Wednesday, July 29, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 29

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മോഹൻ ബഗാൻ ഐ എഫ് എ ഷീൽഡ് സ്വന്തമാക്കിയത് 1911 ജൂലൈ 29 നായിരുന്നു. ബ്രിട്ടീഷ് റെജിമെന്റിനെ തോൽപിച്ച് ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് ഐ എഫ് എ ഷീൽഡ് കിരീടം നേടിയത്. ബൂട്ട് കെട്ടി കളിക്കാനിറങ്ങിയ ബ്രിട്ടീഷ് റെജിമെന്റിനെതിരെ നഗ്നപാദരായി കളത്തിലിറങ്ങിയ മോഹൻ ബഗാന്റെ പോരാളികൾ 2-1 എന്ന സ്കോറിൽ വിജയിക്കുകയായിരുന്നു. 2001 മുതൽ ഈ ദിനം മോഹൻ ബഗാൻ ഡേ എന്നപേരിൽ ആഘോഷിച്ചുവരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് ഈ വിജയത്തിനും പങ്കുണ്ടെന്ന് ചരിത്രം വിലയിരുത്തുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഐ എഫ് എ ഷീൽഡ് വിജയവും മോഹൻ ബഗാൻ തന്നെയായിരുന്നു.

1958 ജൂലൈ 29 നാണ് നാസ എന്ന ബഹിരാകാശ ഗവേഷണസ്ഥാപനം നിലവിൽ വരുന്നതിനു കാരണമായ നാഷണൽ ഏയ്റനോട്ടിക് സ്പേസ് ആക്ട് നിലവിൽ വന്നത്. ജൂലൈ 16 ന് അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ ബില്ലിൽ ജൂലൈ 29 ന് പ്രസിഡന്റ് ഐസനോവർ ഒപ്പിട്ടതോടെ അത് നിയമമായി മാറിയത്. ഈ നിയമത്തിലൂടെ നാസ എന്നറിയപ്പെടുന്ന നാഷണൽ ഏയ്റനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ചതിനു പിന്നിൽ എട്ടു ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അന്തരീക്ഷത്തെയും ബഹിരാകാശത്തെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കുക, ബഹിരാകാശ വാഹനങ്ങളുടെ ഉപയോഗം, പ്രവർത്തനം, വേഗത, സുരക്ഷ, ക്ഷമത തുടങ്ങിയവ വർധിപ്പിക്കുക, ഉപകരണങ്ങളെയും മനുഷ്യരെയും ബഹിരാകാശത്ത് എത്തിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമിക്കുക തുടങ്ങിയവയായിരുന്നു അവയിൽ ചിലത്.

1981 ജൂലൈ 29 നാണ് ലോകം ഉറ്റുനോക്കിയ രാജകീയ വിവാഹങ്ങളിലൊന്നു നടന്നത്. ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള വിവാഹമായിരുന്നു അത്. സെന്റ് പോൾസ് കത്തീഡ്രലിൽ 11 മണിക്കായിരുന്നു വിവാഹം. ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചടങ്ങെന്ന നിലയിലും ഈ വിവാഹം പ്രശസ്തമാണ്. 74 രാജ്യങ്ങളിൽ നിന്നുള്ള 750 മില്യൺ ആളുകളാണ് ഈ വിവാഹം തത്സമയം കണ്ടത്. ബ്രിട്ടനിൽ മാത്രം ബിബിസി യിലും ഐ ടിവിയിലുമായി 28.4 മില്യൺ ആളുകൾ ചടങ്ങുകൾ കണ്ടു. പൊതു അവധി പ്രഖ്യാപിച്ചിരുന്ന അന്ന് ആറുലക്ഷത്തോളം ആളുകളാണ് വിവാഹത്തിന് ദൃക്സാക്ഷികളാകാൻ ലണ്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News