ശ്രീലങ്കയിലും നൈജീരിയയിലും ഫിലിപ്പീന്‍സിലുമൊക്കെ നടന്നതുപോലെ തന്നെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണ പരമ്പര വിവിധ രാജ്യങ്ങളില്‍ നിരവധിയിടങ്ങളിലായി നടന്നു വരുന്നു. അവരുടെ ക്രൂര പീഡനത്തിനും മരണത്തിനുപോലും ആളുകള്‍ നിന്നുകൊടുക്കേണ്ടിയും വരുന്നു. എന്നിട്ടും അവരെ ന്യായീകരിക്കാനും വെള്ളപൂശാനും ആളുകളുണ്ടെന്നതാണ് ഞെട്ടിക്കുന്ന സത്യം.
അയവില്ലാതെ തുടരുന്ന ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷത്തിന്റെ പേരില്‍ ലോകം തന്നെ വിഭജിക്കപ്പെട്ടു. ഇസ്രായേലിനെ എതിര്‍ക്കുന്ന ഒരു കൂട്ടരും പാലസ്തീനെ അനുകൂലിക്കുന്ന മറ്റൊരു കൂട്ടരും. പാലസ്തീന് അനുകൂലമായി ഇരവാദം ഉയര്‍ത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഹമാസ് പോലുള്ള ഭീകരസംഘടനകളെ വെള്ളപൂശുകയാണ് ചെയ്യുന്നത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. ഹമാസിനെ ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കുമേല്‍ യുദ്ധക്കുറ്റം ആരോപിക്കുന്നവരെല്ലേ ശരിക്കും കുറ്റം ചെയ്യുന്നത്? ഇസ്ലാമിസ്റ്റുകള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ വിവിധ കാലഘട്ടങ്ങളില്‍ നടത്തിയിട്ടുള്ള നിഷ്ഠൂരമായ ആക്രമണങ്ങളില്‍ ജീവനും ജീവിതവും നഷ്ടമായവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരാണുള്ളത്? എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമുക്കു മുന്പിലുണ്ട്.
മുറിവുണങ്ങാതെ ശ്രീലങ്ക
2019 ഏപ്രില്‍ 21-ാം തീയതി ഞായറാഴ്ചയാണ് ഇസ്ലാമിക ഭീകരസംഘടനയുടെ ആക്രമണം നടന്നത്. നാഷണല്‍ തൗഹീദ് ജമാ അത് പ്രവര്‍ത്തകനാണ് ചാവേറായി പള്ളിയിലെത്തി പൊട്ടിത്തെറിച്ചത്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ള സംഘടനയാണ് തൗഹീദെന്ന് കണ്ടെത്തിയിരുന്നു. അന്നേ ദിവസം ശ്രീലങ്കയെ ഞെട്ടിച്ചുകൊണ്ട് മൂന്നു പള്ളികളിലാണ് ബോംബാക്രമണം നടന്നത്. ഇതിനൊപ്പം മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഭീകരാക്രമണം നടന്നു. 11 ഇന്ത്യന്‍ പൗരന്മാരടക്കം 258 പേരാണ് ആക്രമണങ്ങളിലാകെ കൊല്ലപ്പെട്ടത്. 500 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വേട്ടയാടപ്പെടുന്ന നൈജീരിയ
ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍, ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പോലും അനേകര്‍ കൊല്ലപ്പെടുന്നതായി ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. രാജ്യത്തു നടക്കുന്ന ക്രൈസ്തവ നരഹത്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഉണരണമെന്ന് നിരവധി തവണ നൈജീരിയന്‍ മെത്രാന്മാര് ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ച ആകുന്നില്ല എന്നതാണ് വസ്തുത.
