ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11,100 പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്നും അതില്‍ത്തന്നെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളും ആണെന്നും മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ 2007 മുതല്‍ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസ് സാധാരണക്കാരെ മനപൂര്‍വം മനുഷ്യകവചമായി ഉപയോഗിക്കുന്നതായാണ് ഇസ്രായേല്‍ സൈന്യം തിരിച്ച് ആരോപിക്കുന്നത്. ഈ ആരോപണങ്ങള്‍ പലസ്തീന്‍ സായുധ സംഘം നിഷേധിച്ചെങ്കിലും അതാണ് സത്യാവസ്ഥ എന്ന് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നു.
ഹമാസ് സിവിലിയന്മാര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞിരുന്നു. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രധാന ബലം മനുഷ്യ കവചമായിരുന്നുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ആവശ്യങ്ങള്‍ക്കായി ആശുപത്രികള്‍ അവര്‍ ഉപയോഗിക്കുകയാണെന്നും ഇസ്രായേല്‍ തെളിവു സഹിതം വ്യക്തമാക്കി.
ഹമാസ് ഭീകരരുടെ വീടുകളും ആശുപത്രികളും തമ്മില്‍ ഭൂമിക്കടിയിലൂടെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം വിഡീയോ സഹിതം വ്യക്തമാക്കി. ഗാസയിലെ റാന്റിസി ആശുപത്രിയിലേക്കു നയിക്കുന്ന ഹമാസിന്റെ ടണലാണ് സൈന്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇസ്രയേല്‍ സൈനികവക്താവാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്ത് ഇത്തരം തുരങ്കള്‍ക്കടിയിലെ മുറികളില്‍ ഹമാസ് ഭീകരര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നതിന്റേയും ആളുകളെ ബന്ദികളാക്കിയതിന്റേയും തെളിവുകള്‍ ഇസ്രായേല്‍ സൈന്യം കണ്ടെത്തി പുറത്തുവിട്ടു. ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും, വടക്കന്‍ ഗാസയില്‍ നിന്ന് വിട്ടുപോകുന്നതില്‍ നിന്ന് സിവിലിയന്മാരെ ഹമാസ് തടഞ്ഞുവെന്നും അവരെ കവചമായി ഉപയോഗിച്ചുവെന്നും ഇസ്രായേല്‍ ആരോപിച്ചു.
ഗാസ മുനമ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹമാസിന്റെ ആയുധശേഖരം കണ്ടെത്തിയെന്നും ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തി. അല്‍ ഖ്വാഡ്‌സ് യൂണിവേഴ്‌സിറ്റി, അബു ബക്കര്‍ മോസ്‌ക്ക് എന്നിവിടങ്ങളിലെ പരിശോധനയിലാണ് ഇത്. ബെയ്റ്റ് ഹനൗന്‍ പ്രദേശത്ത് ജിഹാദി ഭീകരന്റെ വീട്ടില്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നുള്‍പ്പെടെ ആയുധങ്ങള്‍ ലഭിച്ചു. കരയുദ്ധമാരംഭിച്ചതിന് ശേഷം ഹമാസിന്റെ മുന്നൂറോളം തുരങ്കങ്ങളും നിരവധി മിസൈല്‍ ലോഞ്ച് പാഡുകളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. 3000 ഹമാസ് താവളങ്ങളും നൂറിലധികം കമാന്‍ഡ് സെന്ററുകളും നശിപ്പിച്ചു. ആശുപത്രികളെയും ജനങ്ങളെയും മറയാക്കിയുള്ള ഹമാസിന്റെ പ്രവര്‍ത്തനത്തെ യൂറോപ്യന്‍ യൂണിയനും അപലപിച്ചു. ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിലും ഹമാസ് ഉപദ്രവിച്ചതും കൊലപ്പെടുത്തിയതും സാധാരണക്കാരെയാണ്.
ആരാണ് മനുഷ്യ കവചങ്ങള്‍?
