Monday, November 25, 2024

ലോക പരിസ്ഥിതിദിനം: ആരോഗ്യവും സുസ്ഥിരതയും സംബന്ധിച്ച് ഒരു ഡോക്ടറുടെ വീക്ഷണം

ജൂണ്‍ 5 ലോക പരിസ്ഥിതിദിനമാണ്. ‘പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത് ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നേരിട്ടുകാണുന്നതാണ്.’ ലോക പരിസ്ഥിതിദിനത്തില്‍ ഡോ. ജോജോ വി. ജോസഫ് എഴുതുന്നു..

നമ്മള്‍ എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നു. അത് ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. മനുഷ്യന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും പരിസ്ഥിതി നിര്‍ണായകപങ്കു വഹിക്കുന്നുവെന്ന് എല്ലാ ഡോക്ടര്‍മാരും ഒരുപോലെ പറയുന്ന കാര്യമാണ്. അതിനാല്‍, ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യരംഗത്തെ പരിസ്ഥിതിഘടകങ്ങളുടെ സ്വാധീനവും, മനുഷ്യകുലത്തിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടി പരിസ്ഥിതി സംരക്ഷിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയും ഞാനുള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ നേരിട്ടു മനസിലാക്കുന്നതാണ്.

പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം

നമ്മുടെ ആരോഗ്യം പരിസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം, കൂടാതെ ഭൂമിയിലെ വിവിധ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചില്‍ കാലാവസ്ഥയുടെ വ്യതിയാനം, ജൈവവൈവിധ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം പൊതുജനാരോഗ്യത്തില്‍ അഗാധമായ സ്വാധീനം ചെലുത്തുന്നു. മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന അപകടസാധ്യതകള്‍ കുറയ്ക്കാനും അതുവഴി ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ സഹായിക്കാനും കഴിയുന്ന മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്.

1. വായുവിന്റെ ഗുണനിലവാരവും ശ്വാസകോശത്തിന്റെ ആരോഗ്യവും

ശ്വാസംമുട്ടല്‍, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD), ശ്വാസകോശ അര്‍ബുദം തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും പ്രധാനകാരണം മലിനമായ വായുവാണ്. അന്തരീക്ഷത്തിലെ മാലിന്യങ്ങളായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (PM 2.5),നൈട്രജന്‍ ഡയോക്‌സൈഡ് (NO2), സള്‍ഫര്‍ ഡയോക്‌സൈഡ് (SO2) തുടങ്ങിയവ ശ്വാസകോശരോഗങ്ങള്‍ വര്‍ധിപ്പിക്കുകയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അകാലമരണത്തിനും ഇടയാക്കുകയും ചെയ്യും. ഞങ്ങള്‍ ഡോക്ടര്‍മാര്‍ എന്ന നിലയില്‍, എമര്‍ജന്‍സി റൂമുകളിലും ക്ലിനിക്കുകളിലും മലിനമായ വായുവിന്റെ പ്രത്യാഘാതങ്ങള്‍ മൂലമെത്തുന്ന രോഗികളുടെ സങ്കടാവസ്ഥ നേരിട്ടുകാണുന്നതാണ്.

2. ജലശുചിത്വവും ആരോഗ്യവും

ശുദ്ധജലത്തിന്റെ ലഭ്യത എന്നുപറയുന്നത് ആരോഗ്യത്തിന്റെ അടിസ്ഥാനഘടകമാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, പനി തുടങ്ങിയ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ മലിനമായ ജലസ്രോതസ്സുകള്‍ ഇടയാക്കും. കൂടാതെ, ലെഡ്, ആര്‍സെനിക് തുടങ്ങിയ രാസമാലിന്യങ്ങള്‍ നാഡീസംബന്ധമായ തകരാറുകളും കാന്‍സറും പോലെയുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മെച്ചപ്പെട്ട ശുചിത്വത്തിലൂടെയും കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയും ശുദ്ധജലം ഉറപ്പാക്കുന്നത് രോഗപ്രതിരോധത്തിനു നിര്‍ണായകമാണ്. അതിനായി നാം ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം ആരോഗ്യപ്രവര്‍ത്തകര്‍ അതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കണം.

3. രാസപദാര്‍ഥങ്ങളുമായുള്ള സമ്പര്‍ക്കം ഉണ്ടാക്കുന്ന രോഗങ്ങള്‍

പരിസ്ഥിതിയിലെ വിവിധ വിഷ രാസവസ്തുക്കളായ കീടനാശിനികള്‍, ഹെവി മെറ്റല്‍സ്, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവയുമായി നമ്മള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് അര്‍ബുദം, പ്രമേഹം, പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും സസ്റ്റൈനബിള്‍ ആയിട്ടുള്ള ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

4. കാലാവസ്ഥാവ്യതിയാനവും ആരോഗ്യവും

വര്‍ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് ഇവിടെ സംജാതമാക്കിയിട്ടുള്ളത്. ഉയരുന്ന താപനില, തീവ്രമായ കാലാവസ്ഥാ വ്യത്യാസങ്ങള്‍ എന്നിവ മുഖേന ചൂടുസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും; മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകള്‍വഴി പകരുന്ന രോഗങ്ങള്‍ ആരംഭിക്കും; ഭക്ഷണ-ജലക്ഷാമവും സംഭവിക്കും. കുട്ടികള്‍, പ്രായമായവര്‍, നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബലരായ ജനവിഭാഗങ്ങള്‍ കൂടുതലായും ഒരു ദുരന്തമുഖത്താണ് എന്നു പറയേണ്ടിവരും. അതിനാല്‍ കാലാവസ്ഥാവ്യതിയാനത്തിലുണ്ടാകുന്ന മാറ്റം പരിസ്ഥിതിക്കു മാത്രമല്ല, പൊതുജനാരോഗ്യത്തിനും ഒരു വെല്ലുവിളിയാണ്.

5. ഭൂമിയിലെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുടെ സേവനങ്ങളും

ജൈവവൈവിധ്യത്തിന്റെ നഷ്ടം മനുഷ്യന്റെ ആരോഗ്യത്തിനായി പ്രകൃതി ഒരുക്കിയിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; അതായത്, വിളകള്‍ ഉണ്ടാകാനുള്ള പരാഗണവ്യവസ്ഥ, ശുദ്ധജലലഭ്യത, രോഗനിയത്രണം എന്നിവ. ഉദാഹരണത്തിന്, പരാഗണം നടത്തുന്ന ജീവികളുടെ കുറവ് ഭക്ഷ്യസുരക്ഷയും പോഷകാഹാരലഭ്യതയും അപകടത്തിലാക്കുന്നു. ഇതൊക്കെ സന്തുലിതമായി നിലനിര്‍ത്തുന്നതിന് പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.

ആരോഗ്യപ്രവര്‍ത്തകരുടെ പങ്ക്

ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പരിസ്ഥിതി സുസ്ഥിരതയ്ക്കുവേണ്ടി വാദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് അതുല്യമായ പങ്കുണ്ട്. ഇവിടെ നമുക്ക് സംഭാവന ചെയ്യാവുന്ന ചില കാര്യങ്ങള്‍

1. പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുക

പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് രോഗികളെയും സമൂഹത്തിനെയും ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. അവബോധം വളര്‍ത്തുന്നതിലൂടെ, പരിസ്ഥിതിയെ പരിപാലിച്ചുകൊണ്ടുള്ള ഒരു ജീവിതശൈലി ഉണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട ആരോഗ്യം ഓരോ ആള്‍ക്കും അങ്ങനെ സമൂഹത്തിനു മൊത്തമായും ലഭിക്കുന്ന ഒരു പെരുമാറ്റരീതി ഉണ്ടാക്കിയെടുക്കാന്‍ നമുക്കു സാധിക്കും. വായുമലിനീകരണം കുറയ്ക്കുക, ജലം സംരക്ഷിക്കുക, സസ്റ്റൈനബിള്‍ ജൈവകൃഷിയെ പിന്തുണയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2. ആരോഗ്യപരിപാലനത്തിലെ സുസ്ഥിരമായ രീതികള്‍

ആരോഗ്യപരിപാലനത്തിനുള്ള സൗകര്യങ്ങളില്‍ പരിസ്ഥിതി സുസ്ഥിരമായ രീതികള്‍ നടപ്പിലാക്കുന്നതുവഴി നമ്മുടെ ആള്‍ക്കാരിലെ പാരിസ്ഥിതിക അവബോധം വര്‍ധിപ്പിക്കാം. മാലിന്യങ്ങള്‍ കുറയ്ക്കുക, ഫലപ്രദമായി ഊര്‍ജസംരക്ഷണം ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഉപയോഗിക്കുക, ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹരിത ആരോഗ്യസംരക്ഷണം പരിസ്ഥിതിക്കു ഗുണംചെയ്യുക മാത്രമല്ല ചെയ്യുന്നത്. രോഗികളുടെ പരിചരണം കൂടുതല്‍ നന്നായി ചെയ്യുന്നതോടൊപ്പം പ്രവര്‍ത്തനചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കും.

3. റിസേര്‍ച്ച് & പോളിസി ഡെവലപ്പ്‌മെന്റ്

പരിസ്ഥിതി, ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കുന്നത് പൊതുജനാരോഗ്യപദ്ധതികളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്താന്‍ നമ്മെ സഹായിക്കും. പരിതസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനുവേണ്ട നിയന്ത്രണങ്ങള്‍ വികസിപ്പിക്കുന്നതിനും അതിനായി സമ്മര്‍ദ്ദം ചെലുത്താനും അതിനുവേണ്ടി ഭരണരംഗത്തുള്ള പദ്ധതി രൂപീകരിക്കുന്നവരുമായി സഹകരിക്കുന്നത് ഡോക്ടര്‍മാര്‍ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുന്ന മറ്റൊരു നിര്‍ണായക മേഖലയാണ്.

4. മറ്റു രാജ്യങ്ങളുമായുള്ള പാരിസ്ഥിതിക സഹകരണം

ആഗോള പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ രാജ്യങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്. ആഗോള ആരോഗ്യപരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെയും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടിപോലെയുള്ള അന്താരാഷ്ട്ര കരാറുകളെ പിന്തുണയ്ക്കുന്നതിലൂടെയും നമുക്ക് ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും.

ലോക പരിസ്ഥിതിദിനം: ഉപസംഹാരം

ഭൂമിയുടെ ആരോഗ്യവും മനുഷ്യന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോക പരിസ്ഥിതിദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത് ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നേരിട്ടുകാണുന്നതാണ്. ആയതിനാല്‍ സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷത്തിനായി സംസാരിക്കുന്നതിലൂടെ, നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാനും അതുവഴി നമ്മുടെ സമൂഹത്തിനും നമ്മുടെ വീടായ ഭൂമിക്കും ശോഭനമായ ഒരു ഭാവി സൃഷ്ടിക്കാനും നമുക്ക് സഹായിക്കാനാകും. പരിസ്ഥിതിയെ പരിപാലിക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാനുമുള്ള നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വം നമുക്ക് ഈ ദിവസം പ്രചോദനം നല്‍കട്ടെ.

ഡോ. ജോജോ. വി. ജോസഫ്

Latest News