Friday, June 5, 2026

‘ലിറ്ററേറ്റ് ഫൂൾസ്’ വരുത്തുന്ന അപകടങ്ങള്‍

ഡോ. ജോജോ വി. ജോസഫ്‌

സാധാരണക്കാരെ സഹായിക്കാനും കാൻസറിനെയും ആധുനിക വൈദ്യശാസ്ത്രത്തെയും (Modern Medicine) കുറിച്ച് നിലനിൽക്കുന്ന അബദ്ധധാരണകൾ തിരുത്തി, രോഗപ്രതിരോധത്തിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കാനും വേണ്ടിയാണ് ഞാൻ വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാൻ ആരംഭിച്ചത്. അതിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

പൂർണ്ണമായും സാക്ഷരത നേടിയ നമ്മൾ മലയാളികൾ എന്തുകൊണ്ടാണ് ഇന്നും കപടശാസ്ത്ര തട്ടിപ്പുകളിൽ (Pseudo-science scams) വീഴുന്നത്? അല്ലെങ്കിൽ എങ്ങനെയാണ് ഇത്തരം കപടശാസ്ത്ര പ്രചാരകർ നമ്മുടെ ഇടയിൽ വളർന്നുവരുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ലേഖനം. ഇതിനുള്ള പ്രധാന കാരണം നമ്മുടെ സമൂഹം, ജോലിസ്ഥലങ്ങൾ, വാട്സാപ്പ് ഗ്രൂപ്പുകൾ, എന്തിന് നമ്മുടെ വീട്ടിൽപ്പോലും കാണപ്പെടുന്ന ഒരു പ്രത്യേക വിഭാഗമാണ്. അവരെ തൽക്കാലം നമുക്ക് ‘വിദ്യാഭ്യാസമുള്ള വിഡ്ഢികൾ’ (Literate Fools- ലിറ്ററേറ്റ് ഫൂൾസ്) എന്ന് വിളിക്കാം.

ആരാണ് ഈ ‘വിദ്യാഭ്യാസമുള്ള വിഡ്ഢികൾ’

ഇത്തരം ‘ലിറ്ററേറ്റ് ഫൂൾസ്’ എല്ലാവരും വിദ്യാസമ്പന്നരായിരിക്കും. പിഎച്ച്ഡി (PhD) ഉള്ളവർ, എൻജിനീയർമാർ, ഉന്നത ഉദ്യോഗസ്ഥർ അല്ലെങ്കിൽ പലവിധ അവാർഡുകൾ നേടിയവർ വരെ ഇതിൽ ഉൾപ്പെടും. അവർ നന്നായി സംസാരിക്കാൻ കഴിവുള്ളവരും നർമ്മബോധമുള്ളവരും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരും വളരെ മാന്യമായി പെരുമാറുന്നവരുമായിരിക്കും. എന്നാൽ, ഭൂമി പരന്നതാണെന്നും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നും വെള്ളത്തിന് ഓർമ്മശക്തി (Water Memory) ഉണ്ടെന്നും ഒക്കെ ഇവർ അടിയുറച്ചു വിശ്വസിക്കുന്നു. രാസവസ്തുക്കൾ (Chemicals) എല്ലാം വിഷമാണെന്നും വാക്സിനുകൾ (Vaccines) ആവശ്യമില്ലാത്തതാണെന്നും ഇവർ വാദിക്കും. ക്വാണ്ടം ഹീലിംഗ് (Quantum Healing), ബയോഹാക്കിംഗ് (Biohacking), നാഡി പരിശോധനയിലൂടെ വൃക്കരോഗം (Kidney disease) കണ്ടുപിടിക്കാൻ കഴിയുമെന്ന അവകാശവാദം, മരിച്ച രോഗിയെ വെന്റിലേറ്ററിൽ (Ventilator) കിടത്തി പണം തട്ടുന്നു എന്ന ഗൂഢാലോചനാ സിദ്ധാന്തം തുടങ്ങിയ അബദ്ധങ്ങളിൽ ഇവർ ഉറച്ചുവിശ്വസിക്കുന്നു.