അന്താരാഷ്ട്ര നിയമപ്രകാരം, സിവിലിയന്‍മാരെയോ മറ്റ് സംരക്ഷിത വ്യക്തികളെയോ സൂചിപ്പിക്കുന്നതാണ് മനുഷ്യവചകങ്ങള്‍ എന്ന വാക്ക്. അവരുടെ സാന്നിധ്യം ഉപയോഗിച്ച് സൈനിക പ്രവര്‍ത്തനങ്ങളേയും ലക്ഷ്യങ്ങളേയും പ്രതിരോധിക്കുന്നു എന്നതാണ് മനുഷ്യകവചം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷ്യ കവചങ്ങള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റവും മാനുഷിക നിയമത്തിന്റെ ലംഘനവുമാണ്. അത് തീവ്രവാദത്തിന് വേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും.
സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍
മനുഷ്യ കവചങ്ങളുടെ സാന്നിധ്യം ഒരു പ്രദേശത്തെ എതിരാളിയുടെ ആക്രമണത്തില്‍ നിന്ന് പ്രതിരോധിക്കുന്നില്ല എന്നതാണ് വസ്തുത. അവര്‍ സംരക്ഷിത ആളുകളാണെങ്കിലും, സൈനികശേഖരം നിയമപരമായി ടാര്‍ഗെറ്റുചെയ്യാനാകും. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ സിവിലയന്മാര്‍ മരിച്ചാല്‍ അവരുടെ മരണത്തിന്റെ ഉത്തരവാദിത്തം അവരെ കൊല്ലുന്നവരേക്കാള്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നവരുടെ മേലാണ്. അതിനാല്‍ത്തന്നെ മനുഷ്യകവചങ്ങളും പോരാളികളും മാത്രമുള്ള ഒരു പ്രദേശത്ത്, കൂടുതല്‍ മാരകമായ അക്രമം പ്രയോഗിക്കാന്‍ കഴിയും.
ഇസ്രായേലിന് ഒരു ആശുപത്രിയെ നിയമപരമായി ആക്രമിക്കാന്‍ കഴിയുമോ?
ആശുപത്രികള്‍ മാനുഷിക നിയമത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്, എന്നാല്‍ അവയുടെ പരിസരം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ഈ പദവി നഷ്ടപ്പെടും. ഹമാസിന്റെ ആയുധ സംരക്ഷണ കേന്ദ്രമായി ആശുപത്രികളെ ഉപയോഗിച്ചാല്‍ അവയെ ആക്രമിക്കാന്‍ ഇസ്രായേലിന് കഴിയും. ആശുപത്രികള്‍ക്കെതിരായ സ്‌ട്രൈക്കുകളെ ന്യായീകരിക്കുന്നതിന് തീവ്രവാദത്തിനെതിരായ ഒരു ദൗത്യം നിര്‍വ്വഹിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന വാദം ഇസ്രായേലിന് പറയാനാകും. ഗാസ സിറ്റിയിലെ അല്‍-ഷിഫ ഹോസ്പിറ്റലിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും ഈ വാദം ഇസ്രായേലിന് ഉന്നയിക്കാം. കാരണം 5,000 ത്തോളം രോഗികളും ആയിരക്കണക്കിന് അഭയാര്‍ത്ഥികളും താമസിക്കുന്ന കെട്ടിടത്തിന് താഴെയാണ് ഹമാസിന്റെ പ്രധാന കമാന്‍ഡ് സെന്റര്‍. ഇതിനുള്ള തെളിവുകളും ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രായേലിന്റെ പാലസ്തീന്‍ ആക്രമണം കൂടുതല്‍ ക്രൂരമാക്കുന്നതിന്റെ കാരണക്കാര്‍, സാധാരണക്കാരും നിഷ്‌കളങ്കരുമായ ജനത്തെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്ന ഹമാസ് തന്നെയാണ്.