Tuesday, November 26, 2024

എന്തുകൊണ്ടാണ് തുര്‍ക്കിയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ തകര്‍ന്നത്?

തെക്കന്‍ തുര്‍ക്കി പ്രവിശ്യയായ ഹതേയിലെ ഒരു ആശുപത്രിയുടെ അവശിഷ്ടങ്ങളിലൂടെ അതീവക്ഷീണിതനായ ഒരാള്‍ പരതുകയാണ്. ‘ഞങ്ങള്‍ എന്റെ സഹോദരിയുടെ മകളായ റുക്കിയെ തിരയുകയാണ്’ എന്ന് തിരച്ചിലിനിടെ അയാള്‍ പറഞ്ഞു.

23 വയസ്സുള്ള റുക്കി ഒരു നഴ്‌സ് ആയിരുന്നു. ആദ്യത്തെ ഭൂകമ്പമുണ്ടായതിനുശേഷം രോഗികളെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനായി അവള്‍ ആശുപത്രിയിലെത്തിയതാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ ഭൂകമ്പത്തില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു വീണു. അവള്‍ പലരെയും രക്ഷിച്ചു, പക്ഷേ സ്വയം പുറത്തുകടക്കാനോ രക്ഷപെടാനോ കഴിഞ്ഞില്ല. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് അവള്‍ ഭര്‍ത്താവിനെ വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത് അവള്‍ പോയി എന്നാണ്.

തിങ്കളാഴ്ചത്തെ വിനാശകരമായ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയുടെ തെക്കുകിഴക്ക് ഉടനീളം തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ റുക്കിയെപ്പോലുള്ള ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. ഗവണ്‍മെന്റ് പറയുന്നതനുസരിച്ച്, രണ്ട് വലിയ ഭൂചലനങ്ങളും നൂറുകണക്കിന് തുടര്‍ചലനങ്ങളും 10 പ്രവിശ്യകളിലായി 6,444 കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു.

ഒരു ദുരന്ത സംയോജനം

ഈ പ്രകൃതിദുരന്തം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇത്രയധികം നാശമുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രം ഇപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് ഭൂകമ്പങ്ങള്‍ (ആദ്യത്തേത് 7.8 തീവ്രതയിലും രണ്ടാമത്തേത് 7.6 ലും) മിക്ക കെട്ടിടങ്ങള്‍ക്കും അതിജീവിക്കാന്‍ കഴിയാത്തത്ര ശക്തമായിരുന്നോ? അതോ കെട്ടിടങ്ങള്‍ ആധുനിക നിര്‍മാണ നിലവാരം പുലര്‍ത്തിയിരുന്നില്ലേ? അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു.

ഇസ്താംബുള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ജിയോളജിക്കല്‍ എഞ്ചിനീയറായ പ്രൊഫസര്‍ ഒകാന്‍ തുയ്സുസിന്റെ അഭിപ്രായത്തില്‍, മേല്‍പ്പറഞ്ഞവയെല്ലാം ചേര്‍ന്നതാണ് തുര്‍ക്കിയെ ദുരന്തത്തിലേക്ക് നയിച്ചത്. ‘ഞങ്ങള്‍ ഇവിടെ വലിയ രണ്ട് ഭൂകമ്പങ്ങളെയാണ് നേരിട്ടത്. ആദ്യത്തേത് ഏകദേശം 5 ദശലക്ഷം ടണ്‍ ടിഎന്‍ടിയുടെ സ്‌ഫോടനത്തില്‍ നിന്നുള്ള ഊര്‍ജം പുറന്തള്ളുന്നതിന് തുല്യമായിരുന്നു. രണ്ടാമത്തേത് 3.5 ദശലക്ഷം ടണ്ണിന് തുല്യമായിരുന്നു. മിക്ക കെട്ടിടങ്ങളും ഇത്രയും ശക്തിയെ ചെറുക്കാന്‍ പാടുപെടും’. അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ ഭൂകമ്പ റിട്രോഫിറ്റ് അസോസിയേഷന്‍ പ്രസിഡന്റും സിവില്‍ എഞ്ചിനീയറുമായ സിനാന്‍ തുര്‍ക്കനും ഇക്കാര്യം സമ്മതിച്ചു. ‘ഭൂകമ്പങ്ങള്‍ അത്യധികം ശക്തമായിരുന്നു എന്ന് മാത്രമല്ല, അവ ദ്രുതഗതിയില്‍ ആഞ്ഞടിക്കുകയും ചെയ്തു. ആദ്യ ഭൂകമ്പത്തില്‍ പല കെട്ടിടങ്ങള്‍ക്കും നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു, പക്ഷേ രണ്ടാമത്തേതിന് ശേഷം അവയെല്ലാം തകര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച 6,000 മുതല്‍ 7,000 വരെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പം എത്ര ശക്തമായാലും, എല്ലാ കെട്ടിടങ്ങളും മിനിമം നിലവാരം പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നില്ല’.

