Thursday, April 3, 2025

ഉപരോധം ഏര്‍പ്പെടുത്തുന്ന ആഘാതത്തില്‍ നിന്ന് രക്ഷതേടാന്‍ സമ്പന്നരായ റഷ്യക്കാര്‍ ദുബായിലേക്ക് പലായനം ചെയ്യുന്നു; കാരണങ്ങള്‍ പലത്

യുക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധത്തിന്റെ ആഘാതത്തില്‍ നിന്ന് രക്ഷപെടാനായി പലായനം ചെയ്യുന്ന സമ്പന്നരായ റഷ്യക്കാരുടെ സങ്കേതമായി മാറിയിരിക്കുകയാണിപ്പോള്‍ ദുബായ്.

റഷ്യയിലെ ശതകോടീശ്വരന്മാരും സംരംഭകരും വലിയ അളവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) എത്തിച്ചേരുന്നുണ്ടെന്ന് ബിസിനസ്സ് നേതാക്കള്‍ ബിബിസിയോട് പറഞ്ഞു. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ദുബായില്‍ റഷ്യക്കാരുടെ പ്രോപ്പര്‍ട്ടി പര്‍ച്ചേസ് 67% വര്‍ദ്ധിച്ചതായും ഒരു റിപ്പോര്‍ട്ട് പറയുന്നു.

പല പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കാരെ വിലക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍, യു.എ.ഇ ഇതുവരെ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയോ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല, റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള പാശ്ചാത്യ സര്‍ക്കാരുകളുടെ ആഹ്വാനങ്ങള്‍ യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നിരസിച്ചിരുന്നു. കൂടാതെ റഷ്യക്കാര്‍ക്ക് ഉദാരമായി വിസ നല്‍കുകയും ചെയ്യുന്നു.

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ ലക്ഷക്കണക്കിന് ആളുകള്‍ റഷ്യ വിട്ടതായി കണക്കാക്കപ്പെടുന്നു. യുദ്ധം ആരംഭിച്ച് ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ തന്നെ 2,00,000 റഷ്യക്കാര്‍ രാജ്യം വിട്ടതായി ഒരു റഷ്യന്‍ സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.

ദുബായില്‍ കമ്പനികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന റഷ്യക്കാരുടെ എണ്ണത്തിലും അപേക്ഷയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ‘അവരുടെ രാജ്യത്ത് വരാനിരിക്കുന്ന ഒരു സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്. അതുകൊണ്ടാണ് അവരുടെ സമ്പത്ത് സുരക്ഷിതമാക്കാന്‍ അവര്‍ ഇവിടേക്ക് നീങ്ങുന്നത്’. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനികളെ സഹായിക്കുന്ന Virtuzone, ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോര്‍ജ് ഹോജീഗെ പറഞ്ഞു.

റഷ്യന്‍ പൗരന്മാരുടെ വരവ് നഗരത്തിലുടനീളമുള്ള ആഡംബര വില്ലകളുടേയും അപ്പാര്‍ട്ടുമെന്റുകളുടേയും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ദുബായില്‍ എത്തുന്ന റഷ്യക്കാര്‍ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പ്രോപ്പര്‍ട്ടി വിലയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ മോഡേണ്‍ ലിവിംഗ്, വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി റഷ്യന്‍ സംസാരിക്കുന്ന നിരവധി ഏജന്റുമാരെ നിയമിച്ചതായി ബിബിസിയോട് പറഞ്ഞു. ദുബായിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന റഷ്യന്‍ പൗരന്മാരില്‍ നിന്ന് നിരവധി കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് തിയാഗോ കാല്‍ദാസ് പറഞ്ഞു.

‘റഷ്യക്കാര്‍ വെറും നിക്ഷേപത്തിന് വേണ്ടിയല്ല പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നത്, മറിച്ച് ദുബായിയെ ഒരു രണ്ടാം ഭവനമായാണ് അവര്‍ കണക്കാക്കുന്നത്’. അദ്ദേഹം പറഞ്ഞു.

കൂടാതെ നിരവധി ബഹുരാഷ്ട്ര കമ്പനികളും റഷ്യന്‍ സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടെ ജീവനക്കാരെ യുഎഇയിലേക്ക് മാറ്റുന്നുണ്ട്. ബിസിനസ്സ് നടത്താന്‍ സുരക്ഷിതമായ സാമ്പത്തിക രാഷ്ട്രീയ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാലാണ് തങ്ങളുടെ ജീവനക്കാരെ യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

മിക്ക പാശ്ചാത്യ സ്ഥാപനങ്ങളും റഷ്യന്‍ ആസ്ഥാനമായുള്ള സംരംഭങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചതിനാല്‍, അന്താരാഷ്ട്ര ക്ലയന്റുകളുമായും ബ്രാന്‍ഡുകളുമായും ഇടപെടുന്ന കമ്പനികള്‍ക്ക് വെല്ലുവിളി കൂടുതല്‍ രൂക്ഷമായിരുന്നതായും അവര്‍ പറയുന്നു. രാജ്യത്ത് പണം കൈമാറ്റം ചെയ്യുന്നതില്‍ നിയന്ത്രണമുള്ളതും ബിസിനസ് പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിക്കാന്‍ ഫെബ്രുവരിയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പില്‍ നിന്ന് ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം വിട്ടുനിന്ന രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതിനായി ഏപ്രില്‍ 7 ന് നടന്ന പൊതു അസംബ്ലി വോട്ടിലും രാജ്യം വിട്ടുനിന്നു.

 

 

Latest News