Monday, July 20, 2026

മണലാരണ്യത്തിൽ നിന്ന് വനസമൃദ്ധിയിലേക്ക്: ഇസ്രായേലിന്റെ ഹരിതവിപ്ലവത്തിന്റെ വിസ്മയ കഥ

1867-ൽ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വയിൻ തന്റെ ‘ദി ഇന്നസെന്റ്സ് അബ്രോഡ്’ (The Innocents Abroad) എന്ന യാത്രാവിവരണത്തിൽ ഇസ്രായേൽ ഉൾപ്പെടുന്ന പ്രദേശത്തെക്കുറിച്ച് എഴുതിയ വരികളുണ്ട്. “നമ്മൾ മുന്നോട്ട് പോകുന്തോറും സൂര്യന്റെ ചൂട് കൂടിവന്നു… പാറക്കെട്ടുകൾ നിറഞ്ഞതും വരണ്ടതുമായ ആ പ്രകൃതി വല്ലാതെ മടുപ്പിക്കുന്നതായിരുന്നു. എവിടെയും ഒരു മരമോ ചെടിയോ കാണാനില്ലായിരുന്നു. മോശം മണ്ണിലും വളരുന്ന ഒലീവ് മരങ്ങളും കള്ളിച്ചെടികൾ പോലും ആ നാടിനെ ഉപേക്ഷിച്ച മട്ടായിരുന്നു.” എന്നാൽ ഇന്ന് നൂറ്റാണ്ടുകൾക്കിപ്പുറം, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മരങ്ങളോടെ ലോകത്തിലെ ഏക രാജ്യമെന്ന ബഹുമതി ഇസ്രായേൽ സ്വന്തമാക്കി. ഈ അത്ഭുതകരമായ മാറ്റത്തിന് പിന്നിൽ ‘ജൂത നാഷണൽ ഫണ്ടിന്റെ’ (Jewish National Fund – KKL-JNF) 120 വർഷത്തെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

കാടുപിടിച്ച തുടക്കം: 25 കോടി മരങ്ങൾ

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഈ പ്രദേശം പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്നു. ഗലീലിയിലെ വനങ്ങളും കാർമൽ മലനിരകളുമെല്ലാം മരങ്ങൾ വെട്ടിമാറ്റപ്പെട്ട് വെറും മണലാരണ്യങ്ങളും ചതുപ്പുകളുമായി മാറി. ഈ സാഹചര്യത്തിലാണ് 1901-ൽ ജൂത നാഷണൽ ഫണ്ട് രൂപീകൃതമാകുന്നത്. അന്നു മുതൽ ഇന്നുവരെ 25 കോടിയിലധികം മരങ്ങളാണ് ഈ സംഘടന ഇസ്രായേലിൽ നട്ടുപിടിപ്പിച്ചത്.

ആദ്യകാലങ്ങളിൽ, പെട്ടെന്ന് വളരുന്ന പൈൻ മരങ്ങളാണ് ഇവർ വ്യാപകമായി നട്ടുപിടിപ്പിച്ചത്. 1935 ആയപ്പോഴേക്കും ഏകദേശം 1,750 ഏക്കർ സ്ഥലത്ത് 17 ലക്ഷം മരങ്ങൾ വളർന്നു പന്തലിച്ചു.

പരമ്പരാഗത രീതിയിൽ നിന്ന് ഹൈടെക് വനവൽക്കരണത്തിലേക്ക്

കാലം മാറിയതോടെ വനവൽക്കരണത്തിനായുള്ള ഇസ്രായേലിന്റെ സമീപനത്തിലും വലിയ മാറ്റങ്ങൾ വന്നു. ഇന്ന് കേവലം മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, വളരെ കൃത്യമായ ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ മരവും തിരഞ്ഞെടുക്കുന്നത്. “പണ്ടത്തെപ്പോലെ എവിടെയെങ്കിലും മരങ്ങൾ വെറുതെ വെച്ചുപിടിപ്പിക്കുന്ന രീതിയല്ല ഇന്നുള്ളത്. വനസംരക്ഷണം ഇന്ന് വളരെ കർശനമായ ആസൂത്രണത്തോടെയാണ് നടക്കുന്നത്. ഒരു വർഷം മുൻപേ തന്നെ ഏത് മണ്ണിൽ ഏത് വിത്ത് വേണമെന്ന് തീരുമാനിക്കുകയും നഴ്സറികളിൽ അവ മുളപ്പിച്ചെടുക്കുകയും ചെയ്യുന്നു,” എഷ്താവോൾ നഴ്സറി ഡെപ്യൂട്ടി ഡയറക്ടർ അഹൂവ ഡാനിയൽ പറയുന്നു.