എല്ലാ മേഖലകളിലും ഇത്തരം ‘ലിറ്ററേറ്റ് ഫൂൾസിനെ’ കാണാൻ കഴിയുമെങ്കിലും, ഇത് ഒരു വലിയ സാമൂഹികവിപത്തായി മാറുന്നത് മെഡിക്കൽ രംഗത്താണ്. ആരോഗ്യരംഗത്ത് ഇത്തരക്കാർ പ്രചരിപ്പിക്കുന്ന വിവരക്കേടുകൾ മനുഷ്യജീവൻ തന്നെ അപകടത്തിലാക്കാറുണ്ട്. ശാസ്ത്രീയമായ തെളിവുകളെ ഇവർ എപ്പോഴും എതിർക്കുന്നു എന്നതാണ് ഇവരുടെ പ്രധാന സ്വഭാവം. ശാസ്ത്രം ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ മാറ്റിപ്പറയുന്നു, അതിനാൽ ശാസ്ത്രം ഒട്ടും വിശ്വസനീയമല്ല എന്നതാണ് ഇവരുടെ ബാലിശമായ വാദം.

ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന കപടശാസ്ത്രം

“പണ്ടുകാലത്തുള്ളവർ ദീർഘായുസ്സുള്ളവരായിരുന്നു. അവർക്കില്ലാത്ത എന്ത് അസുഖമാണ് ഇന്നുള്ളത്” എന്ന് ചോദിക്കുന്നവരാണ് ഇത്തരം ‘വിദ്യാഭ്യാസമുള്ള വിഡ്ഢികൾ.’ മറ്റൊരു പ്രധാന ലക്ഷണം, “ഞാൻ നടത്തിയ ഗവേഷണത്തിൽ (Research) കണ്ടതാണ്,” അല്ലെങ്കിൽ “എന്റെ നാട്ടിൽ ഈ മരുന്ന് കഴിച്ച് സുഖം പ്രാപിച്ച ഒരാളെ ഞാൻ നേരിട്ട് കണ്ടതാണ്” എന്നൊക്കെ പറയുന്നതാണ്. ഇത്തരം വ്യക്തിപരമായ സാക്ഷ്യപ്പെടുത്തലുകളാണ് (Anecdotal evidence) ശാസ്ത്രീയതെളിവുകൾക്കു പകരം ഇവർ ഉയർത്തിപ്പിടിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെ നിശിതമായി വിമർശിക്കുന്നതും ക്വാണ്ടം ഹീലിംഗ് (Quantum Healing), ബയോഹാക്കിംഗ് (Biohacking) തുടങ്ങിയ പ്രൗഡിയുള്ള വാക്കുകൾ ഉപയോഗിക്കുന്നതും ഇവരുടെ സ്ഥിരം ശൈലിയാണ്.

മാനവരാശി ശാസ്ത്രീയമായി ഏറ്റവും വലിയ പുരോഗതി കൈവരിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. അറിവിന്റെയും വിവരങ്ങളുടെയും അനന്തമായ സ്രോതസ്സുകൾ ഇന്ന് നമ്മുടെ വിരൽത്തുമ്പിലുണ്ട്. എന്നാൽ വലിയൊരു വൈരുധ്യമെന്നോണം, ഇതേ കാലഘട്ടത്തിലാണ് ഞാൻ നേരത്തെ പറഞ്ഞ ഈ ‘വിദ്യാഭ്യാസമുള്ള വിഡ്ഢികൾ’ ഗൂഢാലോചനാ സിദ്ധാന്തങ്ങളും കപടശാസ്ത്രവും കാട്ടുതീ പോലെ നമ്മുടെ സമൂഹത്തിൽ പടർത്തുന്നത്.

എന്തുകൊണ്ട് വിദ്യാസമ്പന്നർ പോലും വീണുപോകുന്നു?

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രവണത സംഭവിക്കുന്നത്? ഇതിന്റെ പ്രധാന കാരണം നമ്മുടെ പരിണാമം (Evolution) ആണ്. ഒപ്പം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ തലച്ചോറിന് ഘടനാപരമായ ചില പരിമിതികളുണ്ട് എന്ന യാഥാർഥ്യമാണ്. പരിണാമത്തിലൂടെ നാം രൂപപ്പെടുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് അതിജീവനം (Survival) മാത്രമായിരുന്നു. നമ്മുടെ തലച്ചോറ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് ശാസ്ത്രീയമായ കാര്യങ്ങൾ വിശകലനം ചെയ്യാനല്ല, മറിച്ച് അതിജീവനം ഉറപ്പാക്കാനാണ്. ഈ വിഭാഗത്തിൽപ്പെട്ടവർ പലപ്പോഴും ഒരു പ്രത്യേക കൂട്ടായ്മയിൽ ഒതുങ്ങിക്കൂടി തങ്ങളുടേതായ ഒരു ഗോത്രീയ സ്വത്വം (Tribal Identity) സൂക്ഷിക്കുന്നവരാണ്. അതുപോലെ, ശാസ്ത്രീയമായ അറിവുകളേക്കാൾ സ്വന്തം വിശ്വാസങ്ങളെ മാത്രം ശരിവയ്ക്കുന്ന വിവരങ്ങളെ (Confirmation Bias) ഇവർ അമിതമായി ആശ്രയിക്കുന്നു.

