ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക സമാധാനദിനം ആചരിക്കുന്നു. ‘സമാധാന സംസ്കാരം വളർത്തിയെടുക്കുക’ എന്നതാണ് ഈ വർഷം യു. എൻ. ലോകത്തെ ഓർമ്മിപ്പിക്കുന്നത്.
സംഘർഷം, അസമത്വം, വിവേചനം എന്നിവയാൽ മുങ്ങിക്കുളിച്ച ഒരു ലോകത്ത്, എല്ലാവരോടും സംഭാഷണവും സഹാനുഭൂതിയും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നാം കൂടുതൽ കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന ഓർമ്മിപ്പിക്കുന്നു. ഈ ദിനത്തിൽ എഡിറ്റ് കേരള വായനക്കാർക്കായി യു. എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സന്ദേശത്തിന്റെ മലയാളപരിഭാഷ നൽകുകയാണ്.
“ലോകത്ത് എവിടെ നോക്കിയാലും സമാധാനം ആക്രമിക്കപ്പെടുകയാണ്. ഗാസയിൽ നിന്നും സുഡാനിലേക്കും ഉക്രൈനിലേക്കും അതിനപ്പുറത്തേക്കും നാം ഇത് കാണുന്നു. സാധാരണക്കാർ തോക്കിന്മുനയിലാണ്. വീടുകൾ തകർന്നു. എല്ലാം നഷ്ടപ്പെട്ടവർ, പരിഭ്രാന്തരായ ജനങ്ങൾ… മനുഷ്യരുടെ ദുരിതങ്ങളുടെ ഈ ഒരു ശ്രേണി അവസാനിപ്പിക്കണം.
നമ്മുടെ ലോകത്തിന് സമാധാനം ആവശ്യമാണ്. സമാധാനമാണ് എല്ലാ മനുഷ്യരാശിയുടെയും പരമമായ സമ്മാനം. ഈ അന്താരാഷ്ട്ര സമാധാനദിനം നമ്മെ ഓർമ്മിപ്പിക്കുന്നു – ഇതൊനൊക്കെയുള്ള പരിഹാരങ്ങൾ നമ്മുടെ കൈകളിലാണ്.
സമാധാനസംസ്കാരം വളർത്തിയെടുക്കുക എന്നതിനർഥം, ഭിന്നിപ്പും ശാക്തീകരണവും നിരാശയും മാറ്റി എല്ലാവർക്കും നീതിയും സമത്വവും പ്രത്യാശയും നൽകുക എന്നതാണ്. സംഘർഷം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് ഇതിനർഥം.
സുസ്ഥിര വികസനലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുക, മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, ഒപ്പം എല്ലാത്തരം വിവേചനങ്ങളും വിദ്വേഷവും കൈകാര്യം ചെയ്യുക. ഈ ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ മാസത്തെ ഭാവിയുടെ ഉച്ചകോടി.
നമുക്ക് പിടിച്ചെടുക്കാം. നമുക്ക് ഒരുമിച്ച് സമാധാനത്തിന് അടിത്തറയിടാം. സമത്വവും സമാധാനവും നീതിയും തഴച്ചുവളരുന്ന ഒരു സംസ്കാരം നമുക്ക് വളർത്തിയെടുക്കാം.”
അന്റോണിയോ ഗുട്ടെറസ്, സെക്രട്ടറി ജനറൽ
21 സെപ്റ്റംബർ 2024