Saturday, June 6, 2026

ചരിത്രത്തിൽ ഈ ദിനം: ജൂൺ 05

ലോകത്തിലെ ആദ്യത്തെ എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1981 ജൂൺ അഞ്ചിനാണ്. അമേരിക്കയിലായിരുന്നു അത്. ലൊസാഞ്ചലസിലുള്ള സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ മൊർബിഡിറ്റി ആന്റ് മൊർട്ടാലിറ്റി വീക്കിലി  റിപ്പോർട്ടിലാണ് പുതിയ രോഗത്തെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വവർഗാനുരാഗികളായ അഞ്ചു പുരുഷന്മാരിൽ അത്യപൂർവമായ ശ്വാസകോശ അണുബാധ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. അസാധാരണമായ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അവരുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഇമ്മ്യൂണോളജിസ്റ്റായ ഡോ. മൈക്കിൾ ഗോട്ട്ലിയെബ്, സി ഡി സി യിലെ ഡോക്ടറായ വെയ്ൻ ഷൻഡേര എന്നിവർ കണ്ടെത്തി റിപ്പോർട്ട് പുറത്തുവന്നപ്പോഴേക്കും അഞ്ചിൽ രണ്ടുപേർ മരിച്ചിരുന്നു. ബാക്കി മൂന്നുപേർ അധികം താമസിയാതെ തന്നെ മരണപ്പെട്ടു. പിന്നീട് ഈ രോഗം എയ്ഡ്സ് എന്ന് അറിയപ്പെട്ടുതുടങ്ങി.

അറബ് ഇസ്രായേലി യുദ്ധത്തെത്തുടർന്ന് 1967 ൽ അടച്ച സൂയസ് കനാൽ വീണ്ടും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി ഈജിപ്ത് തുറന്നുകൊടുത്തത് 1975 ജൂൺ അഞ്ചിനായിരുന്നു. പ്രസിഡന്റ് അൻവർ എൽ സദത്ത് ആണ് കനാൽ തുറന്നതായി അറിയിച്ചത്. തുറന്ന് രണ്ടുമണിക്കൂറിനു ശേഷം ആദ്യത്തെ കപ്പൽസംഘം കനാലിലൂടെ കടന്നുപോയി. ചൈന, ഗ്രീസ്, കുവൈത്ത്, സോവിയറ്റ് യൂണിയൻ, യൂഗോസ്ലാവ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഉൾപ്പെട്ടതായിരുന്നു സംഘം. കപ്പലിന്റെ സൈറനുകളും തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളുടെ കരഘോഷങ്ങളും പള്ളിമണികളും ഉയർന്നുപറക്കുന്ന ഹെലികോപ്റ്ററുകളുടെ ശബ്ദവും ചേർന്ന് അന്തരീക്ഷം അപ്പോൾ ആഹ്ളാദമുഖരിതമായിരുന്നു.

അമേരിക്കൻ നാഷണൽ സെക്യൂരിറ്റി എജൻസിയിലെ ഡിഫൻസ് കോൺട്രാക്ടറായിരുന്ന എഡ്വേർഡ് സ്നോഡൻ കൈമാറിയ രഹസ്യവിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 2013 ജൂൺ അഞ്ചിനായിരുന്നു. ദി ഗാർഡിയൻ എന്ന പത്രത്തിനാണ് സ്നോഡൻ വിവരങ്ങൾ കൈമാറിയിരുന്നത്. വെരിസൺ എന്ന ടെലികോം കമ്പനിയിൽ നിന്ന് മില്യൺ കണക്കിന് ആളുകളുടെ ടെലിഫോൺ വിവരങ്ങൾ ആവശ്യപ്പെട്ട് അമേരിക്കൻ ഗവൺമെന്റ് അവരുടെമേൽ സമ്മർദം ചെലുത്തുന്നതുമായി ബന്ധപ്പെട്ട ഒരു കോടതിരേഖയായിരുന്നു ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് വെളിപ്പെടുത്തലുകളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. തുടർന്ന് രാജ്യം വിട്ട സ്നോഡൻ റഷ്യയിൽ അഭയം തേടി. 2020 ൽ റഷ്യ അദ്ദേഹത്തിന് സ്ഥിരപൗരത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News