Tuesday, November 26, 2024

ദുരന്തമുഖത്തെ നന്മയുടെ ശേഷിപ്പുകള്‍

ദുരിതമേഖലയില്‍ ആളും ബഹളവും എല്ലാം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പലരും നഷ്ടപ്പെട്ട പലതും അന്വേഷിച്ചുള്ള തിരച്ചില്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. അവര്‍ക്ക് എങ്ങനെ പ്രാണനെപ്പോലെ കൊണ്ട് നടന്ന പലതും പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റും? പലതും കണ്ടെത്തിയില്ലെങ്കിലും ചില ഓര്‍മ്മകള്‍ അവര്‍ മണ്ണില്‍ തിരയുകയാണ്. ഇനി അത് ജീവിക്കാനുള്ള പുത്തന്‍ പ്രതീക്ഷയുടെ ഓര്‍മ്മപ്പെടുത്തലാകണം. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തമുഖത്തെ ചില അവശേഷിപ്പുകളെ മാറോട് അടക്കിപിടിക്കുന്നു. അതിന് പൊന്നിന്റെ വിലയാണ്.

ദുരിതാശ്വാസ ക്യാമ്പിലെ ആശ്വാസദിനങ്ങള്‍

ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാവരോടും ഒപ്പമുള്ളപ്പോള്‍ അത് ഒരു ആശ്വാസമാണ്. ഇവിടെ കൂടെയുള്ളവരെല്ലാം ഒരേ ദുരന്തത്തില്‍ വ്യത്യസ്ത വേദനകളിലൂടെ കടന്നു പോകുന്നവര്‍. ചിലര്‍ക്ക് ഇനി ഒന്നും ബാക്കിയില്ലാത്തവിധം എല്ലാം ഉരുള്‍ കൊണ്ടുപോയി. മറ്റുചിലര്‍ക്ക് ഉറ്റവരും ഉടയവരും ആരുമില്ല, ചിലര്‍ക്ക് അവരില്‍ പലരെയും നഷ്ടമായി. സമാനതകളില്ലാത്ത ദുഃഖം വ്യത്യസ്ത തരത്തില്‍ അനുഭവിക്കുന്നവര്‍. ദുരന്തം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ഒന്നിച്ചായിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരുന്നുകൊണ്ട് അവര്‍ ചിരിക്കുന്നുണ്ട്. ചിലപ്പോള്‍ വളരെപ്പെട്ടെന്ന് അവരുടെ മുഖത്തെ ചിരി മായും. അല്പനിമിഷത്തേക്കൊക്കെ എല്ലാം മറക്കാന്‍ ഇവര്‍ക്കാവുന്നുണ്ട്. എന്നാല്‍, ഈ ക്യാമ്പില്‍ നിന്നൊക്കെ മാറി നില്‍ക്കുമ്പോള്‍, തനിയെ ആകുമ്പോള്‍ ജീവിതത്തെ നോക്കി ചിരിക്കാന്‍ ഇവര്‍ക്ക് അത്രപെട്ടെന്ന് സാധിക്കുകയില്ല. അതിനുള്ള കൃപ ദൈവം നല്‍കട്ടെ.

‘ഇനി ഇങ്ങോട്ടില്ല’

