Tuesday, July 21, 2026

‘രാത്രിയും പകലും ചൂട് തന്നെ’; 47 ഡിഗ്രി ചൂടിൽ വെന്തുരുകി ഇന്ത്യയിലെ ഒരു ഗ്രാമം

രാവിലെ ആറ് മണി തികയുമ്പോഴേക്കും ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ സൂര്യൻ ഉദിച്ചുയർന്ന് കഴിഞ്ഞിരിക്കും. സാധാരണ പ്രഭാതങ്ങളിലെ സൗമ്യമായ വെളിച്ചത്തിന് പകരം കടുത്ത വേനൽക്കാലത്തെ ഉച്ചതിരിഞ്ഞ സമയങ്ങളിലെപ്പോലെ തീക്ഷ്ണമായ വെയിൽ ആറ് മണിക്ക് തന്നെ ഭൂമിയിലേക്ക് പതിക്കുന്നു. പ്രഭാതഭക്ഷണത്തിന് മുൻപ് തന്നെ മരങ്ങളുടെ നിഴലുകൾ ചുരുങ്ങിത്തുടങ്ങിയിരുന്നു. മെയ് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാമതായിരുന്നു യുപിയിലെ ഈ വരണ്ട ജില്ല. തുടർച്ചയായി ഒൻപത് ദിവസത്തോളമാണ് ഇവിടെ താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയത്. പ്രാദേശിക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രതിഭാസമാണിത്.

എന്നാൽ ഈ കടുത്ത ചൂടിനോട് പൊരുത്തപ്പെടാൻ ഇവിടുത്തെ ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങൾ തങ്ങളുടെ ജീവിതക്രമം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കൃഷി, നിർമ്മാണം, ഗതാഗതം തുടങ്ങിയ കഠിനമായ പുറംജോലികളെ ആശ്രയിച്ചു ജീവിക്കുന്ന ഇവർക്ക് തീയണയാത്ത ഈ അന്തരീക്ഷത്തോട് പൊരുതുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.

വെളുപ്പിനെ തുടങ്ങി എട്ട് മണിക്ക് അടയ്ക്കുന്ന വിപണികൾ

ജില്ലാ ആസ്ഥാനത്ത് നിന്നും 30 കിലോമീറ്റർ അകലെയുള്ള അതാറ പച്ചക്കറി മാർക്കറ്റ് സാധാരണ നഗരങ്ങൾ ഉണരുന്നതിന് മുൻപ് തന്നെ വ്യാപാരം അവസാനിപ്പിക്കുകയാണ് എപ്പോഴും പതിവ്. തക്കാളി, വെള്ളരി, മുളക്, തണ്ണിമത്തൻ എന്നിവയുമായി കർഷകർ പുലർച്ചെ തന്നെ ഇവിടെയെത്തുന്നു. ചൂട് കടുക്കും മുൻപ് സാധനങ്ങൾ വിറ്റ് വീട്ടിൽ കയറുകയാണ് എല്ലാവരുടെയും ലക്ഷ്യം. “സൂര്യനെ നോക്കൂ, സമയം രാവിലെ ആറ് മണി കഴിഞ്ഞതേ ഉള്ളൂ. പക്ഷേ ഇപ്പോൾ തന്നെ ഒൻപത് മണി കഴിഞ്ഞ ഫീലാണ്. ഈ ചൂടിൽ തക്കാളികൾ പെട്ടെന്ന് ചീഞ്ഞുപോകും. അതുകൊണ്ട് ഇന്ന് തന്നെ ഇതൊക്കെ വിറ്റുതീർക്കണം” കൂട്ടത്തിൽ ഒരു കച്ചവടക്കാരൻ പറയുന്നു. മുൻപ് ഉച്ചവരെ സജീവമായിരുന്ന മാർക്കറ്റുകൾ ഇപ്പോൾ രാവിലെ എട്ട് മണിയോടെ ഒഴിഞ്ഞുതുടങ്ങും. പത്ത് മണിയാകുമ്പോഴേക്കും പ്രദേശം പൂർണ്ണമായും വിജനമാകും. ഒരു ചെറിയ തണലിനും തണുത്ത കാറ്റിനുമായി ജനങ്ങൾ പരക്കം പായുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുക. കെട്ടിട നിർമ്മാണ തൊഴിലാളിയായ പപ്പു വർമ്മ ഇപ്പോൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും, പിന്നീട് വൈകുന്നേരം 4 മുതൽ 7 വരെയുമാണ് ജോലി ചെയ്യുന്നത്. ഉച്ചയ്ക്കുള്ള ആ നാല് മണിക്കൂർ വിശ്രമം തലവേദനയിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും രക്ഷിക്കുമെങ്കിലും, ഇത് കാരണം തന്റെ പ്രവൃത്തിദിനം 13 മണിക്കൂറായി നീളുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇല്ലെങ്കിൽ സമ്പാദിക്കുന്നതെല്ലാം മരുന്നിനായി മാറ്റിവെക്കേണ്ടി വരും.

