Thursday, June 4, 2026

ആഫ്രിക്കൻ കാടുകളിൽ കണ്ണീർ പ്രസവങ്ങൾ: യു. എസ്. ഫണ്ട് വെട്ടിക്കുറച്ചപ്പോൾ മരണമുനമ്പിലായി സുഡാനിലെ ​ഗർഭിണികൾ

യുദ്ധത്തിന്റെ കനലുകളിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന നിരവധി ​ഗർഭിണികളാണ് ദിവസങ്ങളോളം ആഫ്രിക്കൻ കാട്ടുപാതകളിലൂടെ നിറവയറോടെ പട്ടിണിയോടും ദാഹത്തോടും പൊരുതി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ (CAR) അതിർത്തി കടക്കുന്നത്. എന്നാൽ, ബോംബുകളിൽ നിന്ന് രക്ഷപ്പെട്ട് അഭയകേന്ദ്രങ്ങളിലെത്തിയ ആ ​ഗർഭിണികളെ കാത്തിരിക്കുന്നത് അതിനേക്കാൾ വലിയൊരു മരണക്കെണിയാണ്. അമേരിക്കയിൽ നിന്നുള്ള അടിയന്തര ധനസഹായം വെട്ടിക്കുറച്ചതോടെ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ വടക്കുകിഴക്കൻ മേഖലയിലുള്ള ലക്ഷക്കണക്കിന് സുഡാനി അഭയാർത്ഥി സ്ത്രീകളുടെ പ്രസവങ്ങൾ ഇന്ന് മരണസാധ്യതയേറിയ ഒന്നായി മാറിയിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. നടുക്കുന്ന ചില അഭയാർത്ഥി കാഴ്ചകളിലേക്ക്:

തകർന്നടിഞ്ഞ് ആരോഗ്യമേഖല

സുഡാനിലെ ഡാർഫർ മേഖലയിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ വിദൂര പ്രവിശ്യയായ വകാഗയിലേക്ക് (Vakaga) ഒഴുകിയെത്തുന്നത്. ലോകത്തിൽ തന്നെ പ്രസവാനന്തര മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാർ (CAR). പുതിയ അഭയാർത്ഥികളുടെ ഒഴുക്കോടെ ഇവിടുത്തെ തദ്ദേശീയമായ ആരോഗ്യസംവിധാനങ്ങൾ പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. സുഡാൻ അതിർത്തിക്കടുത്തുള്ള ബിരാവോ (Birao) എന്ന ചെറിയ നഗരത്തിൽ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (UNFPA) സഹായത്തോടെ പ്രവർത്തിക്കുന്ന ഏതാനും ക്ലിനിക്കുകൾ മാത്രമാണ് ഈ അഭയാർത്ഥികൾക്കും നാട്ടുകാർക്കും ഏക ആശ്രയം.

സേവനങ്ങൾ ചുരുങ്ങിയതോടെ അപകടത്തിലായ ​ഗർഭിണികൾ

പ്രസവ ശുശ്രൂഷകർ, മരുന്നുകൾ, അടിയന്തര ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കിയിരുന്നത് അമേരിക്കയിൽ നിന്നുള്ള അന്താരാഷ്ട്ര ഫണ്ടുകളുടെ സഹായത്തോടെയായിരുന്നു. അഭയാർത്ഥികളുടെ എണ്ണവും ആവശ്യങ്ങളും കുതിച്ചുയരുന്ന ഇതേ സമയത്തുതന്നെയാണ് പക്ഷെ അമേരിക്ക തങ്ങളുടെ വിദേശ സഹായ ഫണ്ടുകളിൽ വൻ വെട്ടിക്കുറയ്ക്കൽ വരുത്തിയത്. ഇതോടെ ജീവൻരക്ഷാ പദ്ധതികൾ പലതും പാതിവഴിയിൽ നിർത്തേണ്ട അവസ്ഥയിലാണ് സന്നദ്ധ സംഘടനകൾ. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ പല ക്ലിനിക്കുകളിലും രാത്രികാല പ്രസവ ശുശ്രൂഷകളും അത്യാഹിത വിഭാഗങ്ങളും നിർത്തലാക്കേണ്ടി വന്നു. ആശുപത്രികളിൽ മതിയായ മരുന്നുകളോ പ്രസവ ശുശ്രൂഷകരോ ഇല്ലാത്തതിനാൽ, സ്ത്രീകൾ വീണ്ടും വീടുകളിൽ വെച്ച് സുരക്ഷിതമല്ലാത്ത രീതിയിൽ പ്രസവിക്കാൻ നിർബന്ധിതരാകുകയാണ്.

മരിച്ച് ജനിക്കുന്ന കുഞ്ഞുങ്ങൾ

ദിവസങ്ങളോളം കാട്ടിലൂടെ നടന്ന് തളർന്നെത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും കടുത്ത വിളർച്ച, മലേറിയ, ഗുരുതരമായ അണുബാധകൾ എന്നിവയാൽ വലയുന്നവരാണ്. തങ്ങളുടെ ജീവിതത്തിൽ ഇതിന് മുൻപ് ഒരു പ്രസവ ശുശ്രൂഷകരെയോ ഡോക്ടറെയോ കാണാത്തവരാണ് ഇതിൽ പലരും. അമിത രക്തസ്രാവം, പ്രസവതടസ്സം, പ്രസവസമയത്തുണ്ടാകുന്ന ഫിറ്റ്സ് തുടങ്ങിയ സങ്കീർണ്ണമായ അവസ്ഥകളാണ് ഇവർ നേരിടുന്നത്. മിനിറ്റുകൾക്കുള്ളിൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ നഷ്ടമാകും എന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. റോഡുകളോ ആംബുലൻസ് സൗകര്യങ്ങളോ ഇല്ലാത്ത വകാഗ പ്രവിശ്യയിൽ ഒരു ക്ലിനിക്കിലെത്താൻ മണിക്കൂറുകളോളം കാത്തുനിൽക്കണം. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലെന്ന് അറിയുമ്പോൾ, കുടുംബങ്ങൾ പരമ്പരാഗത പ്രസവ രീതികളെ ആശ്രയിക്കുകയും ഒടുവിൽ ജീവൻ അപകടത്തിലാകുമ്പോൾ മാത്രം ആശുപത്രികളിൽ എത്തിക്കുകയും ചെയ്യുന്നു.

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ദരിദ്രമായ ഈ രാജ്യങ്ങളിൽ, അത് മരണത്തോടുള്ള പോരാട്ടമായി മാറുകയാണ്. ഇനിയും ഇത്തരത്തിൽ ഫണ്ട് വെട്ടിക്കുറയ്ക്കൽ തുടർന്നാൽ നിലവിലുള്ള പ്രസവ വാർഡുകൾ പോലും പൂട്ടേണ്ടി വരുമെന്ന് യു. എൻ. ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News