Thursday, April 3, 2025

ഏതാണ് വ്യായാമം ചെയ്യാനുള്ള മികച്ച സമയം?

‘എപ്പോൾ വ്യായാമം ചെയ്താലാണ് മികച്ച ഫലം ലഭിക്കുക?’ വ്യായാമം ചെയ്ത് ശരീരത്തെ മികച്ചതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിലേക്കു വരുന്ന പ്രധാന ചോദ്യമാണിത്. അതിരാവിലെ എഴുന്നേറ്റുള്ള വ്യായാമാണോ, വൈകുന്നേരങ്ങളിൽ വളരെ റിലാക്സ് ആയി ചെയ്യുന്ന വ്യായാമമാണോ ഏതായിരിക്കും മികച്ചത്? ഇതാ ആ ചോദ്യത്തിനുള്ള ഉത്തരം.

രാവിലെയും വൈകിട്ടും ചെയ്യുന്ന വ്യായാമങ്ങൾക്ക് വ്യത്യസ്തമായ ഗുണങ്ങളാണുള്ളത്. രാവിലെ ആയാലും വൈകിട്ടായാലും പതിവ് വ്യായാമം നമ്മുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊളസ്ട്രോൾ, ഇൻസുലിന്റെ അളവ്, മാനസികാവസ്ഥ, ഉറക്കം, ഭാരം നിയന്ത്രിക്കൽ എന്നിവ മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വൈകുന്നേരത്തെ വ്യായാമങ്ങൾ അകാലമരണസാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അതേസമയം, രാവിലെയുള്ള വ്യായാമങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യുന്നിടത്തോളം വ്യായാമത്തിന്റെ സമയത്തിൽ പ്രശ്നമില്ല എന്നും ഓർക്കണം.

പ്രഭാതവ്യായാമത്തിന്റെ പ്രയോജനങ്ങൾ

അതിരാവിലെയുള്ള വ്യായാമങ്ങൾ നമ്മുടെ ഹൃദയത്തിന് ഗുണം ചെയ്യുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിച്ചേക്കാം. രാവിലെ ഏഴു മണിക്കും ഒൻപതു മണിക്കുമിടയിൽ വ്യായാമം ചെയ്തവർക്ക് ഉച്ചകഴിഞ്ഞോ, രാത്രിയിലോ വ്യായാമം ചെയ്തവരെക്കാൾ ബോഡി മാസ് ഇൻഡക്സ് (BMI) കുറവാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. രാവിലെ വ്യായാമം ചെയ്യുന്ന ആളുകൾ നേരത്തെ ഉറങ്ങുകയും പകൽസമയത്ത് വ്യായാമം ചെയ്യുന്നവരെക്കാൾ ആഴത്തിലുള്ള ഉറക്കം അനുഭവിക്കുന്നുണ്ടെന്നും മറ്റൊരു പഠനത്തിൽ കണ്ടെത്തി. രാവിലെ വ്യായാമം ചെയ്യുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. 10% രക്തസമ്മർദം കുറയുകയും ദിവസം മുഴുവൻ ആ താഴ്ന്ന രക്തസമ്മർദം നിലനിർത്തുകയും ചെയ്തു.

കുറവുകൾ 

ചിലർക്ക് രാവിലെയുള്ള വ്യായാമം മികച്ചതാകുമ്പോൾ മറ്റുചിലർക്ക് നേരത്തെ എഴുന്നേൽക്കുന്നതും വ്യായാമം ചെയ്യുന്നതും കൂടുതൽ വെല്ലുവിളി നിറഞ്ഞതായി തോന്നിയേക്കാം. രാവിലെ വ്യായാമങ്ങൾ ചെയ്യുന്നത് ചിലർക്ക് പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. രാവിലെ നമ്മുടെ ശരീരത്തിന്റെ താപനില ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. അതിനാൽ നമ്മുടെ ശരീരത്തെ വ്യായാമത്തിനു തയ്യാറാക്കാൻ നമുക്ക് കൂടുതൽ സമയം വാം-അപ്പ് ദിനചര്യ ആവശ്യമായി വന്നേക്കാം.

