് വേണമെങ്കിലും ഓടിപ്പോകാമായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് വയസ്സായി. എനിക്ക് ഇനി കഴിയില്ല’. ലിഡിയ പറയുന്നു. യുദ്ധം ഒരിക്കലും നല്ലത് ഒന്നും തരുന്നില്ലെന്നും രണ്ടാം ലോകമഹായുദ്ധം നമുക്ക് എന്താണ് അവശേഷിപ്പിച്ചതെന്നും അവര്‍ ചോദിക്കുന്നു. ഷെല്ലാക്രമണം അവരെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും താമസിച്ചിരുന്ന വീടും സെന്‍കിവ്കയെന്ന ഗ്രാമവും വിട്ടുപോകാന്‍ അവര്‍ തയ്യാറല്ല.
2014ല്‍ റഷ്യ ക്രിമിയയില്‍ അധിനിവേശം നടത്തുന്നതിന് മുമ്പുവരെ സെന്‍കിവ്കയിലെ ത്രീ-വേ ബോര്‍ഡര്‍ ക്രോസിംഗ് തുറക്കുകയും രാജ്യങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലത്ത് ഒരു ഐക്യോത്സവം ആഘോഷിക്കുകയും ചെയ്തിരുന്നു. അവിടെ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ‘മൂന്ന് സഹോദരിമാര്‍’ എന്ന സ്മാരകം ഇപ്പോഴും നിലനില്‍ക്കുന്നു.
‘അത് മനോഹരമായ ഒരു ഉത്സവമായിരുന്നു. യുക്രേനിയക്കാരും, റഷ്യക്കാരും, ബെലാറഷ്യക്കാരും ഒരുമിച്ചാണ് അത് ആഘോഷിച്ചിരുന്നത്. എല്ലായിടത്തുനിന്നും ആളുകളും പ്രമുഖരും എല്ലാവരും വരും. മൂന്ന് രാജ്യങ്ങളും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ പരസ്പരം സന്ദര്‍ശിച്ചു, പരസ്പരം വിവാഹം കഴിച്ചു. ഇപ്പോള്‍ അതെല്ലാം അവസാനിച്ചു’. ലിഡിയ പറയുന്നു. ലിഡിയയുടെ പരേതനായ ഭര്‍ത്താവ് ബെലാറഷ്യന്‍ ആയിരുന്നു.
എന്നാലിപ്പോള്‍ അതിരുകള്‍ക്കപ്പുറം പരന്നുകിടക്കുന്ന കുടുംബങ്ങളും സൗഹൃദങ്ങളും ചിന്തയില്‍ നിന്നുപോലും വിഭജിക്കപ്പെട്ടിരിക്കുന്നു. 2014ന് ശേഷം അതിര്‍ത്തി കടക്കുന്നത് എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടായി. ഇപ്പോള്‍, അത് തീര്‍ത്തും അസാധ്യമായിരിക്കുന്നു.