ഇസ്രായേലിലെ വിവിധ മേഖലകൾക്കായി പ്രത്യേക മരങ്ങളാണ് ശാസ്ത്രജ്ഞർ തയ്യാറാക്കുന്നത്. വടക്കൻ മേഖലയിൽ ടാബോർ ഓക്ക്, സൈപ്രസ്, യൂക്കാലിപ്റ്റസ് മരങ്ങളും. മധ്യ മേഖലയിൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന, എന്നാൽ ഹരിതാഭ നൽകുന്ന വീതിയുള്ള ഇലകളുള്ള മരങ്ങളും. തെക്കൻ മേഖലയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന ഈന്തപ്പനകൾ, അക്കേഷ്യ, അത്തിമരങ്ങൾ, ഈറ്റമരങ്ങൾ എന്നിവയും നട്ടുവളർത്തി.

അന്താരാഷ്ട്ര തലത്തിൽ മാതൃക

വരണ്ട മണലാരണ്യങ്ങളിൽ വനവൽക്കരണം നടത്തുന്നതിലും, മരുഭൂമിവൽക്കരണത്തെ പ്രതിരോധിക്കുന്നതിലും ഇസ്രായേൽ ഇന്ന് മുന്നിലാണ്. മഴവെള്ള സംഭരണം, നദികളുടെ പുനരുജ്ജീവനത്തിനായി ബയോ ഫിൽറ്ററുകൾ ഉപയോഗിക്കൽ, ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവയിലെല്ലാം ഇസ്രായേലിന്റെ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങൾ മാതൃകയാക്കുന്നു. കൂടാതെ, വനവൽക്കരണം വഴി വംശനാശഭീഷണി നേരിട്ടിരുന്ന പല ജീവജാലങ്ങളും സസ്യങ്ങളും തിരിച്ചുവരുന്നതായി വനംവകുപ്പ് ഡയറക്ടർ ഗിലാഡ് ഓസ്ട്രോവ്സ്കി ചൂണ്ടിക്കാണിക്കുന്നു.

മുൻഗാമികൾ ചെയ്തത് പിൻഗാമികൾക്കായി

തൽമൂദിലെ (Talmud) പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കൽ ഹോനി എന്ന ജ്ഞാനി വഴിയിലൂടെ നടക്കുമ്പോൾ ഒരാൾ കരോബ് മരം (Carob tree) നട്ടുപിടിപ്പിക്കുന്നത് കണ്ടു. “ഈ മരം കായ്ക്കാൻ എത്ര വർഷമെടുക്കും?” ഹോനി ചോദിച്ചു. “70 വർഷം,” എന്നായിരുന്നു മറുപടി. “എങ്കിൽ ഇതിന്റെ ഫലം അനുഭവിക്കാൻ നീ ജീവിച്ചിരിക്കുമോ?” എന്ന് ചോദിച്ച ഹോനിയോട് ആ മനുഷ്യൻ പറഞ്ഞു: “ഞാൻ ജനിച്ചപ്പോൾ ഈ ലോകം നിറയെ കായ്ച്ചു നിൽക്കുന്ന അത്തിമരങ്ങൾ ഉണ്ടായിരുന്നു. എന്റെ മുൻഗാമികൾ എനിക്കായി നട്ടുപിടിപ്പിച്ചതാണവ. അതുപോലെ, എന്റെ പിൻഗാമികൾക്കായി ഞാനും ഇത് നടുന്നു.”

120 വർഷം മുൻപ് ജൂത നാഷണൽ ഫണ്ടിന് തറക്കല്ലിട്ട മുൻഗാമികൾ കണ്ട സ്വപ്നമാണ് ഇന്ന് പച്ചപ്പായി ഇസ്രായേലിൽ വളർന്നു നിൽക്കുന്നത്. തങ്ങൾ നട്ട മരങ്ങളുടെ തണൽ അനുഭവിക്കാൻ അവർ ജീവിച്ചിരുന്നില്ലെങ്കിലും, വരും തലമുറയ്ക്കായി ഒരു ഹരിത ഭാവി ഒരുക്കാൻ അവർക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News