യുദ്ധം തുടങ്ങിയ വേളയിൽ എല്ലാവരും വളരെ വേദനയോടും ആശങ്കയോടും കൂടിയാണ് ഈ യുദ്ധത്തെ കണ്ടത്. എന്നാൽ, ഇനിയും അവസാനിക്കാതെ ഈ യുദ്ധം 504 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതൊരു സാധാരണ വാർത്തയായി ലോകത്തിന് മുഴുവൻ മാറിക്കഴിഞ്ഞു. എന്നാൽ, ഉക്രൈൻ ജനതക്ക് അതങ്ങനെയല്ല.
ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 504 ദിവസങ്ങൾ പിന്നിടുന്നു. ആഗോള മാധ്യമങ്ങളിൽ ഇതൊരു വാർത്താ പ്രാധാന്യമുള്ള കാര്യമേ അല്ലാതായി മാറിയിരിക്കുന്നു. എന്നാൽ ഉക്രൈനിലെ ജനങ്ങളുടെ യഥാർത്ഥ സ്ഥിതി അങ്ങനെയല്ല. ജീവനു ഭീഷണിയായ ഒരു സ്ഥലത്ത് ഭീതിയോടെ നിലകൊള്ളുന്ന ജനങ്ങളുടെ ജീവിതം ദുരിതത്തിന്റെ അങ്ങേയറ്റത്താണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ആശ്വാസവും സ്വാന്തനവും പ്രാർത്ഥനയും നൽകിക്കൊണ്ട് അവരോടൊപ്പം ആയിരിക്കുന്ന സി. ലിജി പയ്യപ്പിള്ളി ഉക്രൈനിൽ നിന്നും സംസാരിക്കുന്നു.
ഈ യുദ്ധത്തിൽ ആക്രമിക്കുന്നവരെയും പ്രതിരോധിക്കുന്നവരെയും ഒരേപോലെ അളക്കാൻ സാധിക്കുകയില്ല. റഷ്യ, ഉക്രൈനെതിരായ യുദ്ധം തുടക്കിയത് യഥാർത്ഥത്തിൽ 2014 ൽ ആണ്. അന്ന് തന്നെ ഉക്രൈന്റെ കുറച്ചു പ്രദേശങ്ങൾ റഷ്യ കീഴ്‌പ്പെടുത്തിയിരുന്നു. 2022 -ൽ ആരംഭിച്ച യുദ്ധത്തിൽ ബാക്കി കുറച്ചു സ്ഥലങ്ങളും റഷ്യൻ അധീനതയിലായി. ഉക്രൈന്റെ ഏകദേശം പകുതി സ്ഥലങ്ങൾ പിടിച്ചെടുക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അത് സാധ്യമായാൽ, പിന്നെ ഉക്രൈൻ എന്നൊരു രാജ്യമേ ഉണ്ടാവുകയില്ല. എന്തുകൊണ്ട് യുദ്ധം ഉക്രൈൻ അവസാനിപ്പിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം യുദ്ധം അവസാനിപ്പിക്കേണ്ടത് റഷ്യയാണ് എന്നതാണ്. കാരണം, റഷ്യയിൽ നിന്നുവരുന്ന ഡ്രോണുകളെയും റോക്കറ്റുകളെയും പ്രതിരോധിക്കുകയാണ് ഉക്രൈൻ ചെയ്യുന്നത്. ഉക്രൈനെ സംബന്ധിച്ച് ഇത് നിലനില്പിനുവേണ്ടിയുള്ള യുദ്ധമാണ്.
