Saturday, November 23, 2024

ലോക പുകയില വിരുദ്ധ ദിനം; ചരിത്രവും ലക്ഷ്യവും

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുകയില (Tobacco) ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതെങ്ങനെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനെ കുറിച്ചും ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം. പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടുള്ള നിക്കോട്ടിന്‍ കമ്പനികളുടെ ചൂഷണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നു. വിവിധ തരത്തിലുള്ള ഇത്തരം ബോധവത്കരണത്തിലൂടെ പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ (WHO) ശ്രമം.

ചരിത്രത്തിലേക്ക്

1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം ലോകാരോഗ്യ സംഘടന ആരംഭിച്ചത്. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം ആഗോളതലത്തിലുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം. തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി.

ഈ വര്‍ഷത്തെ പ്രമേയം

2024 ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം ‘പുകയില വ്യവസായത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക’ എന്നതാണ്.

കേരളത്തിലും ആശങ്ക

രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്.

കേരളത്തിന്റെ ‘ക്വിറ്റ് ലൈന്‍’

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്‌റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്.

അത്ര എളുപ്പമല്ല എങ്കിലും..

പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്. സിഗരറ്റിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലി ഉപേക്ഷിക്കുകയെന്ന പ്രക്രിയ. മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതിജീവിക്കണം. വിത്ത് ഡ്രോവല്‍ ലക്ഷണങ്ങളെ വരുതിയിലാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങും വൈദ്യ സഹായവും വരെ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തേടേണ്ടി വരും. ഒന്നുറപ്പാണ്, പുകവലി ഉപേക്ഷിക്കുന്നതിലൂടെ ആരോഗ്യവും ജീവിത നിലവാരവും ആയുസ്സും ഒപ്പം ചുറ്റുമുള്ളവരുടെ ജീവിതവും മെച്ചപ്പെടും.

 

 

 

Latest News