ഒരു മനുഷ്യന് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ, അവനെ ദിവസങ്ങളോളം ഉറക്കാതിരിക്കുക എന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 7.5 ദശലക്ഷത്തിലധികം (14 %) ആളുകൾ ഒരു രാത്രിയിൽ അഞ്ചു മണിക്കൂറിൽ താഴെ മാത്രമേ ഉറങ്ങുന്നുള്ളൂ എന്നാണ് പറയുന്നത്. ഇത് അപകടകരമാംവിധം കുറവാണെന്ന് കണക്കാക്കപ്പെടുന്നു.
ഉറക്കശീലങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനായി ‘ഉറക്ക ആരോഗ്യത്തിന് മുൻഗണന നൽകുക’ എന്ന പ്രമേയത്തിലാണ് ഈ വർഷം ലോക ഉറക്കദിനം ആചരിക്കുന്നത്. നല്ല ഭക്ഷണവും ജോലിയും പോലെതന്നെ പ്രധാനമാണ് ഉറക്കം എന്ന് പലരും മനസ്സിലാക്കുന്നില്ല. ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നിലനിർത്താൻ ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവ ആവശ്യമാണ്. ആളുകൾ വ്യായാമത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഉറക്കസമയക്രമത്തെ ഗൗരവമായി എടുക്കുന്നില്ല.
ഉറക്കം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഉറക്കം ഓർമ്മശക്തി, രോഗപ്രതിരോധശേഷി, ഊർജനില എന്നിവ മെച്ചപ്പെടുത്തുന്നു. ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കു കാരണമാകുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. രാത്രിയിലെ ഉറക്കക്കുറവ് ശ്രദ്ധാദൈർഘ്യത്തെയും ഓർമ്മശക്തിയെയും പഠനത്തെയും ബാധിക്കുന്നു. ഉറക്കം തടസ്സപ്പെടുത്തിയവരിൽ 46% പേരും സമയനിഷ്ഠ പാലിക്കാതെ ഇരിക്കുകയും ജോലിസ്ഥലത്ത് തെറ്റുകൾ വരുത്തുകയും ചെയ്യുന്നു.
രാത്രിയിൽ ഏഴുമണിക്കൂറിൽ താഴെ ഉറങ്ങുന്നവരുടെ മാനസികപ്രവർത്തന പരിശോധനകളിൽ കുറഞ്ഞ മാർക്ക് ലഭിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വിഷാദരോഗികളിൽ നാലിൽ മൂന്നു ഭാഗത്തിനും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ ഉറക്കവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം നിഷേധിക്കാനാവാത്തതാണ്. മറ്റ് ആരോഗ്യ അപകടങ്ങൾ അല്ലെങ്കിൽ അപര്യാപ്തമായ ഉറക്കം എന്നിവ ഡിമെൻഷ്യ, പൊണ്ണത്തടി എന്നിവയ്ക്കു കാരണമായേക്കാം.
തൊഴിലാളികൾക്ക് അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമവും ഉൽപാദനക്ഷമതയും നിലനിർത്താൻ ഉറക്കം ആവശ്യമാണ്. ഡ്രൈവിംഗ് അല്ലെങ്കിൽ നിർമ്മാണം പോലുള്ള ജോലികളിൽ, ഉറക്കക്കുറവ് അപകടങ്ങളിലേക്കു വഴിതെളിക്കുന്നു. മോശം ഉറക്കം അപകടസാധ്യത വർധിപ്പിക്കുകയും താഴ്ന്ന നിലയിലുള്ള ലഹരിയുടെ അതേ ഫലം ഉണ്ടാക്കുകയും ചെയ്യും.
നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ആരോഗ്യനിക്ഷേപങ്ങളിൽ ഒന്നാണ് ഉറക്കം. ഉറക്കത്തെ ഒരു ആഡംബരമായി കാണുന്നത് നിർത്തി അതിനെ ഒരു ആവശ്യമായി കാണാൻ തുടങ്ങണമെന്നാണ് നിദ്രാവിദഗ്ധർ പറയുന്നത്. ജീവിതസാഹചര്യങ്ങൾ നിമിത്തം നല്ല ഉറക്കം ചിലപ്പോൾ അപ്രാപ്യമായി തോന്നിയേക്കാം. എന്നാൽ ഉറക്കത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കാൻ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും.
ഉറക്കത്തിനുള്ള നല്ല അന്തരീക്ഷം സൃഷ്ടിക്കുക: ഗുണനിലവാരമുള്ള കിടക്ക തിരഞ്ഞെടുക്കുകയാണ് അതിനുള്ള ആദ്യപടി. കിടക്കുമ്പോൾ മുറിയിലെ വെളിച്ചം ഒഴിവാക്കുകയും അനുയോജ്യമായ താപനില കണ്ടെത്തുകയും ചെയ്യുക.
ഉറക്ക ഷെഡ്യൂൾ നിയന്ത്രിക്കുക: നല്ല ഉറക്കം ദിനചര്യയിൽ നിന്നാണ് ലഭിക്കുന്നത്. എല്ലാ ദിവസവും അനുയോജ്യമായ അളവിൽ ഉറങ്ങാനും ഒരേസമയം ഉണരാനും അനുവദിക്കുന്ന ഒരു ഉറക്കസമയം ക്രമീകരിക്കുക.
ഒരു ഉറക്കസമയ ദിനചര്യ ഉണ്ടാക്കുക: നല്ല ദിനചര്യകൾ ശീലിക്കുന്നത് നല്ലതാണ്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിൽനിന്നും വൈകുന്നേരം തന്നെ അകലം പാലിക്കുക. പ്രകാശം ഒഴിവാക്കുക. വായന വളരെ നല്ലതാണ്. നല്ല ഉറക്കം എന്നത് ദിവസം മുഴുവനുമുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ഫലമാണ്. കഫീൻ, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക, വ്യായാമം ചെയ്യുക, സമയമാകുമ്പോൾ ഉറങ്ങാൻ സഹായിക്കുന്നതിന് ധാരാളം പ്രകൃതിദത്ത വെളിച്ചം ശ്വസിക്കുക എന്നിവ ചെയ്യാം.