ബുധനാഴ്ച, ദുരന്തമേഖലയിലെ സന്ദര്‍ശന വേളയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഭൂകമ്പങ്ങള്‍ക്കായുള്ള തന്റെ ഗവണ്‍മെന്റിന്റെ തയ്യാറെടുപ്പിനെയും അതേത്തുടര്‍ന്നുള്ള പ്രതികരണത്തെയും ന്യായീകരിച്ചു. ദുരന്തത്തിന്റെ വ്യാപ്തിക്ക് അനുസരിച്ച് തയ്യാറെടുക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിലും തകര്‍ന്ന എല്ലാ കെട്ടിടങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലത്യ, ഇലാസിഗ്, ബിങ്കോള്‍, വാന്‍ എന്നിവിടങ്ങള്‍ പോലെ ഞങ്ങള്‍ ഇവിടവും പുനര്‍നിര്‍മ്മിക്കും. നമ്മുടെ ഗവണ്‍മെന്റ് കഴിഞ്ഞ കാലങ്ങളില്‍ പുനര്‍നിര്‍മ്മാണ മേഖലയിലെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഹതേയിലും മറാസിലും മറ്റ് എട്ട് ഭൂകമ്പ ബാധിത പ്രവിശ്യകളിലും ഞങ്ങള്‍ അത് ആവര്‍ത്തിക്കും’. പ്രസിഡന്റ് പറഞ്ഞു.

1999-ന് മുമ്പ് പടിഞ്ഞാറന്‍ മര്‍മര മേഖലയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,500 പേര്‍ കൊല്ലപ്പെട്ടതിനുശേഷം പുനര്‍നിര്‍മ്മിച്ചവയാണ്, തിങ്കളാഴ്ച തകര്‍ന്ന കെട്ടിടങ്ങളില്‍ ഭൂരിഭാഗവും. 2008 ലും അടുത്തൊരു വലിയ ഭൂകമ്പത്തിന് തുര്‍ക്കിയെ സജ്ജരാക്കുന്നതിനായി ഒരു നഗര പരിവര്‍ത്തന പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷവും 2022 നവംബറില്‍, റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് വടക്കന്‍ തുര്‍ക്കിയിലെ ഡസ്സില്‍ രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളും 2035 ഓടെ ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലാക്കാന്‍ അധികാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്ന് പരിസ്ഥിതി, നഗരവല്‍ക്കരണ മന്ത്രി മുറാത്ത് കുറും അടിവരയിട്ട് പറയുകയും ചെയ്തു. 3.2 ദശലക്ഷം വസതികള്‍ പുനര്‍നിര്‍മിച്ചു കഴിഞ്ഞെന്നും കുറും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നിരുന്നാലും, ആ ശ്രമങ്ങള്‍ക്കൊന്നും തന്നെ ദുരന്തം തടയാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തുര്‍ക്കിയുടെ ഭൂകമ്പ ഡിസൈന്‍ കോഡ് കടലാസില്‍ മാത്രമാണ് ആഗോള നിലവാരം പുലര്‍ത്തുന്നതെന്നും പ്രായോഗികമായി സ്ഥിതി വളരെ മോശമാണെന്നും തുര്‍ക്കന്‍ പറഞ്ഞു. സര്‍ക്കാര്‍ പുനര്‍നിര്‍മ്മാണത്തിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നഗര പരിവര്‍ത്തന പദ്ധതിയില്‍ പങ്കാളിത്തം നിര്‍ബന്ധമാക്കിയില്ല. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് പണം സമ്പാദിക്കാന്‍ കഴിയുന്ന ആളുകള്‍ മാത്രമാണ്. അതായത് കൂടുതല്‍ വികസനത്തിന് അനുയോജ്യമായ വിലയേറിയ പ്ലോട്ടുകള്‍ കൈവശമുള്ള ആളുകള്‍ അവരുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ഏറ്റവും പുതിയ കോഡ് അനുസരിച്ച് പുനര്‍നിര്‍മിക്കാന്‍ സമ്മതിക്കുന്നു. യഥാര്‍ത്ഥത്തില്‍ പുനര്‍നിര്‍മ്മാണം ആവശ്യമായിട്ടുള്ളവരോ അല്ലെങ്കില്‍ അടിയന്തിരമായി തോന്നാത്ത ബലപ്പെടുത്തലുകള്‍ക്കോ പണം ചെലവഴിക്കാന്‍ പലരും ആഗ്രഹിച്ചില്ല. ശക്തമായ ഭൂചലനം നേരിടുമ്പോള്‍ ഉടനടി തകര്‍ന്നുവീഴുന്ന തരത്തിലുള്ള നിര്‍മ്മാണ സാങ്കേതികവിദ്യകളാണ് പലരും ഉപയോഗിച്ചതും.