പരിണാമം നമുക്ക് നൽകിയ ഏറ്റവും വലിയൊരു കഴിവാണ് പാറ്റേണുകൾ തിരിച്ചറിയാനുള്ള കഴിവ് (Pattern recognition). ആദിമ മനുഷ്യൻ (Hunter-Gatherer) ചെടികൾക്കിടയിലെ ചെറിയൊരു അനക്കം കണ്ട് അതിൽ പുലിയുണ്ടോ എന്ന് ഭയപ്പെട്ടത് അന്ന് അവന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചിരിക്കാം. പക്ഷേ, ചിലര്‍ ഇപ്പോഴും ആ സ്വഭാവത്തിന്റെ അടിമകളാണ് എന്നതാണ് പ്രശ്നം. അർഥമില്ലാത്ത കാര്യങ്ങളിൽപ്പോലും പാറ്റേണുകൾ കണ്ടുപിടിച്ച് അതിനെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ പലയിടങ്ങളിലുമുള്ളത്. ഉദാഹരണത്തിന്, “ഞാൻ ഒരു പച്ചമരുന്ന് കുടിച്ചുതുടങ്ങിയതോടെ എന്റെ മുട്ടുവേദന മാറി” എന്നുപറയുന്നത് ശാസ്ത്രീയമായ ഒരു തെളിവല്ല, മറിച്ച് തലച്ചോറ് സ്വയം നിർമ്മിച്ചെടുത്ത ഒരു പാറ്റേൺ മാത്രമാണ്. കൂടാതെ, അധികാരം കൈയാളുന്നവരോടോ (Authority), വലിയ സ്ഥാനത്തുള്ള ഡോക്ടർമാരോടു പോലും ചോദ്യം ചോദിക്കാതെ അവർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന രീതിയും ഇവരിൽ കാണാം.

വൈകാരിക തീരുമാനങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും

‘ലിറ്ററേറ്റ് ഫൂൾസ്’ പലപ്പോഴും വൈകാരികമായ തീരുമാനങ്ങൾ എടുക്കുന്നവരാണ് (Emotional reasoning). “എനിക്ക് ഈ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നു, അതുകൊണ്ട് ഈ ഡോക്ടർ പറയുന്നത് ശരിയാണ്” എന്ന് ഇവർ അന്ധമായി വിശ്വസിക്കുന്നു. ഇവരെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവങ്ങൾ (Personal experiences) മാത്രമാണ് ഏറ്റവും വലിയ തെളിവുകൾ.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ‘ഗൂഢാലോചന ചിന്താഗതി’ (Conspiracy thinking). ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അതിന്റെ പിന്നിൽ എന്തോ വലിയൊരു രഹസ്യമുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. മരുന്ന് കമ്പനികളും ഡോക്ടർമാരും ചേർന്ന് നമ്മളെ കബളിപ്പിക്കുകയാണെന്ന വലിയൊരു നുണയിൽ ഇവർ വിശ്വസിക്കുന്നു.

വിദ്യാഭ്യാസത്തിലെ പാളിച്ചകളും ഡണ്ണിംഗ്-ക്രൂഗർ ഇഫക്റ്റും

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മയാണ് ഇത്തരം വ്യക്തികളെ സൃഷ്ടിക്കുന്ന മറ്റൊരു കാരണം. പാഠപുസ്തകത്തിലെ അറിവുകൾ കാണാതെപഠിച്ച് പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വാങ്ങുന്നതിലപ്പുറം, കാര്യങ്ങളെ ചോദ്യം ചെയ്യാനോ, (Critical thinking) വിശകലനം ചെയ്യാനോ നാം പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് റോക്കറ്റിനു മുൻപിൽ നാരങ്ങ വയ്ക്കുന്നതും വെള്ളത്തിന് ഓർമ്മശക്തിയുണ്ട് (Water memory) എന്ന് വിശ്വസിക്കുന്നതും യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും നടക്കുന്നത്.

