Saturday, June 6, 2026

ലോകത്തിലെ ഏറ്റവും ദുർ​ഗന്ധമുള്ള ഏഴ് പൂക്കൾ

പൂക്കൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സുഗന്ധവും മനോഹരമായ നിറങ്ങളുമാണ്. സാധാരണയായി വണ്ടുകളെയും തേനീച്ചകളെയും ആകർഷിക്കാനാണ് പൂക്കൾ നല്ല സുഗന്ധം പുറപ്പെടുവിക്കുന്നത്. എന്നാൽ പ്രകൃതിയിലെ എല്ലാ ജീവികൾക്കും മധുരമുള്ള മണം ഇഷ്ടപ്പെടണമെന്നില്ല. ഉദാഹരണത്തിന്, ഈച്ചകൾക്ക് സുഗന്ധത്തിനോട് താല്പര്യമില്ല, മറിച്ച് ചീഞ്ഞഴുകിയ മണത്തോടാണ് പ്രിയം. പ്രകൃതിയിലെ മികച്ച പരാഗണകാരികളായ ഈച്ചകളെയും വണ്ടുകളെയും ആകർഷിക്കാൻ ചില പൂക്കൾ വിചിത്രമായ ദുർഗന്ധങ്ങൾ പുറപ്പെടുവിക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു കാരണവശാലും സമ്മാനിക്കാൻ പാടില്ലാത്ത, ലോകത്തിലെ ഏറ്റവും ദുർ​ഗന്ധമുള്ള ഏഴ് പൂക്കളെ പരിചയപ്പെടാം:

ടൈറ്റൻ ആരം (Titan arum – ശവപ്പൂവ്)

ലോകത്തിലെ ഏറ്റവും മോശം മണമുള്ള പൂവെന്ന പദവി ഇതിനാണ്. അഴുകിയ മൃതശരീരത്തിന്റെ മണമാണ് ഈ പൂവിന്. ചത്ത ജീവികളിൽ മുട്ടയിടാൻ ഇഷ്ടപ്പെടുന്ന ഈച്ചകളെയും വണ്ടുകളെയും ആകർഷിക്കാനാണ് ഈ ദുർഗന്ധം. ലോകത്തിലെ ഏറ്റവും വലിയ ശാഖകളില്ലാത്ത പൂങ്കുലയാണ് ഇതിന്റേത്. ഇതിന്റെ ഉൾഭാഗത്തിന് നല്ല ചുവന്ന ഇറച്ചിയുടെ നിറമാണ്. ഭാഗ്യവശാൽ, നാല് മുതൽ ആറ് വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന ഈ പൂവിന്റെ ആയുസ്സ് വെറും 24 മുതൽ 48 മണിക്കൂർ മാത്രമാണ്.

ഈസ്റ്റേൺ സ്കങ്ക് കാബേജ് (Eastern skunk cabbage)

വടക്കേ അമേരിക്കയിലെ ചതുപ്പ് നിലങ്ങളിൽ വളരുന്ന ഈ പൂവിന്റെ മണം ഒരുതരം ജീവിയുടേതിന് സമാനമാണ്. ഈ ചെടിയുടെ മറ്റൊരു പ്രത്യേകത, ഇതിന് സ്വന്തമായി ചൂട് ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ്. മഞ്ഞു മൂടിയ നിലത്തുനിന്നും പുറത്തേക്ക് വരാൻ ഈ ചൂട് സഹായിക്കുന്നു. കൂടാതെ ചത്ത ഉടനെയുള്ള ശരീരത്തിന്റെ ചൂട് അനുകരിച്ച് ഈച്ചകളെ ആകർഷിക്കാനും ഇത് സഹായിക്കും. ആസ്ത്മ, വിട്ടുമാറാത്ത ചുമ എന്നിവയുടെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാറുണ്ട്.

റഫ്ലേഷ്യ അർനോൾഡി (Rafflesia arnoldii)

ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പൂവാണ് റഫ്ലേഷ്യ. ടൈറ്റൻ ആരത്തെപ്പോലെ ഇതും ‘ശവപ്പൂവ്’ എന്നാണ് അറിയപ്പെടുന്നത്. ചീഞ്ഞ മാംസത്തിന്റെ മണമാണ് ഇതിന്. ഇൻഡോനേഷ്യയുടെ മൂന്ന് ദേശീയ പുഷ്പങ്ങളിൽ ഒന്നായ ഈ ഭീമൻ പൂവ് അവിടെ ഒരു സംരക്ഷിത സസ്യമാണ്. ഏകദേശം മൂന്ന് അടി വ്യാസമുള്ള ഈ പൂവ് വിരിഞ്ഞു നിൽക്കുന്നത് കാണാൻ മനോഹരമാണെങ്കിലും അടുത്തേക്ക് പോകാൻ കഴിയില്ല.

