Monday, November 25, 2024

യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ ഇന്ന്, ലോക ശിശുദിനം

1959 മുതലാണ് യുഎന്‍ ജനറല്‍ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി വര്‍ഷം തോറും നവംബര്‍ 20 ലോക ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ആഗോളതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്. ഇത് അന്താരാഷ്ട്ര കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് അവബോധം വളര്‍ത്തുകയും ചെയ്യുന്നു.

ശിശുദിനം കുട്ടികള്‍ക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളില്‍ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍, 5 മുതല്‍ 14 വയസ്സുവരെയുള്ള 153 മില്യണ്‍ കുട്ടികള്‍ അടിമത്തം, വേശ്യാവൃത്തി എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ബാലവേലകള്‍ക്കും ചൂഷണങ്ങള്‍ക്കും നിര്‍ബന്ധിതരാകുന്നുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ 1999ല്‍ ബാലവേല നിരോധിച്ചിരുന്നു.

യൂണിസെഫ് പത്രക്കുറിപ്പില്‍ പറയുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളിലും, സംഘര്‍ഷങ്ങളിലും പെട്ട് സഹനത്തിലൂടെയാണ് ശിശുക്കളും കുട്ടികളും കടന്നുപോകുന്നതെന്ന് യൂണിസെഫ്. ലോക ശിശുദിനത്തോടനുബന്ധിച്ചാണ് പലസ്തീന്‍-ഇസ്രായേല്‍, ഹൈറ്റി, സിറിയ, സുഡാന്‍, യുക്രൈന്‍, യെമന്‍ എന്നീ പ്രദേശങ്ങളില്‍ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ അവസ്ഥയെ പ്രത്യേകം പരാമര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിറക്കിയത്.

ലോകമെമ്പാടും കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്ന യൂണിസെഫ്, ഏതാണ്ട് നാല്‍പ്പത് കോടിയോളം കുട്ടികളാണ് സംഘര്‍ഷപ്രദേശങ്ങളില്‍ ജീവിക്കുന്നതെന്ന് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ലോകത്ത് കൊല്ലപ്പെടുകയോ അംഗവൈകല്യങ്ങള്‍ നേരിടുകയോ ചെയ്ത കുട്ടികളുടെ എണ്ണം കുറഞ്ഞത് ഒരുലക്ഷത്തിഇരുപതിനായിരത്തോളമാണ്. പ്രതിദിനം ഇരുപതോളം കുട്ടികളാണ് യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇരകളാകുന്നത്.

ലോകത്തെ മാനവിക അടിയന്തിരാവസ്ഥയുടെ 80 ശതമാനത്തിനും കാരണം ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളാണെന്ന് യൂണിസെഫ് വ്യക്തമാക്കി. സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണവും ജലവും പോലും എത്തിക്കുന്നതിന് സാധ്യമല്ലെന്നും, ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് ഇത്തരം അവസ്ഥകള്‍ തള്ളിയിടുന്നതെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

ഗാസാ പ്രദേശത്ത് ഒക്ടോബര്‍ 7-നും നവംബര്‍ 15-നും ഇടയില്‍ 4609 കുട്ടികള്‍ കൊല്ലപ്പെട്ടതായും 9000-ത്തോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലില്‍ ഇതേ കാലയളവില്‍ 33 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുഭാഗങ്ങളിലും മരിച്ചവരില്‍ മൂന്നില്‍ രണ്ടു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യുക്രൈനില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തില്‍, കഴിഞ്ഞ ഒക്ടോബര്‍ 8 വരെയുള്ള കണക്കുകള്‍ പ്രകാരം 1750 കുട്ടികള്‍ ഇരകളായിട്ടുണ്ട്. ഇവരില്‍ 560 കുട്ടികള്‍ കൊല്ലപ്പെട്ടു.

സിറിയയില്‍ പന്ത്രണ്ടു വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഏതാണ്ട് ഒന്നരക്കോടി ആളുകള്‍ക്ക് മാനവികസഹായം ആവശ്യമായിട്ടുണ്ട്. ഇവരില്‍ എഴുപത് ലക്ഷം കുട്ടികളാണ്. യെമെനിലെയും, സുഡാനിലെയും, ഹൈറ്റിയിലെയും സംഘര്‍ഷങ്ങളിലും ദശലക്ഷക്കണക്കിന് കുട്ടികളാണ് ദുരിതമനുഭവിക്കുന്നത് എന്ന് യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ദുരിതഫലങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങുന്നത് കുട്ടികളാണെന്നും, ശിശുക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അവര്‍ക്ക് നല്ലൊരു ഭാവി ഉറപ്പാക്കുന്നതിനും ഏവരും ശ്രമിക്കേണ്ടതുണ്ടെന്നും യൂണിസെഫ് പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

 

Latest News