ഇവർ പലപ്പോഴും ഡണ്ണിംഗ്-ക്രൂഗർ ഇഫക്റ്റ് (Dunning-Kruger effect) എന്ന പ്രതിഭാസത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. അതായത്, കാര്യങ്ങൾ കുറച്ചുമാത്രം അറിവുള്ളവർ തങ്ങൾക്ക് വലിയ അറിവുണ്ടെന്ന അമിതമായ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ഒരു വിഷയത്തിൽ കാര്യമായ അറിവോ, കഴിവോ ഇല്ലാത്ത ആളുകൾ, തങ്ങൾക്ക് ആ വിഷയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവുണ്ടെന്ന് തെറ്റായി വിശ്വസിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഡണ്ണിംഗ്-ക്രൂഗർ ഇഫക്റ്റ്. 1999 ൽ ഡേവിഡ് ഡണ്ണിംഗ്, ജസ്റ്റിൻ ക്രൂഗർ എന്നീ മനഃശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ക്വാണ്ടം (Quantum), ഫ്രീക്വൻസി (Frequencies), എനർജി (Energy), റൂട്ട് കോസ് (Root cause), ഗട്ട് ഹെൽത്ത് (Gut health) തുടങ്ങിയ ഗമയുള്ള വാക്കുകൾ ഇവർ എപ്പോഴും ഉപയോഗിക്കും. തങ്ങൾ ഡിഗ്രിയുള്ളവരാണ്, തങ്ങൾ റിസർച്ച് ചെയ്തവരാണ് എന്നൊക്കെ അവകാശപ്പെട്ട് ഇവർ ആളുകളെ തെറ്റിധരിപ്പിക്കുകയും ചെയ്യും.

കപടശാസ്ത്രം എങ്ങനെയാണ് ആകർഷകമാകുന്നത്?

നമ്മുടെ തലച്ചോർ എപ്പോഴും ലളിതവും കംഫർട്ടബിൾ (Comfortable) ആയതുമായ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. ശാസ്ത്രീയസത്യങ്ങൾ പലപ്പോഴും സങ്കീർണ്ണവും മടുപ്പിക്കുന്നതുമായിരിക്കും (Boring). എന്നാൽ, കപടശാസ്ത്രം ആകർഷകവും എളുപ്പത്തിൽ വിശ്വസിക്കാവുന്നതുമായ കാര്യങ്ങളാണ് നൽകുന്നത്.

ഉദാഹരണത്തിന് ‘പത്ത് ദിവസം കൊണ്ട് ടോക്സിനുകൾ പുറന്തള്ളാം,’ ‘പ്രകൃതിദത്തമായതെല്ലാം സുരക്ഷിതമാണ്’ തുടങ്ങിയ കാര്യങ്ങള്‍ കേൾക്കുമ്പോൾ ഇവർ പെട്ടെന്ന് അതിലേക്ക് ആകൃഷ്ടരാകുന്നു. അറിവില്ലായ്മയല്ല, മറിച്ച് തെറ്റായ വിവരങ്ങളാണ് ഇന്ന് ഈ വിഭാഗത്തെ സൃഷ്ടിക്കുന്നത്. ഗൂഗിളും യൂട്യൂബും പോഡ്കാസ്റ്റുകളും വഴി ധാരാളം അറിവുകൾ ലഭിക്കുന്നുണ്ടെങ്കിലും അതിൽ ഏതാണ് ശരിയെന്ന് തിരിച്ചറിയാൻ ഇവർക്ക് കഴിയുന്നില്ല. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ഇത്തരക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന തെറ്റായ വിവരങ്ങൾ വീണ്ടും വീണ്ടും എത്തിച്ചുകൊടുക്കുന്നു. ഈ ലിറ്ററേറ്റ് ഫൂൾസ് അപ്രിയസത്യത്തേക്കാൾ വൈകാരിക സുരക്ഷിതത്വത്തിനാണ് മുൻഗണന നൽകുന്നത്.

എല്ലാ മേഖലയിലും ഇത്തരം ആളുകളുണ്ടെങ്കിലും, മെഡിക്കൽ രംഗത്താണ് ഇവർ സമൂഹത്തിന് ഏറ്റവും വലിയ ദോഷം ചെയ്യുന്നത്. വരുംതലമുറയിലെങ്കിലും കൂടുതല്‍ വിവേകപൂർണ്ണമായ ചിന്താഗതിയും വായനാശീലവും ആശയവിനിമയവും വളർത്താൻ നമുക്ക് പരിശ്രമിക്കാം. അറിവുള്ളവർ എന്ന് നടിക്കുന്ന ഇത്തരം വിഡ്ഢികളിൽ നിന്ന് നമുക്ക് അകന്നുനിൽക്കാം.

ഡോ. ജോജോ വി. ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News