“അവൾ അവിടെ ഉണ്ടല്ലോ, അത് തന്നെ ഒരു ആശ്വാസമാണ്.” നൂറ്റിരണ്ടു വയസുള്ള മർജോറി റിഗ്ബി എന്ന മുത്തശ്ശിയുടെ വാക്കുകളിൽ ആശ്വാസം നിറയുകയാണ്. അതിനു കാരണം ജനനത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം മരണമടഞ്ഞ മകൾ ലാറായുടെ കുഴിമാടം കണ്ടെത്തിയതാണ്. 76 വർഷം മുൻപ് ഏറെ പ്രതീക്ഷയോടെ, സ്നേഹത്തോടെ താൻ കാത്തിരുന്ന, തന്നെ തനിച്ചാക്കി മരണത്തിലേയ്ക്ക് പറന്നകന്ന ആ കുഞ്ഞു മാലാഖയുടെ മുഖം ഇന്നും ആ അമ്മയുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഭർത്താവ് ചാർലിയുമായുള്ള വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടയിലാണ് റിഗ്ബി ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്. ഒരു കുഞ്ഞു അതിഥി എത്തുന്ന വിവരം ഇരുവരും സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. വിമൻസ് ഓക്സിലറി എയർഫോഴ്സിലെ ഒരു അംഗമായി ജോലി ചെയ്തു വരികയായിരുന്നു അപ്പോൾ റിഗ്ബി. വയസ് 26 ഉം. 1946 സെപ്റ്റംബറിൽ അവൾ തന്റെ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി. അവൾക്കു മുൻകൂട്ടി കണ്ടെത്തിയിരുന്ന ലാറ എന്ന പേരാണ് ഈ ദമ്പതികൾ അവൾക്ക് നൽകിയത്.
എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസില്ലായിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം കുഞ്ഞു മരണമടഞ്ഞു എന്നും കുഞ്ഞിനെ സെമിത്തേരിയിലേയ്ക്ക് മാറ്റി എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആ അവസ്ഥയിൽ കൂടുതൽ ഒന്നും ചോദിയ്ക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല അവർ. വല്ലാത്ത ഒരു മരവിപ്പായിരുന്നു ഇരുവർക്കും. പിന്നീട് ആ കുഞ്ഞിനെ എവിടെ സംസ്കരിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല.
വീണ്ടും റിഗ്ബി രണ്ടു കുട്ടികൾക്ക് കൂടെ ജന്മം നൽകി. എങ്കിലും തന്റെ ആദ്യത്തെ കുഞ്ഞിന്റെ ശവകുടീരം കണ്ടെത്തുവാനോ അതിനെ മറക്കുവാനോ ഈ അമ്മയ്ക്കു കഴിഞ്ഞില്ല. എവിടെയാണ് തന്റെ കുഞ്ഞിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് എന്നറിയാൻ അവർ അതിയായി ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചു എങ്കിലും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല. നാളുകൾ കടന്നു പോയി. തങ്ങൾക്കു ഒരു ചേച്ചി ഉണ്ടായിരുന്നു എന്നു റിഗ്ബിയുടെ മറ്റു രണ്ടു മക്കൾക്കും അറിയാം. അവരുടെ ഉളിലും ചേച്ചിയെ കുറിച്ച് സ്നേഹപൂർണമായ ഒരു വികാരം വളർത്തിയെടുക്കാൻ റിഗ്ബിക്കു കഴിഞ്ഞിരുന്നു.
അങ്ങനെ ഇരിക്കെയാണ് ഒരു ടീവീ ഷോയിലൂടെ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾ കണ്ടെത്തിയ വാർത്ത പുറത്തറിയുന്നത്. ഇതോടനുബന്ധിച്ചു നടത്തിയ അന്വേഷണങ്ങൾക്കു ഒടുവിൽ റിഗ്ബിയ്ക്കും മക്കൾക്കും ലോറയെ അടക്കിയ സ്ഥലം കണ്ടെത്തുവാൻ കഴിഞ്ഞു. തന്റെ ആദ്യ കുഞ്ഞിന്റെ കുഴിമാടത്തിൽ എത്തിയ ഈ അമ്മയ്ക്ക് സന്തോഷം അടക്കാനായില്ല. കാണാതായ മകളെ 76 വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയ ഒരു അമ്മയുടെ സന്തോഷമായിരുന്നു റിഗ്ബിയ്ക്ക് അപ്പോൾ. അവർ നിറഞ്ഞ കണ്ണുകളോടെ അവിടെ നിന്നു.
“ഇപ്പോഴാണ് എനിക്ക് സമാധാനമായത്. ഈ കുഴിമാടം എനിക്ക് ആശ്വാസം പകരുന്നു. കാരണം അവൾക്കു ശാന്തമായി ഉറങ്ങുവാൻ ഒരിടം ഉണ്ടല്ലോ. അവളുടെ സമീപത്തേയ്ക് എന്നു പറഞ്ഞു എത്താൻ എനിക്ക് ഒരു സ്ഥലം ഉണ്ടല്ലോ,”- റിഗ്ബി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു നിർത്തുമ്പോൾ ആ അമ്മക്ക് സമീപത്തായി മക്കൾ ഇരുവരും ഉണ്ടായിരുന്നു.
മരിയ ജോസ്