Friday, April 11, 2025

ഓസ്‌കാര്‍ വേദിയിലെ വില്‍ സ്മിത്തിന്റെ ‘സ്‌നേഹ പ്രകടനം’ അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നത് എന്തുകൊണ്ട്

‘സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും’. ഞായറാഴ്ച നടന്ന അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍, ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ വില്‍ സ്മിത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെയും രോഗാവസ്ഥമൂലം അവളുടെ തല മൊട്ടയടിച്ചതിനെയും കുറിച്ച് തമാശ പറഞ്ഞതിനാണ് സ്മിത്ത് വേദിയിലേക്ക് ഓടിക്കയറി അവതാരകനായിരുന്ന ക്രിസ് റോക്കിനെ അടിച്ചത്. സംഭവം നടന്ന് അധികം താമസിയാതെ, സ്മിത്ത് മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാനായി സ്റ്റേജില്‍ തിരിച്ചെത്തി. അവാര്‍ഡ് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍, ഭാര്യയോടുള്ള തന്റെ സ്‌നേഹമാണ് തന്നെ അത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും തന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നും പറഞ്ഞ് തന്റെ പ്രവൃത്തികളെ അദ്ദേഹം ന്യായീകരിക്കാനും ശ്രമിച്ചു.

എന്നാല്‍ സ്‌നേഹത്തില്‍ അക്രമം ഉള്‍പ്പെടരുതെന്നാണ് സ്മിത്തിന്റെ പ്രസ്തുത പ്രവര്‍ത്തിയെ വിലയിരുത്തി, ഇന്‍ഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടണിലെ കൗണ്‍സിലിംഗ് ആന്‍ഡ് എജ്യുക്കേഷണല്‍ സൈക്കോളജി വിഭാഗം പ്രൊഫസറും ചെയര്‍മാനുമായ ജോയല്‍ വോംഗ് പറഞ്ഞത്. അക്രമം പോലുള്ള അനാരോഗ്യകരമായ പുരുഷ സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയാണ്, ഒരു കുടുംബാംഗം ആക്രമിക്കപ്പെടുന്നത് കാണുമ്പോള്‍, തന്റെ വ്യക്തിത്വത്തെ അവഹേളിക്കുന്നതായി കണക്കാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെന്ന് വോംഗ് പറഞ്ഞു.

‘കുടുംബം, പ്രത്യേകിച്ച് ഒരാളുടെ പങ്കാളി, അയാളുടെ തന്നെ ബാക്കിയാണ്. അതിനാല്‍ ഒരാളുടെ ഭാര്യയെ അപമാനിക്കുന്നതോ കുട്ടികളെ അപമാനിക്കുന്നതോ സ്വയം അപമാനിക്കുന്നതിന് തുല്യമായി ആ വ്യക്തി കാണും. ഇങ്ങനെയുള്ള ഒരാള്‍ക്ക്, അയാളുടെ അഭിമാനം സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം പൊതുഇടങ്ങളില്‍ ആളുകള്‍ കാണ്‍കേ പ്രതികരിക്കുക എന്നതാണ്. സ്മിത്തിന്റെ കാര്യത്തില്‍, 15.3 ദശലക്ഷം ഓസ്‌കാര്‍ കാണികളും ഇന്റര്‍നെറ്റിലൂടെ ദശലക്ഷക്കണക്കിന് ആളുകളും അദ്ദേഹത്തിന്റെ പ്രതികരണം കണ്ടു. എന്നാല്‍ ഇതെല്ലാം പ്രണയത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് വില്‍ സ്മിത്തിനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്’. വോംഗ് കൂട്ടിച്ചേര്‍ത്തു.

നാണക്കേടും സ്മിത്തിന്റെ പ്രതികരണത്തില്‍ പങ്കു വഹിച്ചിരിക്കാമെന്ന് ഹെല്‍ത്ത് ഡിസ്പാരിറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും കണക്റ്റിക്കട്ടിലെ ഫാര്‍മിംഗ്ടണിലുള്ള യുകോണ്‍ ഹെല്‍ത്തിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസറുമായ വിസ്ഡം പവല്‍ പറയുന്നു. ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശയില്‍ അദ്ദേഹത്തിന് അസ്വസ്ഥതയും നാണക്കേടും തോന്നിയിരിക്കാം. കൂടാതെ പുരുഷന്മാര്‍ ദുര്‍ബലരാകുന്നത് സാമൂഹികമായി സ്വീകാര്യമല്ലാത്തതിനാല്‍ അവര്‍ പൊതുവേ അക്രമാസക്തമായ രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹമുള്ളവര്‍ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കില്ലല്ലോ. പവല്‍ വിശദീകരിച്ചു.

അക്രമത്തിന്റെ ബലിയാടായി പ്രണയം

ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്ക്, സ്മിത്തിന്റെ പ്രവൃത്തി വളരെ പരിചിതമായിരുന്നു. ചില പുരുഷന്മാര്‍ അക്രമാസക്തമായി പ്രവര്‍ത്തിക്കുമ്പോള്‍, അത് യഥാര്‍ത്ഥ പ്രണയത്തിന്റെ പേരിലാണെന്ന് അവര്‍ അവകാശപ്പെടുകയും ന്യായീകരിക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ഒരു മനുഷ്യന്‍ അക്രമം നടത്തുമ്പോള്‍, ആളുകള്‍ തന്റെ പെരുമാറ്റത്തെ അംഗീകരിക്കുന്നുവെന്ന് അയാള്‍ ചിന്തിച്ചേക്കാം. വാസ്തവത്തില്‍, 2020-ലെ വോംഗ്് നടത്തിയ ഒരു പഠനമനുസരിച്ച്, പുരുഷന്മാര്‍ ആക്രമണകാരികളായിരിക്കണമെന്ന് മിക്ക ആളുകളും ആഗ്രഹിക്കുന്നില്ല. അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുക എന്നതാണ് സാംസ്‌കാരിക മാറ്റം ആരംഭിക്കുന്നതിനുള്ള ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്ന്. അദ്ദേഹം പറഞ്ഞു. പുരുഷന്മാരിലെ നന്മയെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്, മറിച്ച് സ്‌നേഹത്തിന്റെ പേരിലുള്ള അവരിലെ അക്രമിയെ അല്ല. വോംഗ് വ്യക്തമാക്കി.

ഇതിനുള്ള പരിഹാരങ്ങള്‍ ചെറുപ്പത്തിലേ ആരംഭിക്കേണ്ടതുണ്ട്. ഒഹായോയിലെ അക്രോണ്‍ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫസര്‍ എമറിറ്റസ് റൊണാള്‍ഡ് ലെവന്റ് പറയുന്നു. പുരുഷന്മാര്‍ ചെറിയ ആണ്‍കുട്ടികളായിരിക്കുമ്പോള്‍, കരയുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് അവരെ പഠിപ്പിക്കുന്നു. അത് പാടില്ല. പുരുഷത്വത്തെക്കുറിച്ച് ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം ഇനിയെങ്കിലും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്, വാക്കുകള്‍ മുഷ്ടികള്‍ക്ക് പകരമായി എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്. ലെവന്റ് കൂട്ടിച്ചേര്‍ക്കുന്നു.

 

 

Latest News