Monday, November 25, 2024

ഇന്ന് ലോക തണ്ണീര്‍ത്തട ദിനം

ഇന്ന് ലോക തണ്ണീര്‍ത്തട ദിനം. വെള്ളംകെട്ടി നില്‍ക്കുന്നതും ചതുപ്പുനിലങ്ങളുമടങ്ങുന്നതാണ് തണ്ണീര്‍ത്തടങ്ങള്‍. ഇവിടം വിവിധയിനം ജീവജാലങ്ങളെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തവും കൃത്രിമവുമായ തണ്ണീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യവും പാരിസ്ഥിതിക ആരോഗ്യവും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. 1997 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 2ന് ലോക തണ്ണീര്‍ത്തട ദിനമായാണ് ആചരിക്കുന്നത്.

ജൈവവൈവിധ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുന്ന തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും തണ്ണീര്‍തടങ്ങളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കിക്കുക എന്നിവയാണ് ഈ വാര്‍ഷിക ദിനാചരണത്തിന്റെ ലക്ഷ്യം.

ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ചരിത്രം

1971 ഫെബ്രുവരി 2ന് ഇറാനിലെ റാംസാറില്‍ വച്ച് തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള ഒരു കണ്‍വെന്‍ഷനില്‍ ഒരു അന്താരാഷ്ട്ര ഉടമ്പടിയായി ലോക തണ്ണീര്‍ത്തട ദിനം അംഗീകരിച്ചു. 1997 മുതല്‍ തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മറ്റ് പരിപാടികളും നടത്താറുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പോസ്റ്ററുകള്‍, ലോഗോകള്‍ പോലുള്ളവയും ഈ ദിവസം പ്രചരിപ്പിക്കാറുണ്ട്.

തണ്ണീര്‍ത്തട സംരക്ഷണത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി, 2015 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 2 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന യുവജന ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കാറുണ്ട്. മത്സരം 15 മുതല്‍ 24 വയസ്സുവരെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തണ്ണീര്‍ത്തടങ്ങളുടെ ഒരു ഫോട്ടോ വീതം സമര്‍പ്പിക്കണം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോക തണ്ണീര്‍ത്തട ദിന വെബ്സൈറ്റിലാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. വിജയിക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഒരു തണ്ണീര്‍ത്തടം സന്ദര്‍ശിക്കാം.

ലോക തണ്ണീര്‍ത്തട ദിനത്തിന്റെ പ്രാധാന്യം

തണ്ണീര്‍ത്തടങ്ങള്‍ വളരെ പ്രാധാന്യമുള്ള ഒരു ആവാസവ്യവസ്ഥയാണ്. അവ വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ തഴച്ചുവളരാന്‍ സഹായിക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ച് അവയ്ക്ക് മീതെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നത് പാരിസ്ഥിതികമായി വലിയ തിരിച്ചടികള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ലോക തണ്ണീര്‍ത്തട ദിനം, നമ്മുടെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ഓര്‍മ്മിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

 

 

Latest News