ഹമാസിന്റെ ക്രൂരത
ഇസ്രായേലില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന്, ഭീകരസംഘടനയായ ഹമാസ് നടത്തിയ ആക്രമണം അതിക്രൂരവും പൈശാചികവുമായിരുന്നു. സിവിലയന്മാര്ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അവര്‍ നടത്തിയ ആക്രമണം വിവരിക്കാനാവാത്തതാണ്. കൂടാതെ നിരവധിയാളുകളെ ബന്ദികളാക്കി കൊണ്ടുപോവുകയും ചെയ്തു. മോചിപ്പിക്കപ്പെട്ട ബന്ദികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഓരോന്നും ഹമാസിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
ഏറ്റവുമൊടുവില്‍ ഫിലിപ്പീന്‍സിലും
തെക്കന്‍ ഫിലിപ്പീന്‍സില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കത്തോലിക്കരെ ലക്ഷ്യമിട്ട സ്ഫോടനത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ മുസ്ലിം നഗരമായ മരാവിയിലുള്ള മിന്‍ഡനാവോ യൂണിവേഴ്സിറ്റിയുടെ കായികപരിശീലന ഹാളില്‍ രാവിലെ വിശുദ്ധ കുര്ബാനയ്ക്കിടെയാണു സ്ഫോടനമുണ്ടായത്. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫിലിപ്പീന്‍സിലെ 11.3 കോടി ജനങ്ങളില്‍ 80 ശതമാനവും കത്തോലിക്കരാണെങ്കിലും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകള്‍ക്ക് സാന്നിധ്യമുള്ള സ്ഥലമാണ് മരാവി. 2017ല്‍ ഫിലിപ്പീനി സേനയും തീവ്രവാദികളും തമ്മില്‍ അഞ്ചുമാസം യുദ്ധം നടന്നിരുന്നു. മേഖലയില്‍ സാന്നിധ്യമുള്ള ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഗ്രൂപ്പ് ആയിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
പാവങ്ങളുടെ ജീവനുവേണ്ടി വാദിക്കാന്‍ ആളില്ല
ശ്രീലങ്കയിലും നൈജീരിയയിലും ഫിലിപ്പീന്‍സിലുമൊക്കെ നടന്നതുപോലെ തന്നെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണ പരമ്പര വിവിധ രാജ്യങ്ങളില്‍ നിരവധിയിടങ്ങളിലായി നടന്നു വരുന്നു. അവരുടെ ക്രൂര പീഡനത്തിനും മരണത്തിനുപോലും ആളുകള്‍ നിന്നുകൊടുക്കേണ്ടിയും വരുന്നു. എന്നിട്ടും അവരെ ന്യായീകരിക്കാനും വെള്ളപൂശാനും ആളുകളുണ്ടെന്നതാണ് ഞെട്ടിക്കുന്ന സത്യം.
സ്വാതന്ത്രത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ വീമ്പിളക്കുന്ന പല രാജ്യങ്ങളും അവിടങ്ങളിലെ നേതാക്കളുമെല്ലാം പക്ഷപാതപരമായാണ് സംസാരിക്കുന്നതും പെരുമാറുന്നതും എന്ന് പറയാതെവയ്യ. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള സാധാരണക്കാരെയും നിസ്സഹായരായ സ്ത്രീകളേയും കുട്ടികളേയും മുസ്ലിം തീവ്രവാദികള്‍ വേട്ടയാടുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന ഇക്കൂട്ടര്‍ പാലസ്തീനെയും ഹമാസിനെയുമെല്ലാമോര്ത്ത് വേവലാതിപ്പെടുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നത് എന്തിനാണ്? ആക്രമണം അവസാനിപ്പിക്കൂ എന്ന് നിലവിളിക്കുന്നത് എന്തിനാണ്?
തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്ന ഒരു വലിയ സംഘം- വോട്ടുബാങ്ക് ലക്ഷ്യമാക്കുന്ന രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, നിരീക്ഷകര്‍ തുടങ്ങിയവര്‍ – കേരളത്തില്‍ പോലുമുണ്ട്. ഉദാഹരണത്തിന് യുദ്ധം തുടങ്ങിവച്ച പലസ്തീന് കേരളത്തില്‍ നിന്നും ഫണ്ടുകള്‍ ഒഴുകുന്നുണ്ടെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം പോലും മാറുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഗാസയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം യാഥാര്‍ത്ഥ്യമാണെങ്കിലും ഹമാസിനെ പിന്തുണയ്ക്കുന്നതിലൂടെ തീവ്ര ഇസ്ലാമിക തീവ്രവാദത്തെ രഹസ്യമായി പിന്തുണയ്ക്കുന്നവരെ മതേതര സമൂഹം വീക്ഷിക്കുന്നത് ഉത്കണ്ഠയോടെയാണ്.
തീവ്രവാദികളെ ഉന്മൂലനം ചെയ്തുകൊണ്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇസ്രായേല്‍ പറയുന്നു. ഇതുവരേയും അവര്‍ക്ക് യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിന് കാരണം ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും സഹായവുമാണെന്ന് വേണം മനസിലാക്കാന്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ മതത്തിന്റെ മറപിടിച്ചാണ് പലരും ഭീകരസംഘടനയെ പിന്തുണയ്ക്കുന്നത്. രാഷ്ട്രീയക്കാര്‍ അവര്‍ക്കു കുടപിടിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും. ഇക്കൂട്ടരൊന്നും ഇസ്ലാമിസ്റ്റുകള്‍ നടത്തിവരുന്ന ക്രൂരതകളും അതിന് ഇരയാകുന്നവരുടെ കണ്ണുനീരും കാണാത്തതെന്തേ എന്നാണ് ഇനിയും മനസിലാകാത്തത്.
കീര്‍ത്തി ജേക്കബ്