‘ഒരു എഞ്ചിനീയര്‍ എന്ന നിലയില്‍ ഇത് എന്നെ വല്ലാതെ ദുഖിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ വേണമെങ്കില്‍ കേടായ എല്ലാ കെട്ടിടങ്ങളും ശക്തിപ്പെടുത്തുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യാമായിരുന്നു. തിങ്കളാഴ്ച നഷ്ടമായ 5000 കെട്ടിടങ്ങളെയെങ്കിലും പൂര്‍ണ നാശത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നു. നമുക്ക് ഒരുപാട് ജീവനുകളും രക്ഷിക്കാമായിരുന്നു’. തുര്‍ക്കന്‍ പറഞ്ഞു.

എല്ലാ കെട്ടിടങ്ങളും സുരക്ഷിതമാണെന്നും ഭൂകമ്പ രൂപകല്‍പന ചട്ടങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിനും പ്രാദേശിക അധികാരികള്‍ക്കും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാമായിരുന്നുവെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

‘വര്‍ഷങ്ങളായി ഞങ്ങള്‍ കോണ്‍ഫറന്‍സുകള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ എഴുതുകയും പ്രാദേശിക അധികാരികള്‍ക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. വലിയ ഭൂകമ്പങ്ങള്‍ തീര്‍ച്ചയായും ഹാറ്റേ, ഗാസിയാന്‍ടെപ് തുടങ്ങിയ നഗരങ്ങളെ വീണ്ടും ബാധിക്കുമെന്നും ഞങ്ങള്‍ അവരോട് പറഞ്ഞു, പക്ഷേ ആരും ശ്രദ്ധിച്ചില്ല’. തുര്‍ക്കന്‍ പറയുന്നു.

പുതിയ കെട്ടിടങ്ങള്‍ പോലും ഇല്ലാതായി

പുതിയ നിര്‍മാണത്തില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും പോരായ്മകള്‍ ഉണ്ടായിരുന്നു. ‘ഈ ഭൂകമ്പത്തില്‍ പുതിയ ചില കെട്ടിടങ്ങളും തകര്‍ന്നു. അതിനര്‍ത്ഥം കരാറുകാര്‍ കുറുക്കുവഴികള്‍ സ്വീകരിച്ചുവെന്നാണ്. ചെലവ് കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് ലാഭിക്കാന്‍ ശ്രമിച്ചു, നിര്‍മ്മാണ പ്രോജക്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പ് അധികാരികളും ജാഗ്രത പാലിക്കുന്നതില്‍ പരാജയപ്പെട്ടു’. തുയ്‌സുസ് പറഞ്ഞു. നിരവധി സ്‌കൂളുകള്‍, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, ആശുപത്രികള്‍, തുര്‍ക്കി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയുടെ (എഎഫ്എഡി) ആസ്ഥാനം പോലും തിങ്കളാഴ്ച തകര്‍ന്നു.

എന്താണ് ചെയ്യേണ്ടത്?

ബൊഗാസിസി സര്‍വകലാശാലയിലെ കാണ്ടില്ലി ഒബ്‌സര്‍വേറ്ററി ആന്‍ഡ് എര്‍ത്ത്ക്വേക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഇസ്താംബൂളില്‍, താമസിയാതെ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. തുര്‍ക്കിയില്‍ ഏകദേശം 20 ദശലക്ഷം കെട്ടിടങ്ങളുണ്ട്. ഈ കെട്ടിടങ്ങളില്‍ ഗണ്യമായ ശതമാനവും ഉയര്‍ന്ന തോതിലുള്ള ഭൂചലനത്തെ നേരിടാനുള്ള അവസ്ഥയിലല്ലെന്ന് അവരുടെ വിദഗ്ധര്‍ വിശ്വസിക്കുന്നു.

ഭൂകമ്പ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലെയും അപകടസാധ്യതയുള്ള എല്ലാ കെട്ടിടങ്ങളും ശക്തിപ്പെടുത്തുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുന്നത് സാങ്കേതികമായും പ്രായോഗികമായും ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. എങ്കിലും അത് ഒഴിവാക്കാനോ വൈകിപ്പിക്കാനോ കഴിയാത്ത ഒരു ദൗത്യമാണ്.

‘ആളുകള്‍ അവരുടെ കെട്ടിടങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ പുനര്‍നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണ്, അത് അങ്ങനെ തന്നെ പരിഗണിക്കണം’. തുര്‍ക്കന്‍ വ്യക്തമാക്കി.

Latest News