യുക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധത്തില്‍ ഏറ്റവുമധികം ബോംബാക്രമണം നടന്നതും തകര്‍ന്നതുമായ നഗരമാണ് മരിയുപോള്‍. തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങളുടെ ആഘാതം ആ തുറമുഖ നഗരം ഇതിനോടകം അനുഭവിച്ചുകഴിഞ്ഞു. യുക്രെയ്നിലെ മോസ്‌കോയുടെ പ്രധാന ലക്ഷ്യമാണ് ഈ നഗരം. അത് എന്തുകൊണ്ടായിരിക്കും?
പീരങ്കികള്‍, റോക്കറ്റുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് അവര്‍ മരിയുപോളിനെ തകര്‍ത്തു. നഗരത്തിന്റെ 90% ത്തിലധികം നശിപ്പിക്കുകയും ചെയ്തു. വൈദ്യുതി, ശുദ്ധജലം, ഭക്ഷണം, മെഡിക്കല്‍ സപ്ലൈ എന്നിവയുടെ ലഭ്യതയും അവര്‍ ഇല്ലാതാക്കി. എന്നാല്‍ നഗരം അതിവേഗം പിടിച്ചെടുക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടു. കാരണം, കഴിഞ്ഞ മൂന്നാഴ്ചയായി മുന്നേറുന്ന സേനയ്ക്കെതിരെ കടുത്ത ചെറുത്തുനില്‍പ്പാണ് യുക്രേനിയക്കാര്‍ നടത്തുന്നത്. മരിയുപോളിനെ പട്ടിണിയിലാക്കി കീഴടക്കാനാണ് റഷ്യ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് യുക്രേനിയന്‍ എംപി ആരോപിച്ചിരുന്നു. അവസാന പട്ടാളക്കാരന്‍ വരെ നഗരത്തെ സംരക്ഷിക്കുമെന്ന് യുക്രെയ്ന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.
മരിയുപോള്‍ എന്ന തുറമുഖ നഗരം പിടിച്ചെടുക്കുന്നത് റഷ്യയുടെ വിജയമാകുന്നതിന് നാല് പ്രധാന കാരണങ്ങളുണ്ട്…
1. ക്രിമിയയ്ക്കും ഡോണ്‍ബാസിനും ഇടയില്‍ ഒരു ലാന്‍ഡ് കോറിഡോര്‍ ഉറപ്പാക്കുന്നു
കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ തങ്ങളുടെ അനുകൂലികളുമായും യുക്രേനിയന്‍-വിഘടനവാദി സഖ്യകക്ഷികളുമായും ബന്ധം സ്ഥാപിക്കാനാണ് അവര്‍ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത്.
ഭൂമിശാസ്ത്രപരമായി, മരിയുപോള്‍ നഗരം ഭൂപടത്തില്‍ ഒരു ചെറിയ പ്രദേശമാണ്. എന്നാല്‍ യുകെ ജോയിന്റ് ഫോഴ്സ് കമാന്‍ഡിന്റെ മുന്‍ കമാന്‍ഡര്‍ ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് പറയുന്നത് റഷ്യയുടെ യുദ്ധശ്രമങ്ങള്‍ക്ക് മരിയുപോളിനെ പിടികൂടുന്നത് അത്യന്താപേക്ഷിതമാണെന്നാണ്.
‘തങ്ങള്‍ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് റഷ്യക്കാര്‍ക്ക് തോന്നുമ്പോള്‍, അവര്‍ റഷ്യയില്‍ നിന്ന് ക്രിമിയയിലേക്കുള്ള ഒരു ലാന്‍ഡ് ബ്രിഡ്ജ് പൂര്‍ത്തിയാക്കും. ഇത് ഒരു വലിയ തന്ത്രപരമായ വിജയമായി അവര്‍ കാണും’. ബാരണ്‍സ് പറയുന്നു.
മാരിയുപോള്‍ പിടിച്ചെടുത്താല്‍, യുക്രെയ്‌നിലെ കരിങ്കടല്‍ തീരപ്രദേശത്തിന്റെ 80%-ലധികം പൂര്‍ണ്ണ നിയന്ത്രണം റഷ്യയ്ക്കാകും. കൂടാതെ അതിന്റെ സമുദ്ര വ്യാപാരം വെട്ടിക്കുറയ്ക്കുകയും ലോകത്തില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്യും.