തങ്ങളുടെ പ്രിയപ്പെട്ട നാട് ഉപേക്ഷിക്കുകയാണ് മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും ആളുകള്‍. ദുരന്തമേഖലയില്‍ ബാക്കി എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് അവരെത്തി. ഉള്ളതെല്ലാം തന്നെ മണ്ണിനടിയിലായ അവര്‍ക്ക് ഇനി ബാക്കിയായത് ചെളി പുരണ്ട കുറച്ച് വസ്തുക്കള്‍ മാത്രമാണ്. അവയൊക്കെയും ദുരന്തത്തിന്റെ ശേഷിപ്പുകളായി അവശേഷിച്ചിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത് വലുതാണ്. പല കുടുംബങ്ങളിലെയും ആളുകള്‍ ദുരിതമുഖത്തേക്ക് തിരിച്ചെത്തി പരതുന്നുണ്ട്. ആ നാടും തേങ്ങുകയാണ്. ഇനി അവിടുത്തെ വഴിയോരങ്ങളില്‍ കുട്ടികളുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കില്ല. കടകളിലും വഴിവക്കിലും ഇരുന്നുകൊണ്ട് ആളുകള്‍ കുശലാന്വേഷണങ്ങള്‍ നടത്തുകയില്ല. പൊട്ടിച്ചിരിയില്ലാതെ മുണ്ടക്കൈയും പുഞ്ചിരിയില്ലാതെ പുഞ്ചിരിമട്ടവും ഭാഗികമായി ചൂരല്‍മലയും ഇന്ന് നിശബ്ദമായി. ഉഴുതുമറിച്ച കൃഷിയിടം പോലെയായി സുന്ദരമായ ഈ നാട്.

ദുരന്തമുഖത്തെ നന്മമുഖങ്ങള്‍

വയനാട് ദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെ സ്വന്തം ജീവന്‍ മറന്നും അനേകര്‍ക്ക് രക്ഷാകരായി തീര്‍ന്ന നിരവധിപ്പേരെ നാം കണ്ടെത്തുകയുണ്ടായി. പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയതുപോലും രക്ഷാപ്രവര്‍ത്തങ്ങളില്‍ സ്വയംമറന്ന് പ്രവര്‍ത്തിച്ച അനേകരുടെ നിശ്ചയദാര്‍ഢ്യമാണ്. സൈനികരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സൈന്യത്തിന്റെയും ഫയര്‌ഫോഴ്‌സിന്റെയും പോലീസിന്റെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാം കണ്ടു. പലതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദുരിതമേഖലയില്‍ കേരളവും അയല്‍ സംസ്ഥാനങ്ങളും അകമഴിഞ്ഞു സഹായിച്ചു. മുലപ്പാല്‍ മുതല്‍ സ്വന്തം കിടപ്പാടംവരെ നല്‍കാന്‍ ആളുകളുണ്ടായി. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായി. ‘ആരും ഒറ്റക്കല്ല’ എന്ന മഹത്തായ സന്ദേശമാണ് നാം ലോകത്തോട് വിളിച്ചു പറഞ്ഞത്.

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടട്ടെ

ദുരിതം വിതച്ച ചൂരല്‍മല – മുണ്ടക്കൈ പ്രദേശത്തെ ജനങ്ങള്‍ ഒന്നുമില്ലായ്മയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ വലിയ വാഗ്ദാനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏകോപനങ്ങളും ആണ് പലരും മുന്‍പോട്ട് വെച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തത്തെ അഭിമുഖീകരിച്ച അവര്‍ ഇന്ന് ആശ്വസിക്കുന്നത് ഈ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ്. പത്തുമലയിലും നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്നും അവയില്‍ പലതും വാഗ്ദങ്ങളായി മാത്രം അവശേഷിച്ചിട്ടുണ്ട്. വയനാട്ടില്‍ അതുണ്ടാകരുത്. എത്രയും വേഗം അവര്‍ക്ക് ഉറപ്പുകൊടുത്തിട്ടുള്ള എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങളും നടക്കട്ടെ. അവര്‍ക്കായി ഇനി മറ്റൊരു ഗ്രാമം പുനര്‍ജ്ജനിക്കട്ടെ. അതിനായി ഒരുമയോടെ, മുന്നേറാം. നാളത്തെ പുലരികള്‍ പ്രതീക്ഷയുടെയാകട്ടെ.

തയ്യാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

കടപ്പാട്: https://www.manoramaonline.com/, https://www.mathrubhumi.com/, https://www.asianetnews.com/

 

Latest News