Tuesday, July 21, 2026

ലോകകപ്പ് ഫൈനൽ: ഇന്നത്തെ ആവേശം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് കുട്ടികളോട് കായിക മന്ത്രി

ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി കായിക മന്ത്രി ഒ. ജെ. ജനീഷ് ഫേസ്ബുക്കിൽ പ്രത്യേക കുറിപ്പ് പങ്കുവച്ചു. ഒരു രാത്രിയിലെ ഉറക്കം നാളെ ഉറങ്ങിത്തീർക്കാമെന്നും എന്നാൽ ഇന്ന് മനസ്സിൽ കൊള്ളുന്ന ആവേശം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നും മന്ത്രി തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളിൽ ഒരുനാൾ നമ്മുടെ കേരളത്തിലെ കുട്ടികളും ബൂട്ട് കെട്ടിയിറങ്ങുമെന്ന വലിയ സ്വപ്നത്തിന് കരുത്തുപകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കളിമുറ്റങ്ങളിൽ നിന്നാണ് അച്ചടക്കവും ഒത്തൊരുമയും വലിയ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും കുട്ടികൾ പഠിച്ചെടുക്കുന്നതെന്നും കായിക മന്ത്രി കൂട്ടിച്ചേർത്തു. ഫുട്ബോൾ ഫൈനൽ മത്സരത്തെ വെറുമൊരു വിനോദമായി കാണാതെ കായിക വിദ്യാഭ്യാസത്തിന്റെ ഒരു വലിയ ക്ലാസ് റൂമായി കണ്ട് കുട്ടികൾ ആസ്വദിക്കണമെന്നാണ് സർക്കാരിന്റെ താല്പര്യം. ജീവിതശൈലി രോഗങ്ങളിൽ നിന്നും ലഹരിയുടെ ഇരുണ്ട വഴികളിൽ നിന്നും നമ്മുടെ തലമുറയെ സംരക്ഷിക്കാൻ സ്പോർട്സിനേക്കാൾ മികച്ച മറ്റൊരു മരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കൾ കുട്ടികളോടൊപ്പം ഇരുന്ന് മത്സരം കാണണമെന്നും ജയവും തോൽവിയും ഒരുപോലെ സ്വീകരിക്കാൻ അവരെ പഠിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ നമ്മുടെ കായികമേഖലയെ രാജ്യത്തിന് തന്നെ മാതൃകയാക്കാനുള്ള എല്ലാവിധ ശാസ്ത്രീയ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന കായികരംഗത്തിന്റെ ഈ വലിയ മാന്ത്രികതയെ നെഞ്ചോട് ചേർക്കാൻ എല്ലാ ജനങ്ങളോടും കായിക വകുപ്പ് ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News