2. യുക്രെയ്‌നിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുക എന്ന ലക്ഷ്യം
കരിങ്കടലിന്റെ ഭാഗമായ അസോവ് കടലിലെ തന്ത്രപ്രധാനമായ തുറമുഖമാണ് മരിയുപോള്‍. ആഴത്തിലുള്ള ബര്‍ത്തുകളുള്ള ഇത് അസോവ് കടല്‍ മേഖലയിലെ ഏറ്റവും വലിയ തുറമുഖവും പ്രധാന ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണങ്ങളുടെ കേന്ദ്രവുമാണ്. യുക്രെയ്‌നിലെ ഉരുക്ക്, കല്‍ക്കരി, ധാന്യം എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രവുമാണ് മരിയുപോള്‍.
2014-ല്‍ മോസ്‌കോ ക്രിമിയയെ നിയമവിരുദ്ധമായി പിടിച്ചടക്കിയതുമുതല്‍ ആ ഉപദ്വീപിലെ റഷ്യന്‍ സേനയ്ക്കും യുക്രൈനിലെ ഡൊണെസ്‌കിലെയും ലുഹാന്‍സ്‌കിലെയും സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളിലെ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കും ഇടയില്‍ നഗരം അസ്വസ്ഥമായിക്കിടക്കുകയാണ്. മരിയുപോളിന് യുദ്ധത്തിലൂടെ ഉണ്ടായിരിക്കുന്ന നഷ്ടം യുക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ തിരിച്ചടിയാകും. അതാണ് റഷ്യയ്ക്ക് വേണ്ടതും.
3. പ്രചാരണത്തിന് അവസരം
അസോവ് ബ്രിഗേഡ് എന്ന് വിളിക്കപ്പെടുന്ന യുക്രേനിയന്‍ മിലിഷ്യ യൂണിറ്റാണ് മരിയുപോളില്‍ ഉള്ളത്. മരിയുപോള്‍ ഭാഗമായ അസോവ് കടലിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അസോവ് ബ്രിഗേഡില്‍ തീവ്ര വലതുപക്ഷ തീവ്രവാദികള്‍ ഉള്‍പ്പെടുന്നു.
അവര്‍ യുക്രെയ്‌നിലെ സേനയുടെ ഏറ്റവും ചെറിയ ഭാഗം മാത്രമാണെങ്കിലും, ഇത് മോസ്‌കോയ്ക്ക് ഉപയോഗപ്രദമായ ഒരു പ്രചരണ ഉപകരണമാണ്. ഉക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ അയച്ച യുവാക്കള്‍ തങ്ങളുടെ അയല്‍ക്കാരായ നവനാസികളെ മോചിപ്പിക്കാന്‍ അവിടെയുണ്ടെന്ന് റഷ്യയിലെ ജനത്തോട് പറയുന്നതിന് ഇത് ഒരു കാരണമായി.
4. രാജ്യത്തിന്റെ അഭിമാനം
മാരിയുപോളിലെ റഷ്യന്‍ വിജയം, റഷ്യ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുവെന്നും പുരോഗതി കൈവരിക്കുന്നുവെന്നും ലോകത്തേയും സ്വന്തം ജനത്തേയും ബോധ്യപ്പെടുത്താന്‍ സഹായിക്കും.
പ്രസിഡന്റ് പുടിനെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം ഒരു ചരിത്രപരമായ പ്രാധാന്യവുമുണ്ട്. യുക്രെയ്‌നിന്റെ കരിങ്കടല്‍ തീരപ്രദേശം നോവോറോസിയ (ന്യൂ റഷ്യ) – 18-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലെ റഷ്യന്‍ ഭൂമിയുടെ ഭാഗമായാണ് അദ്ദേഹം കാണുന്നത്.
പുടിന്‍ ആ ആശയം പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ‘കൈവിലെ പാശ്ചാത്യ അനുകൂല സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് റഷ്യക്കാരെ രക്ഷിക്കുക’. ആ ലക്ഷ്യം കൈവരിക്കുന്നതിന് മരിയുപോള്‍ നിലവില്‍ തടസ്സമാണത്രേ.