ജുലൈ 11, വീണ്ടുമൊരു ലോകജനംസഖ്യ ദിനം എത്തിയിരിക്കുകയാണ്. ലോക ജനസംഖ്യ 500 കോടി കടന്ന അവസരത്തില്‍ 1989 ലാണ് ലോകജനസംഖ്യാ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) തീരുമാനിച്ചത്. ‘ടു ലീവ് നോ വണ്‍ ബിഹൈന്‍ഡ് : കൗണ്ട് എവരിവണ്‍’ (To Leave No One Behind, Count Everyone) എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം.
കുടുംബാസൂത്രണം, ലിംഗസമത്വം, മാതൃസമത്വം, മാതൃ ആരോഗ്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ജനസംഖ്യയുമായി ബന്ധപ്പെട്ട നിര്‍ണായക വെല്ലുവിളികളെ അവബോധം വളര്‍ത്തുന്നതിനും അഭിമുഖീകരിക്കുന്നതിനുമുള്ള ഒരു അവസരമായിട്ടാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്.
സമീപ കാലത്ത് ആഗോള ജനസംഖ്യയില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് എടുത്തതെങ്കില്‍ പിന്നീട് 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു. 2011 ലാണ് ജനസംഖ്യ 700 കോടി മറികടന്നത്. 2030 ല്‍ ഏകദേശം 850 കോടി, 2050 ല്‍ 970 കോടി, 2100ല്‍ 1090 കോടി എന്നീ നിലകളിലും ജനസംഖ്യ പെരുകുമെന്നാണ് പ്രതീക്ഷ.
ഈ അവസരത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ? ഇന്ത്യയാണ് ലോകത്ത് ജനസംഖ്യ കണക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. രണ്ടാം സ്ഥാനത്ത് ചൈനയും.
ഇന്ത്യയുടെ ജനസംഖ്യ പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയായി നിലവിലെ നിരക്കില്‍ വളര്‍ച്ച തുടരുകയാണെങ്കില്‍ അടുത്ത 75 വര്‍ഷത്തിനുള്ളില്‍ നിലവിലെ ഇരട്ടിയാകും ജനസംഖ്യയെന്നാണ് യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം 2050 ഓടെ രാജ്യത്തെ ജനസംഖ്യ കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയിലെ ജനസംഖ്യ 142.56 കോടിയാണ്. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ ജനസംഖ്യ 30.99 കോടി മാത്രമാണ്. ഇന്തോനേഷ്യ, പാകിസ്താന്‍, നൈജീരിയ, ബ്രസീല്‍, ബംഗ്ലാദേഷ്, റഷ്യ, എത്യോപ്യ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ ആദ്യ പത്തിലുള്ളത്.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം വത്തിക്കാന്‍ സിറ്റിയാണ്. കേവലം 764 മാത്രമാണ് വത്തിക്കാനിലെ ജനസംഖ്യ. അതായത് പട്ടികയിലെ സ്ഥാനം 195. ദ്വീപ് രാഷ്ട്രമായ തുവാലുവാണ് പട്ടികയില്‍ 194 -ാമതായിട്ടുള്ളത്. 10679 ആണ് തുവാലുവിലെ ജനസംഖ്യ.