വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. പോർച്ചുഗീസ് നാവികനായിരുന്ന അദ്ദേഹം ലിസ്ബണിൽ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. നാലു കപ്പലുകളിലായി 170 പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മൊസാംബിക്, മൊംബാസ, മാലിന്ദി തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് 1498 മെയ് 20 ന് അദ്ദേഹവും സംഘവും കോഴിക്കോട് കാപ്പാട് കടപ്പുറത്തിറങ്ങി. ഈ യാത്രയ്ക്കുശേഷമാണ് യൂറോപ്പും ഏഷ്യയും തമ്മിൽ ജലമാർഗമുള്ള വ്യവസായപാത തുറന്നത്. കടൽമാർഗം ഇന്ത്യയിലെത്തുന്ന ആദ്യ വിദേശിയായിരുന്നു അദ്ദേഹം.
അമേരിക്കൻ ദിനപ്പത്രമായ വാൾസ്ട്രീറ്റ് ജേണലിന്റെ ആദ്യപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത് 1889 ജൂലൈ എട്ടിനായിരുന്നു. ആദ്യപ്രതിക്ക് നാലു പേജുകളാണ് ഉണ്ടായിരുന്നത്. രണ്ടു സെന്റായിരുന്നു പത്രത്തിന്റെ വില. ചാൾസ് എച്ച് ഡൗ, എഡ്വാർഡ് ജോനസ്, ചാൾസ് ബെർഗ്സ്ട്രെസർ എന്നിവർ ചേർന്നാണ് പത്രം സ്ഥാപിച്ചത്. വാൾസ്ട്രീറ്റ് ജേണൽ എന്ന പേര് ബെർഗ്സ്ട്രെസറുടെ സംഭാവനയായിരുന്നു. മുപ്പത്തിയഞ്ചിലധികം പുലിറ്റ്സർ പുരസ്കാരങ്ങൾ ജേണൽ നേടിയിട്ടുണ്ട്. 2007 ൽ ഈ പത്രം റൂപർട്ട് മർഡോക്ക് സ്വന്തമാക്കി.
1988 ജൂലൈ എട്ടിനായിരുന്നു കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി അപകടം നടന്നത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്കു വന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. ഉച്ചയ്ക്ക് 12.56 നായിരുന്നു സംഭവം. 81 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിൻ പാലത്തിലെത്തിയപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് കായലിലേക്കു മറിയുകയായിരുന്നു. 105 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇരുനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അപകടം നടന്നത് ചുഴലിക്കാറ്റ് മൂലമാണെന്ന് ഔദ്യോഗിക അന്വേഷണസംഘം അവകാശപ്പട്ടെങ്കിലും യഥാർഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും ഇന്ന് പെരുമണ്ണിലുണ്ട്.

