ബലൂണിൽ പറന്നുകൊണ്ട് മാഡം എലിസബത്ത് തിബ്ൾ ചരിത്രം രചിച്ചത് 1784 ജൂൺ നാലിനായിരുന്നു. ഹോട്ട് എയർ ബലൂണിൽ സ്വതന്ത്രമായി പറക്കുന്ന ആദ്യവനിതയായിരുന്നു അവർ. ‘ല ഗുസ്താവെ’ എന്നു പേരിട്ടിരുന്ന ബലൂണിലായിരുന്നു അവർ സഞ്ചരിച്ചത്. ഫ്രാൻസിലെ ലിയോൺ എന്ന സ്ഥലത്തുവച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്. അന്ന് ലിയോൺ സന്ദർശിക്കാനെത്തിയ ഗുസ്താവ് മൂന്നാമൻ രാജാവും ലൂയീ പതിനാറാമൻ രാജാവും എലിസബത്തിന്റെ യാത്രയ്ക്ക് സാക്ഷ്യം വഹിച്ചു.
പത്രപ്രവർത്തന മേഖലയിലെ ഉന്നത പുരസ്കാരങ്ങളിലൊന്നായ പുലിറ്റ്സർ പുരസ്കാരം ആദ്യമായി പ്രഖ്യാപിച്ചത് 1917 ജൂൺ നാലിനായിരുന്നു. മികച്ച റിപ്പോർട്ടിംഗിന് ന്യൂയോർക്ക് വേൾഡ് എന്ന പത്രത്തിലെ ഹെർബർട്ട് സ്വോപ്പിനും മികച്ച എഡിറ്റോറിയലിന് ന്യൂയോർക്ക് ട്രിബ്യൂൺ എന്ന പത്രത്തിനും ചരിത്രരചനയ്ക്ക് ‘വിത്ത് അമേരിക്കൻസ് ഓഫ് പാസ്റ്റ് ആന്റ് പ്രസന്റ്’ എന്ന പുസ്തകത്തിനും ജീവചരിത്രത്തിന് ലോറ റിച്ചാർഡ്സ്, മൗഡ് ഇലിയട്ട്, ഫ്ളോറൻസ് ഹാൾ എന്നിവർക്കുമാണ് ആദ്യ പുരസ്കാരങ്ങൾ ലഭിച്ചത്. അമേരിക്കൻ പ്രത്രപ്രവർത്തകനായിരുന്ന ജോസഫ് പുലിറ്റ്സറുടെ സ്മരണാർഥം കൊളംബിയ സർവകലാശാലയാണ് പ്രതിവർഷം ഈ അവാർഡ് നൽകിവരുന്നത്. പുരസ്കാരത്തിനായി സമർപ്പിക്കപ്പെടുന്ന എൻട്രികൾ നൂറിലധികം അംഗങ്ങളുള്ള ജൂറി വിശദമായി വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. പലവിഭാഗങ്ങളിലായി 21 ഓളം പുരസ്കാരങ്ങൾ പുലിറ്റ്സർ പൈ്രസ് ബോർഡ് നൽകുന്നുണ്ട്.
ചൈനിസ് ജനത ജനാധിപത്യത്തിനുവേണ്ടി നടത്തിയ ഏറ്റവും വലിയ പോരാട്ടമായ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധം 1989 ജൂൺ നാലിനായിരുന്നു. ലോകമെങ്ങും ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിൽ വേറിട്ട ഒന്നായിരുന്നു ടിയാനൻമെൻ പ്രതിഷേധം. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തി ആയിരക്കണക്കിന് ചെറുപ്പക്കാർ ബെയ്ജിംഗിലെ വിഖ്യാതമായ ടിയാൻമെൻ സ്ക്വയറിൽ തമ്പടിച്ചു. എന്നാൽ ജൂൺ നാലിന് സൈന്യം അവർക്കുനേരെ വെടിയുതിർക്കുകയും പ്രക്ഷോഭത്തെ അടിച്ചമർത്തുകയും ചെയ്തു. 2,600 ഓളം പേർ ദാരുണമായി കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.