ബൾബോഫില്ലം ഫലനോപ്സിസ് (Bulbophyllum phalaenopsis)

ഓർക്കിഡുകൾ പൊതുവെ ഭംഗിക്കും സുഗന്ധത്തിനും പേരുകേട്ടതാണെങ്കിലും ഓർക്കിഡ് കുടുംബത്തിലെ കറുത്ത ആടാണ് ഈ പൂവ്. ന്യൂഗിനിയയിൽ കാണപ്പെടുന്ന, രോമങ്ങളുള്ള ഈ ചുവന്ന പൂവിന് ചത്തഴുകിയ എലികളുടെ മണമാണ് ഉള്ളത്. ഈച്ചകളെ ആകർഷിക്കുക മാത്രമാണ് ഇതിന്റെയും ലക്ഷ്യം.

ഡെഡ് ഹോഴ്സ് ആരം (Dead horse arum)

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചത്തു ചീഞ്ഞ കുതിരയുടെ മണമാണ് ഈ പൂവിന്. ഇതിന് ചുറ്റും എപ്പോഴും ഈച്ചകളുടെ വലിയ കൂട്ടം തന്നെയുണ്ടാകും. മറ്റൊരു രസകരമായ കാര്യം, ആകാശത്ത് മേഘങ്ങളുണ്ടെങ്കിൽ ഈ പൂവ് വിരിയില്ല. നല്ല വെയിലുള്ള തെളിഞ്ഞ ദിവസങ്ങളിൽ മാത്രമേ ഈച്ചകളെ ആകർഷിക്കാൻ ഇത് ഇതളുകൾ വിടർത്തുകയുള്ളൂ.

സ്റ്റാപെലിയ ജിഗാന്റിയ (Stapelia gigantea)

നക്ഷത്രത്തിന്റെ ആകൃതിയിലുള്ള, രോമങ്ങള നിറഞ്ഞ ഈ മനോഹരമായ പൂവ് ആരെയും ആകർഷിക്കും. എന്നാൽ അടുത്ത ചെന്നാൽ ചീഞ്ഞ മാംസത്തിന്റെ ദുർ​ഗന്ധം കാരണം ആരും ഓടിപ്പോകും. ഇതിന്റെ രോമാവൃതമായ തൊലി ചത്ത മൃഗത്തിന്റെ ചർമ്മത്തിന് സമാനമാണ്. കൗതുകകരമായ രൂപം കാരണം പലരും ഇത് തോട്ടങ്ങളിൽ വളർത്താറുണ്ടെങ്കിലും വീടിന് പുറത്ത് നല്ല കാറ്റുള്ള സ്ഥലങ്ങളിൽ മാത്രമേ ഇത് വെക്കാറുള്ളൂ.

ഡ്രാഗൺ ലിലി (Dracunculus vulgaris)

വൂഡൂ ലിലി, സ്നേക്ക് ലിലി, സ്റ്റിങ്ക് ലിലി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ഗ്രീസിൽ ഉത്ഭവിച്ച ഈ പൂവ് ഇപ്പോൾ അമേരിക്കയിലും വ്യാപകമായി കാണപ്പെടുന്നു. ചീഞ്ഞ മാംസത്തിന്റെ കടുത്ത നാറ്റമാണ് ഇതിനെങ്കിൽ പോലും ഒരു ദിവസം മാത്രമേ ഈ മണം നിൽക്കുകയുള്ളൂ. ഇതിന്റെ തനതായ കറുപ്പ് കലർന്ന ഭംഗി കാരണം പലരും ഇത് വെച്ചുപിടിപ്പിക്കാറുണ്ട്.

പ്രകൃതിയുടെ അത്ഭുതങ്ങൾ വിചിത്രമാണ് എന്ന് തോന്നിപ്പിക്കുന്നതാണ് ഈ ഓരോ പുഷ്പങ്ങളും. നമുക്ക് അരോചകമായി തോന്നുന്ന ഈ ദുർഗന്ധങ്ങൾ പ്രകൃതിയുടെ നിലനിൽപ്പിനും ഈ സസ്യങ്ങളുടെ വംശവർദ്ധനവിനും അത്യന്താപേക്ഷിതമാണ് എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News