ജൂൺ മാസത്തിലാണ് ഉക്രൈനിലെ ഡാം റഷ്യ ബോംബാക്രമണത്തിൽ നശിപ്പിച്ചത്. ഈ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം എത്രയാണെന്ന് ഒരു മാധ്യമവും വെളിപ്പെടുത്തിയിട്ടില്ല. ഈ ആക്രമണത്തിൽ ഉക്രൈനിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളും അതിൽ ഉൾപ്പെടുന്നു. കൃഷിയിറക്കുന്ന സമയമായതിനാൽ അന്ന് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഇന്നും ഓരോ ദിവസവും നിരവധിപ്പേരാണ് യുദ്ധത്തിന്റെ അനന്തര ഫലമായി മരിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം തുടങ്ങിയ വേളയിൽ എല്ലാവരും വളരെ വേദനയോടും ആശങ്കയോടും കൂടിയാണ് ഈ യുദ്ധത്തെ കണ്ടത്. എന്നാൽ, ഇനിയും അവസാനിക്കാതെ ഈ യുദ്ധം 504 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതൊരു സാധാരണ വാർത്തയായി ലോകത്തിന് മുഴുവൻ മാറിക്കഴിഞ്ഞു. എന്നാൽ, ഉക്രൈൻ ജനതക്ക് അതങ്ങനെയല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ലിവിവിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ പത്തോളം പേർ മരണമടഞ്ഞു. 25 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വളരെ മനോഹരമായ കെട്ടിടങ്ങൾ ഛിന്നഭിന്നമായി തകർന്നടിഞ്ഞു. എന്ന് ഈ യുദ്ധം തീരും എന്നതിനെക്കുറിച്ച് ആർക്കും ഒന്നും പറയുവാൻ സാധിക്കുകയില്ല. “ഓരോ ദിവസവും മരിക്കുന്നവർ നിരവധിയാണ്. ആരും മരണം ആഗ്രഹിക്കുന്നില്ല. റഷ്യൻ പട്ടാളത്തിന്റെ മരണവും ആഗ്രഹിക്കുന്നില്ല. ഉക്രൈനിൽ മരിക്കുന്നത് പട്ടാളം മാത്രമല്ല. വളരെ സാധാരണക്കാരായ ആളുകൾ കൂടെ ആണ്. കഴിഞ്ഞ ദിവസം ലിവിവിൽ മരിച്ചവരിൽ ഉറങ്ങിക്കിടന്ന ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടിരുന്നു. സാധാരണ ആളുകൾ ജീവിക്കുന്ന സ്ഥലങ്ങളിലേക്കാണ് റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നത്.” -സി. ലിജി വെളിപ്പെടുത്തുന്നു.
യുദ്ധത്തിന് ഇരകളായ ഉക്രൈനിലെ ഏകദേശം 600 ഓളം ആളുകളോട് എല്ലാ ആഴ്ചയിലും സി. ലിജി നേരിട്ട് സംസാരിക്കുന്നുണ്ട്. പലരുടെയും വിഷമം ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ട്ടപ്പെട്ട വേദന തന്നെയാണ്. അഞ്ചാറു മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തവർ. അവരോടൊന്നും ഒരു മറുപടിയും പറയാൻ ഇല്ല. ഭാര്യമാരുടെയും അമ്മമാരുടെയും മക്കളുടെയും വാക്കുകൾക്ക് മുൻപിൽ അവരുടെ കണ്ണീരിന് മുൻപിൽ നിസഹായരായി പോവുകയാണെന്ന് സിസ്റ്റർ പറയുന്നു. പ്രാർത്ഥന മാത്രമാണ് അവർക്ക് നൽകാവുന്ന മറുപടി.
ന്യൂക്ലിയർ പവർ പ്ലാന്റിന് നേരെ റഷ്യ ഒരു ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉക്രൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങനെ ഒരു അപകടം സംഭവിച്ചാൽ ആ സ്ഥലങ്ങളിൽ, വരുന്ന നൂറ് വർഷത്തോളം കാലം ഒരു ജീവജാലത്തിനും വളരാനും ഒരു മനുഷ്യനും ജീവിക്കാനോ സാധ്യമല്ല. അത്ര ഭീകരമാണ് ആ അവസ്ഥ. ഈ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയുവാൻ നാമെല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ഈ സന്യാസിനി നമ്മോട് ആവശ്യപ്പെടുന്നത്.
തയ്യാറാക്കിയത്: കെ. ജോസഫ്