ആശുപത്രികളിൽ തിരക്ക്

ഉച്ചസമയങ്ങളിൽ ഇ-റിക്ഷാ ഡ്രൈവർമാർക്ക് യാത്രക്കാരെ കിട്ടാറില്ല. കടകൾ ഉച്ചയ്ക്ക് 12 മുതൽ നാല് വരെ അടച്ചിടുന്നു. കച്ചവടം പകുതിയായി കുറഞ്ഞു. ഈ സമയങ്ങളിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാറില്ല. കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നൽകിക്കൊണ്ട് മൊബൈൽ ഫോണുകളിൽ സർക്കാർ അലർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക ആശുപത്രികളിൽ ചൂട് സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതൽ. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവയുമായാണ് ദിവസേന ഇരുപതോളം പേർ ജില്ലാ ആശുപത്രിയിൽ മാത്രം ചികിത്സ തേടുന്നത്.

ഗവേഷകർ പറയുന്നത് പ്രകാരം ഉത്തരേന്ത്യയിലെ സിന്ധു-ഗംഗാ സമതലങ്ങൾ ആഗോളതലത്തിൽ തന്നെ അപകടകരമായ ഉഷ്ണമേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. തിങ്ങി നിറഞ്ഞ ജനങ്ങൾ, കൃഷിരീതികൾ, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് എന്നിവ കാരണം പുറംജോലികൾ ചെയ്യുന്നത് വലിയ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുന്നു.

രാത്രിയിലും കുറയാത്ത ചൂട്

ബന്ദ കാർഷിക സർവകലാശാലയിലെ ഗവേഷണങ്ങൾ പ്രകാരം 1991-നും 2022-നും ഇടയിൽ ഈ ജില്ലയിലെ കാടുകളുടെ വലിയൊരു ഭാഗം ഖനനവും കൃഷി വ്യാപനവും കാരണം ഇല്ലാതായിട്ടുണ്ട്. മുൻപും ഇവിടെ 49 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ തുടർച്ചയായി ഒൻപത് ദിവസത്തോളം ചൂട് 48 ഡിഗ്രിയിൽ തന്നെ തുടർന്നതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയത്. അമിതമായ എസി ഉപയോഗവും കാടുകൾ വെട്ടിത്തെളിക്കുന്നതും പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്നും ആരോപണമുണ്ട്. സൂര്യൻ അസ്തമിച്ചാലും അന്തരീക്ഷത്തിലെ ചൂട് കുറയുന്നില്ല. രാത്രിയിലും താപനില 30 ഡിഗ്രിക്ക് മുകളിലാണ്. “രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത അവസ്ഥയാണിപ്പോൾ,” യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകനായ ദിനേഷ് ഷാ പറയുന്നു. ശരീരത്തിന് ഒന്നു തണുക്കാൻ പോലും ഇവിടെ അവസരം ലഭിക്കുന്നില്ല. “എന്റെ 80 വർഷത്തെ ജീവിതത്തിനിടയിൽ ഇങ്ങനെയൊരു ചൂട് ഞാൻ കണ്ടിട്ടില്ല. കടുത്ത തണുപ്പിലോ കടുത്ത ചൂടിലോ ആണ് പ്രായമായവർ മരിച്ചുപോകുന്നത്. ഈ ചൂടിനെ എനിക്ക് അതിജീവിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല” എന്ന് പ്രദേശത്തെ പ്രായമായ ഒരു വ്യക്തി പറയുന്നു.

ഗ്രാമത്തിലെ മനുഷ്യർ തണൽ തേടുമ്പോൾ, വളർത്തുമൃഗങ്ങളായ പോത്തുകളും എരുമകളും ഉച്ചസമയങ്ങളിൽ പ്രദേശത്തെ ചെറിയ കുളങ്ങളിൽ മണിക്കൂറുകളോളം കിടന്നാണ് ഈ കടുത്ത ചൂടിനെ പ്രതിരോധിക്കുന്നത്. മനുഷ്യനും പ്രകൃതിയും ഒരേപോലെ വെന്തുരുകുന്ന കാഴ്ചയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

Latest News