പകൽവ്യായാമത്തിന്റെ ഗുണങ്ങൾ

കായികപ്രകടനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കാരണം ഉച്ചകഴിഞ്ഞ് ശരീരതാപനില പരമാവധി ഉയരും. ഒരു ചെറിയ പഠനം കണ്ടെത്തിയത്, ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും വൈകുന്നേരം ആറുമണിക്കും ഇടയിലാണ് ശക്തിയും സഹിഷ്ണുതയും ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നതെന്നും മറ്റൊരു പഠനത്തിൽ, വൈകുന്നേരം നാലുമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് ഏറ്റവും ഉയർന്ന പ്രകടനം ഉണ്ടാകുന്നതെന്നുമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് ഈ പഠനത്തിലെ ഗവേഷകർ പറയുന്നു.

പരിമിതികൾ

ഉച്ചകഴിഞ്ഞുള്ള വ്യായാമത്തിന്റെ ഏറ്റവും വലിയ പോരായ്മ, എപ്പോൾ വ്യായാമം ചെയ്യും എന്ന് തീരുമാനിക്കുന്നതാണ്. പകൽസമയത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ ഉച്ചകഴിഞ്ഞുള്ള വ്യായാമം ക്രമീകരിക്കുന്നത് വെല്ലുവിളിയാണ്. ഉച്ചഭക്ഷണ ഇടവേളയിൽ വ്യായാമം ചെയ്യാൻ ശ്രമിച്ചാലും, കുളിക്കാനും എന്തെങ്കിലും കഴിക്കാനും സമയം ചെലവഴിക്കേണ്ടിവന്നേക്കാം.

വൈകുന്നേരം വ്യായാമം ചെയ്യുന്നതിന്റെ ​ഗുണങ്ങൾ

അമിതവണ്ണമുള്ള മധ്യവയസ്‌കർക്ക് വൈകുന്നേരങ്ങളിലെ വ്യായാമം ഏറെ ​ഗുണം ചെയ്യും. ചില വിദഗ്ധർ പറയുന്നത്, ഭക്ഷണത്തിനുശേഷം വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കുറയ്ക്കാൻ സഹായിക്കും എന്നാണ്. പ്രമേഹമുള്ളവരിൽ, വൈകി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നു കണ്ടെത്തി. വൈകുന്നേരം വ്യായാമം ചെയ്യുന്നത് വിശ്രമിക്കാനും സമ്മർദം കുറയ്ക്കാനുമുള്ള ഒരു മാർഗമായിരിക്കാം. എല്ലാവരുടെയും ഉറക്കത്തെ വൈകിയുള്ള വ്യായാമം ബാധിക്കുന്നില്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

പരിമിതികൾ

ചില ആളുകൾക്ക് വൈകുന്നേരത്തെ വ്യായാമം വിശ്രമത്തിനുള്ള ഒരു മാർഗമായി തോന്നിയേക്കാം. മറ്റുചിലർക്ക് അത് വളരെ ഊർജസ്വലമായി തോന്നിയേക്കാം. ഇത് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് പഠനം പറയുന്നത്. വൈകുന്നേരത്തെ വ്യായാമങ്ങൾ നമ്മൾ ഉറങ്ങാൻ ചെലവഴിക്കുന്ന സമയം കുറയ്ക്കുകയും ചെയ്യും.

ഏത് വ്യായാമമാണ് മികച്ചത്?

​ഗവേഷകർ പറയുന്നത്, വ്യായാമം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം നിർണ്ണയിക്കേണ്ടത് നമ്മൾ തന്നെയാണ് എന്നാണ്. നമ്മൾ ചെയ്തുതീർക്കേണ്ട കാര്യങ്ങളെ പരി​ഗണിച്ചായിരിക്കും സമയം തീരുമാനിക്കേണ്ടത്. നമ്മുടെ ഉറക്കരീതികൾ, വ്യക്തിഗത കാര്യങ്ങൾ, എനർജി ലെവൽ, പുറത്തെ കാലാവസ്ഥ എന്നിവ പരിഗണിച്ചാണ് ഇത് തീരുമാനിക്കേണ്ടത്. ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതിനുപകരം എല്ലാ ദിവസവും ഒരേസമയം വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News